26 July 2022 3:57 AM GMT
Summary
മുംബൈ: ജൂലൈ 18 മുതല്‍ ഏതാനും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെയാണ് വാടകയ്ക്ക് (വീട്, ഫ്ളാറ്റ് മുതലായവ) 18 ശതമാനം ജിഎസ്ടി അടയ്ക്കണം എന്ന ഉത്തരവും വന്നത്. എന്നാല്‍ ഇത് ആര്‍ക്കൊക്കെ ബാധകമാവും എന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. വാടക അടയ്ക്കുന്ന തുകയ്ക്ക് മേല്‍ ഈ മാസം 18 മുതലാണ് ജിഎസ്ടി ഈടാക്കുക. വാടക നല്‍കുന്നയാള്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും (ഐടിസി) അനുവദിച്ച് കിട്ടും. ആരാണ് […]
മുംബൈ: ജൂലൈ 18 മുതല്‍ ഏതാനും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെയാണ് വാടകയ്ക്ക് (വീട്, ഫ്ളാറ്റ് മുതലായവ) 18 ശതമാനം ജിഎസ്ടി അടയ്ക്കണം എന്ന ഉത്തരവും വന്നത്. എന്നാല്‍ ഇത് ആര്‍ക്കൊക്കെ ബാധകമാവും എന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. വാടക അടയ്ക്കുന്ന തുകയ്ക്ക് മേല്‍ ഈ മാസം 18 മുതലാണ് ജിഎസ്ടി ഈടാക്കുക. വാടക നല്‍കുന്നയാള്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും (ഐടിസി) അനുവദിച്ച് കിട്ടും.
ആരാണ് അടയ്ക്കേണ്ടത് ?
ജിഎസ്ടിയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളോ, വ്യക്തികളോ വാടക ഇനത്തില്‍ നല്‍കുന്ന തുകയ്ക്ക് മേല്‍ 18 ശതമാനം ജിഎസ്ടിയും അടയ്ക്കണം. റിവേഴ്സ് ചാര്‍ജ്ജ് മെക്കാനിസത്തിലൂടെയാണ് ഇത് സാധ്യമാവുക. (വിതരണക്കാരന് പകരം ചരക്കുകളുടെയോ സേവനങ്ങളുടെയോ സ്വീകര്‍ത്താവ് ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്ക്കാന്‍ ബാധ്യസ്ഥനാകുന്ന ഒരു സംവിധാനമാണ് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം എന്നത്. വിവിധ അസംഘടിത മേഖലകളിലെ നികുതിയുടെ പരിധി വിപുലീകരിക്കുക, വിതരണക്കാരുടെ പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കുക, സേവനങ്ങളുടെ ഇറക്കുമതിക്ക് നികുതി ചുമത്തുക എന്നിവ ലക്ഷ്യമിട്ടാണ് ജിഎസ്ടി പേയ്‌മെന്റുകളുടെ ഭാരം സ്വീകര്‍ത്താവിന് കൈമാറുന്നത്.)
ആര്‍ക്കാണ് ബാധകമാകാത്തത് ?
ജിഎസ്ടിയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ വാടക തുകയ്ക്ക് മേല്‍ ഈ അധിക ജിഎസ്ടി നല്‍കണ്ട. വാടകയ്ക്ക്് എടുത്തിരിക്കുന്ന വസ്തു (വീടോ, ഫ്ളാറ്റോ, മുറിയോ) ബിസിനസ് ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെങ്കില്‍ ജിഎസ്ടി അടയ്ക്കേണ്ടതില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വാടകയിനം എന്ന് ഐടിആറില്‍ രേഖപ്പെടുത്തുന്ന ചെലവുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കും. ജിഎസ്ടി രജിസ്ട്രേഷന്‍ ഉള്ള വ്യക്തി അദ്ദേഹത്തിന്റെ വസ്തു വാടകയ്ക്ക് നല്‍കുമ്പോഴും വാടക തുകയ്ക്ക് ജിഎസ്ടി അടയ്ക്കണം (വസ്തു ഉപയോഗിക്കുന്നത് ബിസിനസ് ആവശ്യത്തിനാണെങ്കിലും അല്ലെങ്കിലും). ചുരുക്കി പറഞ്ഞാല്‍ വസ്തു വാടകയ്ക്ക് നല്‍കിയ ആളും വാടകയ്ക്ക് എടുത്തിരിക്കുന്ന ആളും ജിഎസ്ടി പരിധിയില്‍ പെടാത്തവരാണെങ്കില്‍ 18 ശതമാനം അധിക ജിഎസ്ടിയും ബാധകമല്ല. രണ്ട് പേരും പരിധിയിലുള്ളവരാണെങ്കില്‍ ടെനന്റ് ആണ് ജിഎസ്ടി അടയ്‌ക്കേണ്ടത്.
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എന്നാല്‍
ഒരു കമ്പനി (ജിസ്ടി രജിസ്റ്റര്‍ ചെയ്തത്) ജീവനക്കാര്‍ക്ക് താമസിക്കുവാനായി ഒരു വീടോ ഫ്ളാറ്റോ എടുത്തെന്ന് കരുതുക. വാടക തുകയ്ക്കൊപ്പം 18 ശതമാനം ജിഎസ്ടിയും കമ്പനി അടയ്ക്കണം. ഇത് കാട്ടി ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും (ഐടിസി) അനുവദിച്ച് കിട്ടും. സേവനമോ ഉത്പന്നമോ സൃഷ്ടിക്കുമ്പോള്‍ (ആദ്യഘട്ടത്തില്‍) കമ്പനി അടയ്ക്കുന്ന നികുതി പിന്നീട് അവ ഉപഭോക്താവിന് വിറ്റഴിച്ചശേഷം തിരികെ നേടുന്നതാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്. ഉപഭോക്താവ് അടയ്ക്കേണ്ട നികുതിയാണ് ഇവിടെ വിതരണക്കാരന്‍ മുന്‍കൂറായി അടയ്ക്കുന്നത്. പിന്നീട് ബില്ലോ ഇന്‍വോയ്സോ സമര്‍പ്പിച്ച് ഈ നികുതി തുക തിരികെ നേടും.