13 Aug 2022 7:53 AM GMT
Summary
തുടർച്ചയായ നാലാം ആഴ്ചയിലും, വിദേശ നിക്ഷേപരുടെ ഓഹരി വാങ്ങൽ വർധിച്ചതിനാൽ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. ഇതോടെ നിഫ്റ്റിയും സെൻസെക്‌സും ഈ വർഷം ഇതുവരെയുണ്ടായ നഷ്ടങ്ങളെ മറികടക്കുകയും, അന്തിമമായി നേരിയ ഉയർച്ച രേഖപ്പെടുത്തുകയും ചെയ്തു. ആഗോള ഉത്പ്പന്ന വിലകളിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയതിനാൽ പണപ്പെരുപ്പം അതിന്റെ മൂർദ്ധന്യാവസ്ഥ പിന്നിട്ടു കഴിഞ്ഞെന്നും അതിനാൽ കേന്ദ്ര ബാങ്കുകൾ കടുത്ത നിരക്കു വർധനയിലേക്കു പോകില്ലെന്നുമുള്ള ശുഭാപ്തി വിശ്വാസം വിപണികളിൽ നിലനിന്നിരുന്നു. ഇത് വളരുന്ന വിപണികളിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ തിരിച്ചു വരവിനു കാരണമായിട്ടുണ്ട്. ഇന്ത്യയും […]
തുടർച്ചയായ നാലാം ആഴ്ചയിലും, വിദേശ നിക്ഷേപരുടെ ഓഹരി വാങ്ങൽ വർധിച്ചതിനാൽ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. ഇതോടെ നിഫ്റ്റിയും സെൻസെക്‌സും ഈ വർഷം ഇതുവരെയുണ്ടായ നഷ്ടങ്ങളെ മറികടക്കുകയും, അന്തിമമായി നേരിയ ഉയർച്ച രേഖപ്പെടുത്തുകയും ചെയ്തു.
ആഗോള ഉത്പ്പന്ന വിലകളിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയതിനാൽ പണപ്പെരുപ്പം അതിന്റെ മൂർദ്ധന്യാവസ്ഥ പിന്നിട്ടു കഴിഞ്ഞെന്നും അതിനാൽ കേന്ദ്ര ബാങ്കുകൾ കടുത്ത നിരക്കു വർധനയിലേക്കു പോകില്ലെന്നുമുള്ള ശുഭാപ്തി വിശ്വാസം വിപണികളിൽ നിലനിന്നിരുന്നു. ഇത് വളരുന്ന വിപണികളിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ തിരിച്ചു വരവിനു കാരണമായിട്ടുണ്ട്. ഇന്ത്യയും ഈ നീക്കത്തിന്റെ ഗുണഭോക്താവാണ്. ഇതു മൂലം രൂപയുടെ മൂല്യത്തകർച്ച ഒരു പരിധി വരെ തടയാൻ കഴിഞ്ഞു.
സെൻസെക്സ് കഴിഞ്ഞ ആഴ്ച്ചയിൽ 1.84 ശതമാനം നേട്ടത്തിൽ 59,462.78 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 1.73 ശതമാനം ഉയർന്ന് 17,698.15 ലാണ് ക്ലോസ് ചെയ്തത്. 2022 ൽ ഇതു വരെ സെൻസെക്‌സും നിഫ്റ്റിയും യഥാക്രമം 2.08 ശതമാനവും, 1.98 ശതമാനവും വർധിച്ച് ആഗോള തലത്തിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. ജൂൺ 2022 ൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു വീണ വിപണി അവിടെ നിന്നും 16-17 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച യുഎസ് പുറത്തു വിട്ട കണക്കുകൾ പ്രകാരം, ഉപഭോക്തൃ പണപ്പെരുപ്പത്തിന്റെ വേഗത ജൂണിൽ ഉണ്ടായിരുന്ന 9.1 ശതമാനത്തിൽ നിന്നും ജൂലൈയിൽ 8.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഈ കണക്കുകൾ യുഎസ് ഡോളർ ഇടിയുന്നതിനു കാരണമായി. പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് പണപ്പെരുപ്പ കണക്കുകൾ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുത്തനെ വർധിപ്പിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കിയതിനാൽ ഏഷ്യൻ കറൻസികൾ നേട്ടമുണ്ടാക്കി. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ഡോളർ ദുർബലമാവുന്നത് ഏഷ്യൻ കേന്ദ്ര ബാങ്കുകളുടെ മേൽ നിരക്കുയർത്താനുള്ള സമ്മർദ്ദം കുറയ്ക്കും. ഒപ്പം, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ മാന്ദ്യ ഭീതി നിലനിൽക്കുമ്പോഴും
ആഭ്യന്തര സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതിന് അവർക്കു സാധിക്കും.
കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ 12,300 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് നടത്തിയത്. ഓഗസ്റ്റ് വരെ 22,500 കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് അവർ വാങ്ങിയിട്ടുള്ളത്.
മെറ്റൽ, ബാങ്ക്സ്, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഓഹരികളാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഐടി, എഫ്എംസിജി, ഹെൽത്ത് കെയർ മേഖലകളിലെ ഓഹരികൾ ഉയർന്ന നിലയിലുള്ള ലാഭമെടുപ്പിനു വിധേയമായി. നിഫ്റ്റിയുടെ മെറ്റൽ ഇൻഡക്സ് 4.60 ശതമാനം ഉയർന്നപ്പോൾ, സ്വകാര്യ ബാങ്കുകളുടെയും, ഓയിൽ ആൻഡ് ഗ്യാസിന്റെയും സൂചികകൾ യഥാക്രമം 3.58 ശതമാനവും, 2.51 ശതമാനവും ഉയർന്നു.
സെൻസെക്സിൽ, ടാറ്റ സ്റ്റീൽ 4.94 ശതമാനവും, ബജാജ് ഫിൻസേർവ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 4 ശതമാനവും വർധിച്ചിരുന്നു.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, ഇന്ത്യൻ കമ്പനികളുടെ മികച്ച ജൂൺ പാദ ഫലങ്ങളും, ഭാവി വളർച്ചയ്ക്കു സഹായകരമായ കമ്പനി മാനേജ്‌മെന്റുകളുടെ തീരുമാനങ്ങളും വിപണി മുന്നേറ്റത്തിന് സഹായിച്ചു.