22 Sept 2022 2:13 AM
Summary
രാജ്യത്ത് ബാങ്കിംഗ് മേഖലയില്‍ പണലഭ്യത കുറയുന്നത് സ്ഥിര നിക്ഷേപത്തെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് അനുഗ്രഹമാകുന്നു. വായ്പാ ആവശ്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ലിക്വിഡിറ്റി കുറയുന്നത് അധിക പണം നല്‍കി കൂടുതല്‍ ധനസമാഹരണത്തിന് ബാങ്കുകളെ പ്രേരിപ്പിക്കും. ഫലത്തില്‍ അത് അനുഗ്രഹമാകുക സ്ഥിരനിക്ഷേപത്തെ ആശ്രയിക്കുന്നവര്‍ക്ക്,പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കായിരിക്കും. സ്‌പെഷ്യല്‍ ഡിപ്പോസിറ്റ് പല ബാങ്കുകളും ഇപ്പോള്‍ തന്നെ 6.2 ശതമാനം വരെ പലിശ നിരക്കില്‍ സ്‌പെഷ്യല്‍ ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. ബാങ്കിംഗ് സംവിധാനത്തില്‍ നിലവിലെ കമ്മി 20,000 കോടി രൂപയാണെന്നാണ് വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ […]
രാജ്യത്ത് ബാങ്കിംഗ് മേഖലയില്‍ പണലഭ്യത കുറയുന്നത് സ്ഥിര നിക്ഷേപത്തെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് അനുഗ്രഹമാകുന്നു. വായ്പാ ആവശ്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ലിക്വിഡിറ്റി കുറയുന്നത് അധിക പണം നല്‍കി കൂടുതല്‍ ധനസമാഹരണത്തിന് ബാങ്കുകളെ പ്രേരിപ്പിക്കും. ഫലത്തില്‍ അത് അനുഗ്രഹമാകുക സ്ഥിരനിക്ഷേപത്തെ ആശ്രയിക്കുന്നവര്‍ക്ക്,പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കായിരിക്കും.
സ്‌പെഷ്യല്‍ ഡിപ്പോസിറ്റ്
പല ബാങ്കുകളും ഇപ്പോള്‍ തന്നെ 6.2 ശതമാനം വരെ പലിശ നിരക്കില്‍ സ്‌പെഷ്യല്‍ ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. ബാങ്കിംഗ് സംവിധാനത്തില്‍ നിലവിലെ കമ്മി 20,000 കോടി രൂപയാണെന്നാണ് വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് കൂടാനാണ് സാധ്യത. ലിക്വിഡിറ്റിയിലെ ഈ അപര്യാപ്തത തരണം ചെയ്യാന്‍ ചൊവാഴ്ച ആര്‍ബി ഐ 21,873.43 കോടി രൂപയാണ് ബാങ്കിംഗ് സംവിധാനത്തിലേക്ക് ഒഴുക്കിയത്. ഇതാകട്ടെ കഴിഞ്ഞ 40 മാസത്തെ ഏറ്റവും കൂടിയ പമ്പിംഗ് ആണ്. അതായത് തങ്ങളുടെ കൈവശമുള്ള അധികപണം കേന്ദ്ര ബാങ്കില്‍ സൂക്ഷിക്കാറുള്ള വാണിജ്യബാങ്കുകള്‍ ഇന്ന് വലിയ തുക ചെലവ് ചെയ്ത് ആര്‍ബി ഐ യില്‍ നിന്നും കടമെടുക്കുന്നു. ബാങ്കുകള്‍ പരസ്പരം വായ്പ നല്‍കുന്ന കോള്‍മണി റേറ്റ് ചൊവ്വാഴ്ച 5.85 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കൂടിയ ചെലവിലാണ് ബാങ്കുകള്‍ നിലവിലെ ലിക്വഡിറ്റ് പ്രതിസന്ധി പരിഹരിക്കുന്നത്.
ഉയര്‍ന്ന ചെലവ്
നിലവില്‍ കോള്‍ റേറ്റ് നിലവിലുള്ള റിപ്പോ നിരക്കിനേക്കാള്‍ (5.40 ശതമാനം) കൂടുതലാണ്. കൂടുതല്‍ പണം ബാങ്കിംഗ് മേഖലയിലേക്ക് ഒഴുക്കാന്‍ റിപോയിലും ഉയര്‍ന്ന നിരക്കുള്ള ഓവര്‍നൈറ്റ് വേരിയബ്ള്‍ റേറ്റ് റിപ്പോ ലേലം നടത്തുമെന്ന് ആര്‍ബി ഐ പ്രഖ്യാപിച്ചിട്ടുണ്ട്. 50,000 കോടി രൂപയാണ് ഇതിലൂടെ ബാങ്കിംഗ് മേഖലയിലേക്ക് ഒഴുക്കുക.
വായ്പ തോതില്‍ വര്‍ധനയുണ്ടാകുന്നത് സാമ്പത്തിക രംഗത്തെ ശുഭ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ പണം കണ്ടെത്താന്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നതിനും ബാങ്കുകള്‍ മുന്‍തൂക്കം നല്‍കിയേക്കും. ഇതിന്റെ പ്രത്യഘാതം സ്റ്റോക് മാര്‍ക്കറ്റ് അടക്കം ഇതര നിക്ഷേപ മേഖലകളില്‍ ഉണ്ടായേക്കാം.