17 July 2022 12:27 AM GMT
എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, എച്ച്ഡിബി ഫിന്‍ ഐപിഒ ലയനശേഷം: എച്ച്ഡിഎഫ്‌സി ബാങ്ക് എംഡി
MyFin Desk
Summary
മുംബൈ: എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്‌സി ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നീ ഉപവിഭാഗങ്ങളുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായുള്ള ലയനത്തിനു ശേഷമേ തീരുമാനിക്കൂ എന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ ശശിധര്‍ ജഗദീശന്‍ അറിയിച്ചു. 28ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ബിഐയുടെ അനുമതി ലഭിച്ചിട്ടും, എച്ച്ഡിഎഫ്സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ ബാങ്ക് മരവിപ്പിച്ചിരുന്നു. എച്ച്ഡിഎഫ്സിയുമായുള്ള ലയനം തീര്‍പ്പാക്കാത്തതിനാല്‍, ഇന്‍ഷുറര്‍ ബാങ്കിന്റെ തന്നെ […]
മുംബൈ: എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്‌സി ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നീ ഉപവിഭാഗങ്ങളുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായുള്ള ലയനത്തിനു ശേഷമേ തീരുമാനിക്കൂ എന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ ശശിധര്‍ ജഗദീശന്‍ അറിയിച്ചു. 28ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ബിഐയുടെ അനുമതി ലഭിച്ചിട്ടും, എച്ച്ഡിഎഫ്സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ ബാങ്ക് മരവിപ്പിച്ചിരുന്നു. എച്ച്ഡിഎഫ്സിയുമായുള്ള ലയനം തീര്‍പ്പാക്കാത്തതിനാല്‍, ഇന്‍ഷുറര്‍ ബാങ്കിന്റെ തന്നെ അനുബന്ധ സ്ഥാപനമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ആപ്പായ പേ സാപ്പ് വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ തടസ്സമുണ്ടാകുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പുതിയ പേയ്‌മെന്റ് ആപ്പ് ഇറക്കാനുള്ള നീക്കത്തിലാണ് ബാങ്ക്. പുതിയ ആപ്പില്‍ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ബാങ്ക് വിതരണം ചെയ്ത മൊത്തം ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 17-18 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിപണി വിഹിതം 47-48 ശതമാനമായി വര്‍ധിച്ചു. സിംഗപ്പൂരില്‍ ഒരു ശാഖ തുറക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സിയുമായി ലയിച്ചതിന് ശേഷം വിദേശ ശാഖകളുടെ എണ്ണം ഇനിയും വര്‍ധിപ്പിച്ചേക്കും. അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ ബാങ്കിന്റെ ബ്രാഞ്ച് ശൃംഖല 12,000 ആയി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അതനു ചക്രവര്‍ത്തി പറഞ്ഞു.
എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയുടെ ലയനത്തിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎയുടെ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായി വിശേഷിപ്പിക്കപ്പെടുന്ന ലയനം സംബന്ധിച്ച് കഴിഞ്ഞ ഏപ്രില്‍ നാലിനാണ് അന്തിമ ധാരണയായത്. ഇടപാടിന്റെ മൂല്യം ഏകദേശം 40 ബില്യണ്‍ ഡോളറായാണ് കണക്കാക്കുന്നത്.
ബിഎസ്ഇയുടെയും, എന്‍എസ്ഇയുടെയും, ആര്‍ബിഐയുടെയും അനുമതി നിലവില്‍ ലയനത്തിന് ലഭിച്ചിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളുടെയും ആസ്തികള്‍ തമ്മില്‍ ചേര്‍ക്കുമ്പോള്‍ ഏകദേശം 18 ലക്ഷം കോടി രൂപയോളം വരും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തോടെ ലയനം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.