image

26 Sept 2022 10:03 AM IST

Gold

ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് കൂടി, ആമാടപ്പെട്ടിയിലെ ആഭരണങ്ങളുടെ മാറ്റ് അറിയാം

MyFin Bureau

ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് കൂടി, ആമാടപ്പെട്ടിയിലെ ആഭരണങ്ങളുടെ മാറ്റ് അറിയാം
X

Summary

  നിങ്ങളുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് മുദ്ര ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനി ഈ മുദ്ര പതിപ്പിക്കണമെങ്കില്‍ ചെലവ് കൂടും. ആഭരണമൊന്നിന് 35 രൂപയായിരുന്നു സ്വര്‍ണത്തിന്റെ പരിശുദ്ധി നിര്‍ണയിക്കുന്നതിന് ചാര്‍ജ് ചെയ്തിരുന്നതെങ്കില്‍ അത് 45 രൂപയാക്കി ഉയര്‍ത്തി. ഇതോടൊപ്പം വെള്ളി ആഭരണങ്ങളുടെയും ഹാള്‍മാര്‍ക്കിംഗ് തുക കൂട്ടിയിട്ടുണ്ട്. ആഭരണമൊന്നിന് 25 രൂപ എന്നത് 35 ആക്കിയിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആഭരണത്തിന്റെ തൂക്കമനുസരിച്ചല്ല മാറ്റ് പരിശോധനയക്ക് തുക നിശ്ചയിച്ചിരിക്കുന്നത് എന്നതാണ്. എണ്ണമാണ്  കാര്യം. മേല്‍പ്പറഞ്ഞ തുകയ്ക്ക് പുറമെ ജിഎസ്ടിയും […]


നിങ്ങളുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് മുദ്ര ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനി ഈ മുദ്ര പതിപ്പിക്കണമെങ്കില്‍ ചെലവ് കൂടും. ആഭരണമൊന്നിന് 35 രൂപയായിരുന്നു സ്വര്‍ണത്തിന്റെ പരിശുദ്ധി നിര്‍ണയിക്കുന്നതിന് ചാര്‍ജ് ചെയ്തിരുന്നതെങ്കില്‍ അത് 45 രൂപയാക്കി ഉയര്‍ത്തി. ഇതോടൊപ്പം വെള്ളി ആഭരണങ്ങളുടെയും ഹാള്‍മാര്‍ക്കിംഗ് തുക കൂട്ടിയിട്ടുണ്ട്. ആഭരണമൊന്നിന് 25 രൂപ എന്നത് 35 ആക്കിയിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആഭരണത്തിന്റെ തൂക്കമനുസരിച്ചല്ല മാറ്റ് പരിശോധനയക്ക് തുക നിശ്ചയിച്ചിരിക്കുന്നത് എന്നതാണ്. എണ്ണമാണ് കാര്യം. മേല്‍പ്പറഞ്ഞ തുകയ്ക്ക് പുറമെ ജിഎസ്ടിയും നല്‍കണം.

ഹാള്‍മാര്‍ക്കിംഗ്

സ്വര്‍ണക്കടകളില്‍ നിന്ന് നമ്മള്‍ വാങ്ങുന്ന ആഭരണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനായി കൊണ്ടുവന്ന സംവിധാനമാണ് ഹാള്‍മാര്‍ക്കിംഗ്. മുമ്പ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ പരിശുദ്ധി ഉറപ്പാക്കാനുളള മാര്‍ഗം ഉപഭോക്താവിന് ഇല്ലാതിരുന്നു, അല്ലെങ്കില്‍ പരിമിതമയിരുന്നു. ഇത്തരം സാഹചര്യത്തില്‍ ജ്വല്ലറികള്‍ പറയുന്നത് വിശ്വസിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഇതിന് പരിഹാരമായിട്ടാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാര്‍ഡേര്‍ഡ്സ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. 2021 ജൂണ്‍ മുതലാണ് ജ്വല്ലറികളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. ഇതനുസരിച്ച് ജൂണ്‍ 16 ന് ശേഷം ഈ മുദ്ര ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കുന്നത് കുറ്റകകരമാണ്.

മിന്നുന്നതെല്ലാം പൊന്നല്ല

സ്വര്‍ണത്തിന്റെ ഗുണനിലവാരം അഥവാ പരിശുദ്ധി അനുസരിച്ച് മൂന്ന് വിഭാഗങ്ങളാക്കി തിരച്ചാണ് ബി ഐ എസ് ആഭരണങ്ങള്‍ക്ക് ഈ മുദ്ര നല്‍കുന്നത്. 22,18,14 കാരട്ടുകളിലുള്ള സ്വര്‍ണമേ കടകളില്‍ വില്‍ക്കാവൂ. 24 കാരട്ട് ആണ് ശുദ്ധ സ്വര്‍ണം. എന്നാല്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ചെമ്പും മറ്റു ലോഹങ്ങളും ബലപ്പെടുത്താന്‍ ഉപയോഗിക്കാറുണ്ട്. ഇതിന്റെ തോതനുസരിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി കുറയും. സാധാരണ ആഭരണ നിര്‍മാണത്തിനുപയോഗിക്കുന്ന ഏറ്റവും പരിശുദ്ധ സ്വര്‍ണത്തിന്റെ മാറ്റ് 22 കാരട്ടാണ്. 18 കാരട്ടിന്റെയും 14 കാരട്ടിന്റെയും സ്വര്‍ണമുപയോഗിച്ച് നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറെയാണ്.

58 ശതമാനം

14 കാരട്ടെന്നാല്‍ അത്തരം ആഭരണങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് 58.5 ശതമാനം മാത്രമാണ് സ്വര്‍ണമെന്നര്‍ഥം. 18 കാരട്ടില്‍ 75 ശതമാനം സ്വര്‍ണം അടങ്ങിയിരിക്കുന്നു. 91.6 ശതമാനം സ്വര്‍ണമാണ് 22 കാരട്ടിലുള്ളത്. നേരത്തെ സ്വര്‍ണണാഭരണ നിര്‍മ്മാതാക്കള്‍ പറയുന്നത് വിശ്വസിക്കാനെ തരമുണ്ടായിരുന്നുള്ളു. ഇതാണ് ഹാള്‍മാര്‍ക്കിംഗ് സംവിധാനം എത്തുന്നതോടെ മാറുന്നത്. ജ്വല്ലറികളില്‍ നിന്നും മറ്റും വാങ്ങുന്ന സ്വാര്‍ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിച്ചുറപ്പ് വരുത്തുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കാത്തത് ഈ രംഗത്ത് വലിയ തട്ടിപ്പിനും തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു.

മാറ്റ് നോക്കാം

രാസവസ്തുകള്‍ ഉപയോഗിക്കാതെയുള്ള പരിശോധനയായതിനാല്‍ ആഭരണത്തിന് ഇത് ദോഷകരമല്ല. പാരമ്പര്യമായി കിട്ടിയതും കൈവശം ഉള്ളതും നേരത്തേ വാങ്ങി സൂക്ഷിച്ചതുമായ ആഭരണങ്ങള്‍ ഉപഭോക്താവിനും തൊട്ടടുത്ത ബി ഐ എസ് കേന്ദ്രത്തില്‍ കൊണ്ടുപോയി പരിശോധന നടത്താം. നിലവില്‍ പരുശുദ്ധി ഉറപ്പാക്കുന്ന ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലാത്ത സ്വര്‍ണവും കൈവശം വയ്ക്കുന്നതില്‍ തെറ്റില്ല. പിന്നീട് ഇത് വില്‍ക്കേണ്ടി വരുമ്പോള്‍ മാറ്റ് നോക്കി ജ്വല്ലറി ഇതിന് വിലയിട്ട് നല്‍കും.