21 Sep 2022 10:30 PM GMT
Summary
കൊച്ചി: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് 75 ബേസിസ് പോയിന്റ് (0.75 ശതമാനം) ഉയര്‍ത്തി. പണപ്പെരുപ്പം ചെറുക്കാന്‍ നിരക്ക് വര്‍ധനവ് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും വിപണി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. പുതിയ വര്‍ധനവ് നിലവില്‍ വന്നതോടെ ഫെഡിന്റെ പലിശ നിരക്ക് 3.00 ശതമാനം മുതല്‍ 3.25 ശതമാനം എന്ന ശ്രേണിയിലേക്ക് ഉയര്‍ന്നു. പണപ്പെരുപ്പം ശക്തമായ സാഹചര്യത്തില്‍ ഇതിന്റെ പ്രതിരോധത്തിനായി 2023 ല്‍ പലിശ നിരക്ക് 4.60 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. 'പണപ്പെരുപ്പത്തെ […]
കൊച്ചി: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് 75 ബേസിസ് പോയിന്റ് (0.75 ശതമാനം) ഉയര്‍ത്തി. പണപ്പെരുപ്പം ചെറുക്കാന്‍ നിരക്ക് വര്‍ധനവ് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും വിപണി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.
പുതിയ വര്‍ധനവ് നിലവില്‍ വന്നതോടെ ഫെഡിന്റെ പലിശ നിരക്ക് 3.00 ശതമാനം മുതല്‍ 3.25 ശതമാനം എന്ന ശ്രേണിയിലേക്ക് ഉയര്‍ന്നു. പണപ്പെരുപ്പം ശക്തമായ സാഹചര്യത്തില്‍ ഇതിന്റെ പ്രതിരോധത്തിനായി 2023 ല്‍ പലിശ നിരക്ക് 4.60 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തല്‍.
'പണപ്പെരുപ്പത്തെ നമുക്ക് പിന്നിലാക്കേണ്ടതുണ്ട്. അതിനായി ആരെയും വേദനിപ്പിക്കാത്ത ഒരു മാര്‍ഗ്ഗം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' നിരക്ക് വര്‍ധന പ്രഖ്യാപനത്തില്‍ ഫെഡ് ചെയര്‍മാന്‍ ജെറമി പവല്‍ വ്യക്തമാക്കി. 'ഉയര്‍ന്ന പലിശനിരക്ക്, മന്ദഗതിയിലുള്ള വളര്‍ച്ച, തൊഴില്‍ വിപണിയിലെ ഇടിവ് എന്നിവയെല്ലാം പൊതുജനങ്ങള്‍ക്ക് വേദനാജനകമാണ്. എന്നാല്‍ വില സ്ഥിരത പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെടുന്നതും തിരികെ തെരുവിലേയ്ക്ക് ഇറങ്ങുന്നതും പോലെ അത്ര വേദനാജനകമല്ല," അദ്ദേഹം പറഞ്ഞു.
എസ് ആന്റ് പി 500 സ്റ്റോക്ക് സൂചിക കഴിഞ്ഞ സെഷന്‍ ഏറ്റവും താഴ്ന്ന നിലയിലാണ് അവസാനിച്ചത്. ജനുവരിയിലെ റെക്കോര്‍ഡില്‍ നിന്ന് അതിന്റെ വീഴ്ച 20 ശതമാനത്തിലേറെയായി. ഫെഡിന്റെ പ്രഖ്യാപനത്തിന് ശേഷം ദിശ കണ്ടെത്താന്‍ വിപണികള്‍ പാടുപ്പെടുകയായിരുന്നു. രണ്ട് വര്‍ഷത്തെ ട്രഷറി നോട്ടിലെ യീല്‍ഡ് 4 ശതമാനമായി ഉയര്‍ന്നു. 2007 ന് ശേഷം ആദ്യമായാണ് ഈ മുന്നേറ്റം. ഡോളര്‍ നിലയിലും കുതിച്ചു കയറ്റമുണ്ടായി. ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനത്തോളം ഇടിവുണ്ടായി.
ഈ വര്‍ഷാവസാനത്തോടെ നിരക്കുകള്‍ 4.4 ശതമാനത്തിലും 2023ല്‍ 4.6 ശതമാനത്തിലും എത്തുമെന്നാണ് അധികൃതര്‍ പ്രവചിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിലും വലിയ ഒരു വര്‍ധനവാണ് ഇത്. മാത്രമല്ല നവംബറില്‍ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് തുടര്‍ച്ചയായ നാലാമത്തെ വര്‍ധനവിന് വിപണി കരുതിയിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ മുന്നോട്ട് വിലയിരുത്തുമ്പോള്‍ 2024 ല്‍ പലിശ നിരക്ക് 3.9 ശതമാനമായും 2025 ല്‍ 2.9 ശതമാനമായും കുറയുന്നതായി അവരുടെ പ്രവചനങ്ങള്‍ കാണിക്കുന്നു.
ഇടിവോടെ ഇന്ത്യന്‍ വിപണി
ഫെഡിന്റെ നിരക്ക് വര്‍ധനയില്‍ ആഗോള വിപണികളെല്ലാം കൂപ്പുകുത്തിക്കഴിഞ്ഞു. ഇന്ന്് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.47ല്‍ എത്തിയിരുന്നു.
ഏഷ്യന്‍ വിപണികള്‍
ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധന പ്രഖ്യാപനവും, വര്‍ധന ഇനിയും തുടരുമെന്ന് പ്രസ്താവനയും, യുഎസ്-ചൈന പിരിമുറുക്കങ്ങള്‍ വര്‍ധിക്കുന്നതും സംബന്ധിച്ച ആശങ്കകള്‍ കാരണം ഹോങ്കോംഗ് ഓഹരികള്‍ 2012 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഹാംഗ് സെംഗ് സൂചിക 2 ശതമാനം വരെ ഇടിഞ്ഞു. സൗത്ത് കൊറിയയുടെ കോസ്പി 0.52 ശതമാനവും ജപ്പാനിലെ നിക്കി 0.48 ശതമാനവും ഇടിവു രേഖപ്പെടുത്തി. ഷാങ്ഹായ് കോമ്പസിറ്റ് സൂചിക 0.36 ശതമാനമാണ് നഷ്ടം നേരിട്ടത്.