image

21 July 2022 10:37 PM GMT

Stock Market Updates

വിപണിയില്‍ പോസിറ്റീവായ നീക്കങ്ങള്‍ക്ക് സാധ്യത

Suresh Varghese

വിപണിയില്‍ പോസിറ്റീവായ നീക്കങ്ങള്‍ക്ക് സാധ്യത
X

Summary

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ഇസിബി) പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന 50 ബേസിസ് പോയിന്റ് നിരക്കു വര്‍ധന ആഗോള വിപണികളെല്ലാം സ്വീകരിച്ച മട്ടാണ്. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ രണ്ടെണ്ണം ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തായ്‌വാന്‍ വെയ്റ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ നേരിയ നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.17 ന് 0.07 ശതമാനം ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ വിപണി ഇന്നലെ അമേരിക്കന്‍ വിപണികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കയില്‍ പുറത്തുവന്ന തുടര്‍ച്ചയായ തൊഴിലില്ലായ്മ കണക്കുകളും, ആദ്യതവണയിലെ […]


യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ഇസിബി) പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന 50 ബേസിസ് പോയിന്റ് നിരക്കു വര്‍ധന ആഗോള വിപണികളെല്ലാം സ്വീകരിച്ച മട്ടാണ്. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ രണ്ടെണ്ണം ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തായ്‌വാന്‍ വെയ്റ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ നേരിയ നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.17 ന് 0.07 ശതമാനം ഉയര്‍ച്ചയിലാണ്.

അമേരിക്കന്‍ വിപണി

ഇന്നലെ അമേരിക്കന്‍ വിപണികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കയില്‍ പുറത്തുവന്ന തുടര്‍ച്ചയായ തൊഴിലില്ലായ്മ കണക്കുകളും, ആദ്യതവണയിലെ തൊഴിലില്ലായ്മ കണക്കുകളും ഉയര്‍ന്നതാണ്. ഇത് സമ്പദ് വ്യവസ്ഥയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നു. എന്നാല്‍ ഓഹരി വിപണിയുടെ പ്രകടനത്തെ ഇത് ബാധിച്ചില്ല. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം എല്ലാ കേന്ദ്ര ബാങ്കുകളും ഒത്തൊരുമിച്ച് നടത്തുന്നതിനാല്‍ ഇസിബിയുടെ തീരുമാനവും വിപണിയില്‍ ഏശിയില്ല. യുക്രെയ്ന്‍ യുദ്ധം നീണ്ടുപോകുന്നതും, ഊര്‍ജ്ജ വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നതും പണപ്പെരുപ്പം നിയന്ത്രണാതീതമായി തുടരാന്‍ കാരണമാകുന്നുവെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീന ലഗാദേ അഭിപ്രായപ്പെട്ടു. "ചക്രവാളം കാര്‍മേഘങ്ങളാല്‍ മൂടിയിരിക്കുകയാണ്," ലഗാദേ പറഞ്ഞു.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില നേരിയ ഉയര്‍ച്ച കാണിക്കുന്നു. ഇന്നലെ വരെ എണ്ണവിലയില്‍ നേരിയ താഴ്ച്ചയായിരുന്നു കണ്ടിരുന്നത്. അമേരിക്കയില്‍ ഡബ്ലിയുടിഐ ക്രൂഡിന്റെ ഡിമാന്റ് എട്ട് ശതമാനം കുറഞ്ഞതും, ലിബിയയില്‍ നിന്നുള്ള സപ്ലൈ വിപണിയിലെത്തിയതും വില താഴാന്‍ കാരണമായിരുന്നു. എന്നാല്‍ ഇന്നു രാവിലെ വില നേരിയ തോതില്‍ വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന് ഏഷ്യയില്‍ നിന്നുള്ള വര്‍ധിച്ച ഡിമാന്റാണ്. ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഡിമാന്റ് ഏകദേശം 18 ശതമാനം വര്‍ധിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ചൈനയില്‍ നിന്നുള്ള ഡിമാന്റില്‍ മാത്രമേ വിപണിയ്ക്ക് ആശങ്കയുള്ളു. എന്നാല്‍ അതും ഒരു പരിധിയിലേറെ താഴാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് എണ്ണവില പിടിച്ചു നില്‍ക്കുന്നത്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,799 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 312 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ഇത് അഞ്ചാം തവണയാണ് വിദേശ നിക്ഷേപകര്‍ വിപണിയില്‍ അറ്റ വാങ്ങലുകാരായി മാറുന്നത്. വിപണിയുടെ മുന്നേറ്റത്തിന് ഇത് ഏറെ സഹായകരമായിരുന്നു. വിദേശ നിക്ഷേപകരുടെ കഴിഞ്ഞ എട്ട് മാസമായി തുടര്‍ന്ന കനത്ത വില്‍പ്പനയ്ക്ക് അവസാനമായി എന്നുവേണം കരുതാന്‍. ജൂലൈ 27 ലെ യുഎസ് ഫെഡറല്‍ റിസേര്‍വിന്റെ മീറ്റിംഗ് കഴിയുന്നത് വരെ ഇക്കാര്യത്തില്‍ നേരിയ അനിശ്ചിതത്വം തുടര്‍ന്നേക്കും.

ആഭ്യന്തര വിപണി

ആഭ്യന്തര വിപണിയില്‍ ഇന്നു ഏറെ നിര്‍ണ്ണായകമാവുക കമ്പനികളുടെ ജൂണ്‍പാദ ഫലങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഫലം ഇന്നു പുറത്ത് വരും. കൂടാതെ, അള്‍ട്രാടെക്ക് സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോഫോര്‍ജ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ബന്ധന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി എഎംസി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന ഫലങ്ങള്‍. ഇവയെല്ലാം വിപണിയുടെ മുന്നേറ്റത്തില്‍ ഏറെ സ്വാധീനം ചെലുത്തിയേക്കാം.

വിദഗ്ധാഭിപ്രായം

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസറ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "വിദേശ നിക്ഷേപകരുടെ നിരന്തരമായ വില്‍പ്പനയ്ക്ക് ശമനമുണ്ടായതായി വേണം കണക്കാക്കാന്‍. നാലു ദിവസം തുടര്‍ച്ചയായി അവര്‍ വിപണിയില്‍ നിന്നും ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. ഇത് ബുള്ളുകള്‍ക്ക് ഏറെ ഊര്‍ജ്ജം പകരുന്ന വാര്‍ത്തയാണ്. ഇതില്‍ നിന്ന് അര്‍ത്ഥമാക്കുന്നത് ജൂണ്‍ മാസത്തിലെ താഴ്ന്ന നിലയായ 15813 ഉടനെയെങ്ങും ഭേദിക്കാന്‍ സാധ്യതയില്ലെന്നാണ്. കഴിഞ്ഞ ഒരു മാസത്തെ നിഫ്റ്റി മിഡ്ക്യാപ് സൂചികയിലെ 12.73 ശതമാനം ഉയര്‍ച്ച മികച്ചതാണ്. ഇതിന്റെ അര്‍ത്ഥം വിപണിയുടെ തിരിച്ചുവരവ് വിശാലവും ശക്തവുമാണെന്നാണ്. വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ കാലത്ത് ഓഹരികള്‍ വാങ്ങിക്കൂട്ടിയ ആഭ്യന്തര നിക്ഷേപകര്‍ ഇപ്പോള്‍ മിടുക്കരായി മാറിയിരിക്കുകയാണ്. വിപണിയുടെ നീക്കം ഹ്രസ്വകാലത്തേയ്ക്ക് നിര്‍ണ്ണയിക്കുക കോര്‍പ്പറേറ്റ് ഭീമന്‍മാരായ റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരുടെ ഉടന്‍ പുറത്തുവരാനുള്ള ഫലങ്ങളാണ്."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,630 രൂപ (ജൂലൈ 22)
ഒരു ഡോളറിന് 80.02 രൂപ (ജൂലൈ 22)
ബ്രെന്റ് ക്രൂഡ് ബാരലിന് 105.44 ഡോളര്‍ (ജൂലൈ 22, 8.13 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 18,99,611 രൂപ (ജൂലൈ 22, 8.13 am, വസീര്‍എക്‌സ്)