14 Aug 2022 11:09 PM
Summary
സാമ്പത്തികമായ സ്വാതന്ത്യം എന്നത് ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ എത്ര വരുമാനമുണ്ടെങ്കിലും വര്‍ധിച്ച് വരുന്ന ആവശ്യങ്ങളുടെ അടിമത്തത്തില്‍ നിന്ന് പൂര്‍ണ മോചനം എളുപ്പമല്ല. പലപ്പോഴും നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വിലങ്ങു തടയാകുന്നത് സാമ്പത്തിക ആസൂത്രണം ഇല്ലായ്മയാണ്. അവശ്യസ്തുക്കളുടെ വിലക്കയറ്റം ഉള്‍പ്പടെ ഇപ്പോള്‍ നാം നേരിടുന്ന പല പ്രശ്നങ്ങളും നമ്മുടെ കീശ നന്നായി ചോര്‍ത്തുന്നുണ്ട്. ആഗോളതലത്തില്‍ പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ വരും ദിവസങ്ങളിലെങ്കിലും സാമ്പത്തിക ചിട്ട നിര്‍ബന്ധമാക്കേണ്ടതുണ്ട്. ഒരു ദിവസം കൊണ്ട് നടത്തേണ്ട ഒന്നല്ല സാമ്പത്തിക […]
സാമ്പത്തികമായ സ്വാതന്ത്യം എന്നത് ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ എത്ര വരുമാനമുണ്ടെങ്കിലും വര്‍ധിച്ച് വരുന്ന ആവശ്യങ്ങളുടെ അടിമത്തത്തില്‍ നിന്ന് പൂര്‍ണ മോചനം എളുപ്പമല്ല. പലപ്പോഴും നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വിലങ്ങു തടയാകുന്നത് സാമ്പത്തിക ആസൂത്രണം ഇല്ലായ്മയാണ്. അവശ്യസ്തുക്കളുടെ വിലക്കയറ്റം ഉള്‍പ്പടെ ഇപ്പോള്‍ നാം നേരിടുന്ന പല പ്രശ്നങ്ങളും നമ്മുടെ കീശ നന്നായി ചോര്‍ത്തുന്നുണ്ട്. ആഗോളതലത്തില്‍ പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ വരും ദിവസങ്ങളിലെങ്കിലും സാമ്പത്തിക ചിട്ട നിര്‍ബന്ധമാക്കേണ്ടതുണ്ട്. ഒരു ദിവസം കൊണ്ട് നടത്തേണ്ട ഒന്നല്ല സാമ്പത്തിക ആസൂത്രണം. അത് നിരന്തരമായ പ്രക്രിയയാണെന്നും ഓര്‍ക്കുക.
നിശ്ചിത വിഹിതം നിക്ഷേപിക്കാം
നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം എങ്ങനെ ചെലവാക്കണം എന്നതിനെ പറ്റി കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ മികച്ച വരുമാനം ഉണ്ടെങ്കില്‍ പോലും കടബാധ്യത ഉണ്ടായേക്കാം. പ്രതിമാസം കിട്ടുന്ന പണം മുഴുവനും പലിശയടയ്ക്കുന്നതിനായി മാറ്റിവെക്കേണ്ടി വരുന്നത് ഒന്നു ചിന്തിച്ചു നോക്കൂ. ഈ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ സാമ്പത്തിക ആസൂത്രണം ശീലമാക്കാം. വരുമാനത്തിന്റെ 20- 30 ശതമാനമെങ്കിലും നിക്ഷേപത്തിനായി മാറ്റി വെക്കാന്‍ ശ്രമിക്കണം.
ആഗ്രഹങ്ങളും ആവശ്യങ്ങളും തിരിച്ചയറിയുക
സാമ്പത്തികമായ പദ്ധതികളൊക്കെ വസ്തുതകള്‍ അടിസ്ഥാനപ്പെടുത്തിയാണ് നടത്തേണ്ടത്. അതായത് എത്രയാണ് നിലവില്‍ ലഭിക്കുന്ന ശമ്പളം, എത്രയാണ് ചെലവ്, ബാക്കി എത്രയാണ് നിക്ഷേപത്തിനായി മാറ്റിവെക്കാന്‍ പറ്റുക എന്നതൊക്കെ കണക്ക് കൂട്ടി വേണം ഒരു സാമ്പത്തിക പദ്ധതി സൃഷ്ടിക്കേണ്ടത്. ആഗ്രഹങ്ങളും ആവശ്യങ്ങളും തമ്മില്‍ തിരിച്ചറിഞ്ഞ് മുന്‍ഗണ നല്‍കേണ്ട കാര്യങ്ങള്‍ക്ക് മാത്രം പണം ചെലവഴിക്കാം.
കണ്ടറിഞ്ഞ് വേണം നിക്ഷേപം
ഉദാഹരണത്തിന് നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി 20 വര്‍ഷം കഴിയുമ്പോള്‍ ഒരു നിശ്ചിത തുക ലഭിക്കണം എന്ന് ഉദ്ദേശിച്ച് ഒരു നിക്ഷേപ പദ്ധതി നിങ്ങള്‍ ആവിഷ്‌കരിക്കുന്നു. പതിനായിരം രൂപ മാസം ഇതിനായി മാറ്റിവയ്ക്കാന്‍ പദ്ധതിയിടുന്നു. ഇതിനിടയിലാണ് വാഹനം സ്വന്തമാക്കണം എന്ന ആഗ്രഹം ഉദിക്കുന്നത്. ഇതിനായി തന്നെ കുറഞ്ഞത് 10,000 രൂപ വീതം എട്ട് വര്‍ഷത്തേക്ക് തവണകളായി അടയ്ക്കേണ്ടി വരാം. വിദ്യാഭ്യാസ ആവശ്യത്തിനായി ഈ കാലയളവ് കഴിഞ്ഞ് നിക്ഷേപം നടത്താം എന്ന് കരുതുന്നത് അത്ര പ്രായോഗികം ആവണം എന്നില്ല. മൂല്യശോഷണം സംഭവിക്കുന്ന ആസ്തികളില്‍, വരുമാനം പരിമിതമാണെങ്കില്‍ നിക്ഷേപം നടത്താതിരിക്കുന്നതാണ് നല്ലത്.
അളന്ന് കളയണം
ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം എന്ന ചൊല്ല് എല്ലാ സാമ്പത്തിക പ്രവര്‍ത്തനത്തിന് മുമ്പും ഓര്‍ക്കാം. പ്രതിമാസ വീട്ടു ബഡ്ജറ്റ് തയ്യാറാക്കുന്നത് എപ്പോഴും നല്ലതായിരിക്കും. കാരണം വരവും ചെലവും എങ്ങനെയാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഈ ബഡ്ജറ്റ് നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവാണെങ്കില്‍ കൃത്യസമയത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട വായ്പ അടച്ചു തീര്‍ക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരത്തിലുള്ള വായ്പകള്‍ക്ക് പണമടയ്ക്കാന്‍ വരുമാനം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇവ ഉപയോഗിക്കാവൂ.
പഠനം വേണം
നിക്ഷേപങ്ങള്‍ എപ്പോഴും നല്ലതാണ്. ബാങ്ക് സ്ഥിരനിക്ഷേപം മുതൽ ഓഹരി നിക്ഷേപങ്ങള്‍ വരെ വരെ നിങ്ങള്‍ക്ക് നേട്ടം തരും. കാലത്തിനൊത്ത് ഇവയില്‍ പല മാറ്റങ്ങളും വരുന്നതിനാല്‍ കൃത്യമായി പഠിച്ചും വിദഗ്ധരുടെ നിര്‍ദേശം തേടിയും വേണം ഇതിലേക്ക് ഇറങ്ങാന്‍.
ഓഡിറ്റിംഗ്
അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. എപ്പോഴും പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലം, തുടര്‍ച്ചയായി സിനിമ കാണുന്ന ശീലം തുടങ്ങി പണം അമിതമായി എവിടെ ചെലവാക്കുന്നു എന്ന് കണ്ടെത്തി ഇവയൊക്കെ ഒരു പരിധിവരെ ഒഴിവാക്കാന്‍ ശ്രമിക്കാം.
നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എപ്പോഴും പരിശോധിക്കുക. അത് മികച്ച നിലയിലാണെന്നും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ പറ്റുന്ന സാഹചര്യങ്ങള്‍ ഏതാണെന്നും മനസ്സിലാക്കി മുന്നോട്ടുപോവുക. സ്‌കോറില്‍ കുറവ് വന്നാല്‍ വായ്പാ ലഭ്യതയെ ഉള്‍പ്പടെ ബാധിക്കുമെന്ന കാര്യം മറക്കേണ്ട.