Summary
ഇന്ത്യൻ ഓഹരി സൂചികകൾ മറ്റു ഏഷ്യൻ വിപണികളേക്കാൾ മികച്ച പ്രകടനമാണ് കഴിഞ്ഞയാഴ്ച നടത്തിയത്. ഇതിനു കാരണം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ അറ്റ വാങ്ങലുകാരായി മാറിയതാണ്. ഓഹരികളുടെ വിലയിലുണ്ടായ കുറവ്, മറ്റെല്ലാ മാന്ദ്യ ഭീതികളും മാറ്റിവച്ച് അവ വാങ്ങാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചു. പണപ്പെരുപ്പത്തെ പറ്റിയുള്ള ആശങ്കകളിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇതിനു കാരണം ക്രൂഡ് ഓയിൽ, ഭക്ഷ്യ വസ്തുക്കൾ, വ്യവസായ അസംസ്‌കൃത വസ്തുക്കൾ എന്നിവയിലുണ്ടായ ഇടിവാണ്. വിപണി വിദഗ്ധരിൽ ചിലരെങ്കിലും അഭിപ്രായപ്പെടുന്നത്, പണപ്പെരുപ്പം നേരിയ തോതിൽ കുറയുന്നതിനാൽ കേന്ദ്ര […]
ഇന്ത്യൻ ഓഹരി സൂചികകൾ മറ്റു ഏഷ്യൻ വിപണികളേക്കാൾ മികച്ച പ്രകടനമാണ് കഴിഞ്ഞയാഴ്ച നടത്തിയത്. ഇതിനു കാരണം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ അറ്റ വാങ്ങലുകാരായി മാറിയതാണ്. ഓഹരികളുടെ വിലയിലുണ്ടായ കുറവ്, മറ്റെല്ലാ മാന്ദ്യ ഭീതികളും മാറ്റിവച്ച് അവ വാങ്ങാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചു. പണപ്പെരുപ്പത്തെ പറ്റിയുള്ള ആശങ്കകളിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇതിനു കാരണം ക്രൂഡ് ഓയിൽ, ഭക്ഷ്യ വസ്തുക്കൾ, വ്യവസായ അസംസ്‌കൃത വസ്തുക്കൾ എന്നിവയിലുണ്ടായ ഇടിവാണ്. വിപണി വിദഗ്ധരിൽ ചിലരെങ്കിലും അഭിപ്രായപ്പെടുന്നത്, പണപ്പെരുപ്പം നേരിയ തോതിൽ കുറയുന്നതിനാൽ കേന്ദ്ര ബാങ്കുകളുടെ കർശന പണനയത്തിൽ അയവുണ്ടാകുമെന്നാണ്.
സെൻസെക്സ് 4.30 ശതമാനത്തിന്റെ നേട്ടമാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടാക്കിയത്. നിഫ്റ്റി 4.18 ശതമാനവും. വിദേശ നിക്ഷേപകരുടെ ശക്തമായ പിന്തുണ കൊണ്ടാണ് ഹ്രസ്വകാല തടസ്സങ്ങൾ മറികടക്കുവാൻ നിഫ്റ്റിക്ക് സാധിച്ചത്.
നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞയാഴ്ച വിദേശ പോർട്ടഫോളിയോ നിക്ഷേപകർ 10,000 കോടി രൂപ വിലമതിക്കുന്ന ഓഹരികളുടെ അറ്റ വാങ്ങലുകാരായി മാറി. ഇത് ഇന്ത്യൻ വിപണിയിൽ പോസിറ്റീവായ ചലനങ്ങൾ ഉണ്ടാക്കി. കഴിഞ്ഞ കുറെ മാസങ്ങളായി തുടരുന്ന വിദേശ നിക്ഷേപകരുടെ നിരന്തരമായ വില്പന ഓഹരികളിലും രൂപയിലും കനത്ത വിലയിടിവുണ്ടാക്കിയിരുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വിദേശ നിക്ഷേപകർ 2.17 ലക്ഷം കോടി രൂപ വിലയുള്ള ഓഹരികൾ വിറ്റിരുന്നു.
ധനകാര്യ ഓഹരികളായിരുന്നു കഴിഞ്ഞയാഴ്ച ഏറെ പ്രിയങ്കരമായിരുന്നത്. ശക്തമായ വായ്പാ വളർച്ചയും, ആസ്തികളിലെ ഗുണമേന്മ വർധിച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. സ്വകാര്യ ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക് കഴിഞ്ഞ ആഴ്ചയിൽ 15.66 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. മികച്ച പാദഫലം റിപ്പോർട്ട് ചെയ്തതിനാലാണ് ഈ ഉയർച്ചയുണ്ടായത്. ആക്സിസ് ബാങ്ക്, ബജാജ് ഫിൻസേർവ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ യഥാക്രമം 10.33 ശതമാനവും, 7.62 ശതമാനവും, 7.24 ശതമാനവും, 6.51 ശതമാനവും നേട്ടമുണ്ടാക്കി.
ഏറ്റവുമധികം വിലത്തകർച്ച നേരിട്ട ഐടി ഓഹരികൾ കഴിഞ്ഞ ആഴ്ചയിൽ പ്രധാന ശ്രദ്ധ കേന്ദ്രമായി മാറി. ടിസിഎസ്, ടെക് മഹിന്ദ്ര, ഇൻഫോസിസ് എന്നിവ 5 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ, വിപ്രോ, എച്ച്സിഎൽ ടെക് എന്നിവ 4 ശതമാനം വളർന്നു.
റിലയൻസും, ഓഎൻജിസിയും അടക്കമുള്ള ഓയിൽ-ഗ്യാസ് ഓഹരികൾക്ക് ഗവൺമെന്റിന്റെ വിൻഡ് ഫാൾ നികുതി കുറയ്ക്കലും, കയറ്റുമതി തീരുവ ഒഴിവാക്കലും ഗുണകരമായി. ആഗോള രംഗത്ത്, റഷ്യയുടെ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം പുനരാരംഭിച്ചത് യൂറോപ്പിന്റെ ഊർജ ക്ഷാമത്തെപ്പറ്റിയുള്ള ആശങ്കകൾ പരിഹരിക്കാൻ സഹായിച്ചു. ആഗോള ഊർജ വിപണിയിൽ സ്ഥിരത കൊണ്ടു വരുന്നതിനായി അമേരിക്കയും സൗദി അറേബ്യയും ചേർന്ന് നടത്തിയ പ്രസ്താവനയും വിപണികൾക്കു പ്രോത്സാഹനം നൽകി.