image

6 Aug 2022 10:01 AM GMT

Stock Market Updates

വിദേശ നിക്ഷേപ വരവ് വിപണിയെ മൂന്നാം ആഴ്ചയും തുണച്ചു

Bijith R

വിദേശ നിക്ഷേപ വരവ് വിപണിയെ മൂന്നാം ആഴ്ചയും തുണച്ചു
X

Summary

ഓഹരി വിപണി തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും മുന്നേറി. ശുഭകരമായ സാമ്പത്തിക കണക്കുകളും, കോർപറേറ്റ് ഫലങ്ങളും മെച്ചപ്പെട്ട ആഭ്യന്തര സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സൂചനകൾ നൽകിയത് ഈ മുന്നേറ്റത്തിന് സഹായിച്ചു. ഇവ വിപണിയെ നേട്ടത്തിൽ നിലനിർത്താനും, ആഭ്യന്തര-വിദേശ നിക്ഷേപകർ ഓഹരികളിൽ പുതിയ വാങ്ങലുകൾ നടത്തുന്നതിന് കാരണമാകുകയും ചെയ്തു. കഴിഞ്ഞ വാരത്തിൽ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ ആഭ്യന്തര നിക്ഷേപം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കു പ്രകാരം, വിദേശ നിക്ഷേപകർ ഓഗസ്റ്റിൽ ഇന്നു വരെ 14,175 കോടി രൂപയുടെ […]


ഓഹരി വിപണി തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും മുന്നേറി. ശുഭകരമായ സാമ്പത്തിക കണക്കുകളും, കോർപറേറ്റ് ഫലങ്ങളും മെച്ചപ്പെട്ട ആഭ്യന്തര സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സൂചനകൾ നൽകിയത് ഈ മുന്നേറ്റത്തിന് സഹായിച്ചു. ഇവ വിപണിയെ നേട്ടത്തിൽ നിലനിർത്താനും, ആഭ്യന്തര-വിദേശ നിക്ഷേപകർ ഓഹരികളിൽ പുതിയ വാങ്ങലുകൾ നടത്തുന്നതിന് കാരണമാകുകയും ചെയ്തു.

കഴിഞ്ഞ വാരത്തിൽ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ ആഭ്യന്തര നിക്ഷേപം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കു പ്രകാരം, വിദേശ നിക്ഷേപകർ ഓഗസ്റ്റിൽ ഇന്നു വരെ 14,175 കോടി രൂപയുടെ ഓഹരികൾ അധികമായി വാങ്ങിയിട്ടുണ്ട്. ജൂലൈ മാസത്തിൽ 4,989 കോടി രൂപയുടെ ഓഹരികൾ അധികമായി വാങ്ങിയിരുന്നു.

സെൻസെക്സ് കഴിഞ്ഞ വാരത്തിൽ 1.42 ശതമാനം നേട്ടത്തിൽ 58,387.93 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 1.39 ശതമാനം നേട്ടത്തിൽ 17,397.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവും വിപണിയിൽ നിക്ഷേപകർക്ക് അനുകൂലമായി. ഉയർന്ന പലിശ നിരക്കും, മാന്ദ്യ ഭീതിയും നിക്ഷേപകരെ ബാധിച്ചതിനാൽ യുഎസ് ക്രൂഡിന്റെ ഫ്യൂച്ചേഴ്സ്, ബാരലിന് 90 ഡോളറിന് താഴെപ്പോയി. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചത്തിനു ശേഷം ആദ്യമായാണ് ഇത്രയും വില ഇടിയുന്നത്.

ആഗോള കമ്മോഡിറ്റി വിലകൾ കുറയുന്നതിനാലും, സാമ്പത്തിക വളർച്ച മന്ദഗതിയിലാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാലും യുഎസ് ഫെഡറൽ റിസർവ് പണനയം അധികം കർശനമാക്കില്ല എന്ന പ്രതീക്ഷയിലാണ് ആഗോള നിക്ഷേപകർ.

ആഭ്യന്തര വിപണിയിൽ, ഓട്ടോമൊബൈൽ മേഖലയിൽ പ്രതിമാസ വില്പനക്കണക്കുകൾ പുറത്തു വന്നിരുന്നു. ജൂലൈ മാസത്തിൽ വളരെ മികച്ച മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. നാലു ചക്ര, വാണിജ്യ വാഹനങ്ങളാണ് ഈ വളർച്ചയെ പ്രധാനമായും നയിച്ചത്. സാമ്പത്തിക പ്രവർത്തനങ്ങൾ നല്ല രീതിയിലാണെന്നും, ഉയരുന്ന പലിശ നിരക്കിനും വിലക്കയറ്റത്തിനുമിടയിലും ഉപഭോക്തക്കളുടെ ഡിമാൻഡ് ശക്തമായിത്തന്നെ തുടരുന്നുവെന്നും ഇത് കാണിക്കുന്നു. സെമികണ്ടക്റ്റർ ക്ഷാമം മൂലമുള്ള വെല്ലുവിളികളെ മറികടന്ന് ഓട്ടോമൊബൈൽ കമ്പനികൾ ഉയർന്ന ഉത്പാദനം കാഴ്ച്ചവച്ചിരുന്നു.

രണ്ടാമതായി, തുടർച്ചയായ അഞ്ചാം മാസത്തിലും ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമായി. വാർഷികാടിസ്ഥാനത്തിൽ, ജൂലൈയിൽ ഇത് 28 ശതമാനം വർധിച്ച് 1.49 ലക്ഷം കോടി രൂപയിലെത്തി. ജിഎസ്ടി ഏർപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്. മികച്ച നികുതി റിപ്പോർട്ടിങ്ങും, സാമ്പത്തിക ഉണർവും കൂടിച്ചേർന്ന് കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ സ്ഥിരമായ വളർച്ച സൃഷ്ടിച്ചിട്ടുണ്ടെന്നു ധന മന്ത്രാലയം അറിയിച്ചു.

നിഫ്റ്റിയിൽ ഓട്ടോമൊബൈൽ ഓഹരികൾ മികച്ച മുന്നേറ്റമുണ്ടാക്കി. കഴിഞ്ഞ ആഴ്ചയിൽ നിഫ്റ്റി ഓട്ടോ സൂചിക 2.08 ശതമാനം ഉയർന്നു. നിഫ്റ്റി ഐടി സൂചിക 2.81 ശതമാനവും, നിഫ്റ്റി മെറ്റൽ സൂചിക 2 ശതമാനവും വർധിച്ചു.

സെൻസെക്സിൽ, എം ആൻഡ് എം 6.13 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ 4 ശതമാനത്തിലധികം വർധിച്ചു.

ആഭ്യന്തര സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ച് ആർബിഐ യുടെ പണനയത്തിൽ പ്രതിപാദിക്കുന്നുണ്ട്. "ഉത്പാദന മേഖലയിലെ ശേഷി വിനിയോഗം ഇപ്പോൾ അതിന്റെ ദീർഘകാല ശരാശരിയേക്കാൾ മുകളിലാണ്. അധിക ശേഷി സൃഷ്ടിക്കുന്നതിനുള്ള പുതിയ നിക്ഷേപങ്ങളുടെ ആവശ്യം ഇത് വെളിവാക്കുന്നു. ബാങ്കുകളുടെ വായ്പാ വളർച്ച വാർഷികാടിസ്ഥാനത്തിൽ 14 ശതമാനമായി. കഴിഞ്ഞ വർഷത്തിൽ ഇത് 5.4 ശതമാനമായിരുന്നു. കോർപറേറ്റുകളുടെ ഒന്നാം പാദ ഫലങ്ങൾ സൂചിപ്പിക്കുന്നത്, ഉത്പാദന മേഖലയിലെ വില്പനയും, ഡിമാൻഡും, ലാഭക്ഷമതയും മികച്ച രീതിയിൽ തുടരുന്നുവെന്നാണ്," ആർബിഐ അറിയിച്ചു.

എങ്കിലും, ഉയരുന്ന പലിശ നിരക്കുകൾ വീടു വാങ്ങുന്നവരെ നിരുൽസാഹപ്പെടുത്തുമെന്നുള്ള ആശങ്ക ഉയർന്നതിനാൽ റിയൽറ്റി ഓഹരികൾ സമ്മർദ്ദത്തിലായി. കഴിഞ്ഞയാഴ്ച നിഫ്റ്റി റിയൽറ്റി സൂചിക 3 ശതമാനത്തോളം ഇടിഞ്ഞിരുന്നു.