9 July 2022 5:19 AM GMT
Summary
പഴങ്ങളും പച്ചകറികളും മുതല്‍ ഭക്ഷ്യ എണ്ണയും വൈദ്യുതിയും തുടങ്ങി അവശ്യ വസ്തുക്കളുടെ വില വര്‍ധനയ്‌ക്കൊപ്പം പാചക വാതക വിലയും ഇരുട്ടടിയായിരിക്കുകയാണ്. ഈ വാരം എല്‍പിജി നിരക്ക് 14.2 കിലോ സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ മൊത്തം വര്‍ധന 244 രൂപയാണ്. 30 ശതമാനത്തോളം വരുമിത്. സബ്‌സിഡിയില്ലാത്ത എല്‍പിജി- ഉജ്ജ്വല പദ്ധതിയില്‍ പാവപ്പെട്ട സ്ത്രീ ഗുണഭോക്താക്കള്‍ക്ക് ഒഴികെ എല്ലാ കുടുംബങ്ങളും നല്‍കുന്ന വില ഇപ്പോള്‍ 14.2 കിലോ സിലിണ്ടറിന് 1,053 രൂപയാണ്. ഉജ്ജ്വല ഗുണഭോക്താക്കള്‍ […]
പഴങ്ങളും പച്ചകറികളും മുതല്‍ ഭക്ഷ്യ എണ്ണയും വൈദ്യുതിയും തുടങ്ങി അവശ്യ വസ്തുക്കളുടെ വില വര്‍ധനയ്‌ക്കൊപ്പം പാചക വാതക വിലയും ഇരുട്ടടിയായിരിക്കുകയാണ്. ഈ വാരം എല്‍പിജി നിരക്ക് 14.2 കിലോ സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ മൊത്തം വര്‍ധന 244 രൂപയാണ്. 30 ശതമാനത്തോളം വരുമിത്. സബ്‌സിഡിയില്ലാത്ത എല്‍പിജി- ഉജ്ജ്വല പദ്ധതിയില്‍ പാവപ്പെട്ട സ്ത്രീ ഗുണഭോക്താക്കള്‍ക്ക് ഒഴികെ എല്ലാ കുടുംബങ്ങളും നല്‍കുന്ന വില ഇപ്പോള്‍ 14.2 കിലോ സിലിണ്ടറിന് 1,053 രൂപയാണ്. ഉജ്ജ്വല ഗുണഭോക്താക്കള്‍ 853 രൂപയാണ്.
10,000 മുതല്‍ 15,000 രൂപ വരെ പ്രതിമാസം വരുമാനമുള്ള വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, ദിവസ വേതനക്കാര്‍, സെയില്‍സ്മാന്‍മാര്‍, വെയിറ്റര്‍മാര്‍ തുടങ്ങിയ താഴ്ന്ന വരുമാനക്കാരായ വിഭാഗത്തെയാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത്. പാചക ഇന്ധന ബില്‍ മാത്രം അവരുടെ വരുമാനത്തിന്റെ 10 ശതമാനമാണ്. ഇന്ധനം, പാചക എണ്ണ, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ വില ഇതിനകം ഉയര്‍ന്നതാണെന്നും പാചകവാതക നിരക്ക് വര്‍ധിപ്പിച്ചത് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വ്യക്തമാക്കുന്നു. കോവിഡില്‍ തൊഴില്‍ നഷ്ടപ്പെട്ടതും പലര്‍ക്കും ജീവിതം ദുഷ്‌കരമാക്കിയിട്ടുണ്ട്. 14.5 കിലോഗ്രാം സിലിണ്ടറിന്റെ വില 2020 ജൂണില്‍ 614 രൂപയില്‍ നിന്ന് 2021 ജൂണില്‍ 857 രൂപയായും ഇപ്പോള്‍ 1,089 രൂപയായും ഉയര്‍ന്നതായി ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ട് തവണയാണ് പാചക വാതക വില വര്‍ധിച്ചത്. ഫെബ്രുവരിയില്‍ റഷ്യ- ഉക്രെയ്ന്‍ ആക്രമണത്തെ തുടർന്ന് വിതരണം തടസ്സപ്പെടുമെന്ന ഭയത്തില്‍ അന്താരാഷ്ട്ര എണ്ണ, വാതക വില കുതിച്ചുയര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ യുഎസിലെ മാന്ദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരക്കുകള്‍ കുറഞ്ഞു.
കുതിച്ചുയരുന്ന പണപ്പെരുപ്പം കുറക്കുന്നതിനായി മേയില്‍ സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചിരുന്നു. ഉജ്ജ്വല പദ്ധതി പ്രകാരം സൗജന്യ കണക്ഷനുകള്‍ ലഭിച്ച ഒന്‍പത് കോടി പാവപ്പെട്ട സ്ത്രീകള്‍ക്കും മറ്റ് ഗുണഭോക്താക്കള്‍ക്കും മാത്രമായി പാചക വാതക സബ്സിഡി സിലിണ്ടറിന് 200 രൂപ പരിമിതപ്പെടുത്തുമെന്നും സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്ന ഉപഭോക്താക്കാൾ മാര്‍ക്കറ്റ് വില നല്‍കണം. അതായത് സബ്‌സിഡിയില്ലാത്ത നിരക്ക് നല്‍കണം. 2020 പകുതിയോടെ മിക്ക കുടുംബങ്ങള്‍ക്കും എല്‍പിജി സബ്സിഡി നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി.
ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85 ശതമാനവും നിറവേറ്റാന്‍ ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇന്ത്യയ്ക്ക് മികച്ച ഓയില്‍ റിഫൈനറി ശേഷിയുണ്ടെങ്കിലും ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ ആവശ്യമായ എല്‍പിജി നിര്‍മ്മിക്കുന്നില്ല. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് കാര്യമായ അളവില്‍ ഇറക്കുമതി ചെയ്യുന്നത്.