image

19 Sep 2022 7:06 AM GMT

Insurance

ഇന്‍ഷുറന്‍സ് മേഖലയില്‍ ഏറ്റെടുക്കലുകള്‍ വര്‍ധിക്കും: വിദഗ്ധര്‍

MyFin Desk

ഇന്‍ഷുറന്‍സ് മേഖലയില്‍ ഏറ്റെടുക്കലുകള്‍ വര്‍ധിക്കും: വിദഗ്ധര്‍
X

Summary

ഡെല്‍ഹി: എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സും എച്ച്ഡിഎഫ്‌സി ലൈഫും ലയിക്കുന്നതിന് മുംബൈ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) അനുമതി ലഭിച്ചതിന് പിന്നാലെ ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ ലയനത്തിനും ഏറ്റെടുക്കലിനും സാധ്യത തെളിയുന്നു. മാത്രമല്ല ഇന്‍ഷുറന്‍സില്‍ ആവശ്യത്തിന് പരിചയവും വൈദഗ്ധ്യവും ഇല്ലാത്ത കമ്പനികളെ ആരും ഏറ്റെടുക്കാനില്ലെങ്കില്‍ ഇവയ്ക്ക് കളമൊഴിയേണ്ടി വരുമെന്ന സൂചനയുണ്ടെന്നും വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റെടുക്കലുകളുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുന്നതിന്, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ മേഖലയിലുള്ളതുമായ ഇന്‍ഷുറന്‍സ് […]


ഡെല്‍ഹി: എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സും എച്ച്ഡിഎഫ്‌സി ലൈഫും ലയിക്കുന്നതിന് മുംബൈ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) അനുമതി ലഭിച്ചതിന് പിന്നാലെ ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ ലയനത്തിനും ഏറ്റെടുക്കലിനും സാധ്യത തെളിയുന്നു. മാത്രമല്ല ഇന്‍ഷുറന്‍സില്‍ ആവശ്യത്തിന് പരിചയവും വൈദഗ്ധ്യവും ഇല്ലാത്ത കമ്പനികളെ ആരും ഏറ്റെടുക്കാനില്ലെങ്കില്‍ ഇവയ്ക്ക് കളമൊഴിയേണ്ടി വരുമെന്ന സൂചനയുണ്ടെന്നും വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റെടുക്കലുകളുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുന്നതിന്, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ മേഖലയിലുള്ളതുമായ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുന്ന കണ്‍സള്‍ട്ടന്റുമാരെ തിരയുകയാണ്. ഈ മേഖലയില്‍ വന്‍ വികസനത്തിന് സാധ്യതയുണ്ടെന്നും ഇന്‍ഷുറന്‍സ് വ്യവസായത്തിലേക്ക് പുതിയ കമ്പനികള്‍ കടന്നുവരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിലവില്‍ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 31 നോണ്‍-ലൈഫ് അല്ലെങ്കില്‍ ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും രാജ്യത്തുണ്ട്. അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇസിജിസി ലിമിറ്റഡ് തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് കമ്പനികളും ഇതിലുള്‍പ്പെടുന്നു.
സമീപകാലത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ നിരവധി ഏറ്റെടുലുക്കലുകളാണ് നടന്നത്. ഭാരതി എഎക്‌സ്എ ജനറല്‍ ഇന്‍ഷുറന്‍സും ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സുമായുള്ള ലയനം 2021 സെപ്റ്റംബറില്‍ പൂര്‍ത്തിയായി. എച്ച്ഡിഎഫ്‌സി എര്‍ഗോ 2020ല്‍ അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുത്തിരുന്നു. 2016ല്‍ എല്‍ ആന്‍ഡ് ടി ജനറല്‍ ഇന്‍ഷുറന്‍സില്‍ എല്‍ ആന്‍ഡ് ടിയില്‍ നിന്ന് എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കി.
ഇന്ത്യയിലെ ഇന്‍ഷുറന്‍സ് വ്യാപനം 2019-20ലെ 3.76 ശതമാനത്തില്‍ നിന്ന് 2020-21ല്‍ 4.20 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.
കൂടാതെ, പാര്‍ലമെന്റ് ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ഭേദഗതി ബില്‍ (2021) പാസാക്കിയത് മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുകയും ചെയ്തു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ഇന്‍ഷുറന്‍സ് വിപണിയായി ഇന്ത്യ മാറാന്‍ സാധ്യതയുണ്ടെന്ന പഠന റിപ്പോര്‍ട്ട് അടുത്തിടെ വന്നതും മേഖലയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.