4 Sep 2022 11:50 PM GMT
Summary
ഡെല്‍ഹി: ചൈനീസ് നിര്‍മ്മിത വായ്പാ ആപ്പുകള്‍ക്ക് കുരുക്ക് മുറുക്കി കേന്ദ്രം. സ്മാര്‍ട്ട് ഫോണ്‍ അധിഷ്ഠിത വായ്പകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി റേസര്‍പേ, പേടിഎം, കാഷ്ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ബംഗളൂരുവില്‍ ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രസ്തുത സ്ഥാപനങ്ങള്‍ വിവിധ മര്‍ച്ചന്റ് ഐഡികളും, ബാങ്ക് അക്കൗണ്ടുകളും വഴി സംശയാസ്പദമായ അഥവാ നിയമവിരുദ്ധമായ 17 കോടി രൂപയുടെ ഫണ്ട് റെയ്ഡുകളില്‍ പിടിച്ചെടുത്തതായി അന്വേഷണ ഏജന്‍സി അറിയിച്ചു. ഇതിലൂടെ ഇന്ത്യക്കാരുടെ വ്യാജ […]
ഡെല്‍ഹി: ചൈനീസ് നിര്‍മ്മിത വായ്പാ ആപ്പുകള്‍ക്ക് കുരുക്ക് മുറുക്കി കേന്ദ്രം. സ്മാര്‍ട്ട് ഫോണ്‍ അധിഷ്ഠിത വായ്പകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി റേസര്‍പേ, പേടിഎം, കാഷ്ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ബംഗളൂരുവില്‍ ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
പ്രസ്തുത സ്ഥാപനങ്ങള്‍ വിവിധ മര്‍ച്ചന്റ് ഐഡികളും, ബാങ്ക് അക്കൗണ്ടുകളും വഴി സംശയാസ്പദമായ അഥവാ നിയമവിരുദ്ധമായ 17 കോടി രൂപയുടെ ഫണ്ട് റെയ്ഡുകളില്‍ പിടിച്ചെടുത്തതായി അന്വേഷണ ഏജന്‍സി അറിയിച്ചു. ഇതിലൂടെ ഇന്ത്യക്കാരുടെ വ്യാജ രേഖകകള്‍ ഉപയോഗിച്ച് തിരിമറികള്‍ നടത്തുകയും, അധിക ബാധ്യതകള്‍ മൂലം പുതു തലമുറയെ കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നതാണ് പല സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന രീതിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
അന്വേഷണത്തിന്‍ കീഴിലുള്ള സ്ഥാപനങ്ങള്‍ വിവിധ മര്‍ച്ചന്റ് ഐഡികള്‍/പേയ്മെന്റ് ഗേറ്റ്വേകള്‍/ബാങ്കുകള്‍ എന്നിവയിലൂടെയുള്ള കുറ്റകൃത്യങ്ങളുടെ വരുമാനം സൃഷ്ടിക്കുന്നു. കൂടാതെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതില്‍ നല്‍കിയിരിക്കുന്ന വിലാസങ്ങളില്‍ അവ പ്രവര്‍ത്തിക്കുന്നില്ല. അവയ്ക്ക് വ്യാജ വിലാസങ്ങളുണ്ടെന്നും ഇഡി വ്യക്തമാക്കി.
മൊബൈല്‍ വഴി ചെറിയ തുക വായ്പ നല്‍കികൊണ്ട് പൊതുജനങ്ങളെ തട്ടിപ്പിനിരയാക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്കും വ്യക്തികല്‍ക്കുമെതിരെ ബെംഗളൂരു പോലീസ് സൈബര്‍ ക്രൈം സ്റ്റേഷന്‍ സമര്‍പ്പിച്ച 18 എഫ്ഐആറുകള്‍ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസെന്ന് ഇഡി പറഞ്ഞു.