image

5 July 2022 1:16 AM GMT

Social Security

എന്‍പിഎസില്‍ റിസ്‌ക് അറിഞ്ഞ് നിക്ഷേപിക്കാം, ജൂലായ് 15 മുതല്‍ പ്രാബല്യം

MyFin Desk

എന്‍പിഎസില്‍ റിസ്‌ക് അറിഞ്ഞ് നിക്ഷേപിക്കാം, ജൂലായ് 15 മുതല്‍ പ്രാബല്യം
X

Summary

വിവിധ ആസ്തികളില്‍ റിസ്‌ക് അറിഞ്ഞ് നിക്ഷേപിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കും വിധം എന്‍പിഎസില്‍ (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) റിസ്‌ക് പ്രൊഫൈല്‍ വ്യക്തമാക്കണമെന്ന നിര്‍ദേശം ജൂലായ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. പെന്‍ഷന്‍ ഫണ്ടുകള്‍ എല്ലാ സ്‌കീമുകളുടെയും റിസ്‌ക് പ്രൊഫൈലിംഗ് ഓരോ പാദവും അവസാനിച്ച് 15 ദിവസത്തിനുള്ളില്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) നേരത്തേ വ്യക്തമാക്കിയിരുന്നു. താഴ്ന്നത്, താഴ്ന്നത് മുതല്‍ മിതമായത്, മിതമായത്, മിതമായി ഉയര്‍ന്നത്, ഉയര്‍ന്നത്, വളരെ ഉയര്‍ന്നത് എന്നിങ്ങനെ ആറ് […]


വിവിധ ആസ്തികളില്‍ റിസ്‌ക് അറിഞ്ഞ് നിക്ഷേപിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കും വിധം എന്‍പിഎസില്‍ (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) റിസ്‌ക് പ്രൊഫൈല്‍ വ്യക്തമാക്കണമെന്ന നിര്‍ദേശം ജൂലായ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. പെന്‍ഷന്‍ ഫണ്ടുകള്‍ എല്ലാ സ്‌കീമുകളുടെയും റിസ്‌ക് പ്രൊഫൈലിംഗ് ഓരോ പാദവും അവസാനിച്ച് 15 ദിവസത്തിനുള്ളില്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) നേരത്തേ വ്യക്തമാക്കിയിരുന്നു.

താഴ്ന്നത്, താഴ്ന്നത് മുതല്‍ മിതമായത്, മിതമായത്, മിതമായി ഉയര്‍ന്നത്, ഉയര്‍ന്നത്, വളരെ ഉയര്‍ന്നത് എന്നിങ്ങനെ ആറ് റിസ്‌ക് ലെവലുകളാണ് പിഎഫ്ആര്‍ഡിഎ നിര്‍ദേശിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട പെന്‍ഷന്‍ ഫണ്ടുകള്‍ അവയുടെ വൈബ്‌സൈറ്റില്‍ പോര്‍ട്ട്‌ഫോളിയോ ഡിസ്‌ക്ലോഷര്‍ സെക്ഷനില്‍ ഓരോ പാദമവസാനിക്കുന്നതിന് 15 ദിവസങ്ങള്‍ക്ക് മുമ്പ് എല്ലാ സ്‌കീമുകളുടെയും റിസ്‌ക് പ്രൊഫൈലുകള്‍ വ്യക്തമാക്കണം എന്ന് പിഎഫ്ആര്‍ ഡിഎ നിര്‍ദേശിക്കുന്നു. എന്‍പിഎസ് ട്രസ്റ്റ് ഈ റിസ്‌ക് പ്രൊഫൈലിംഗ് ഒരോ മൂന്ന് മാസം കൂടുമ്പോഴും വിലയിരുത്തും. ഒരോ വര്‍ഷവും എത്ര തവണ പ്രൊഫൈല്‍ മാറിയിട്ടുണ്ടെന്ന് പെന്‍ഷന്‍ ഫണ്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഡെറ്റ് സ്‌കീം

സ്‌കീമിന്റെ സ്വഭാവമനുസരിച്ച് റിസ്‌ക് ലെവല്‍ നല്‍കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റി എന്നിവ ഉള്‍പ്പെടുന്ന ഡെബ്റ്റ് സ്‌കീമില്‍ റിസ്‌ക് പ്രൊഫൈലിംഗ് ക്രെഡിറ്റ് റിസ്‌ക്, പലിശ നിരക്ക് റിസ്‌ക്, ലിക്വിഡിറ്റി റിസ്‌ക് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും നിര്‍ണ്ണയിക്കുന്നത്. 0 മുതല്‍ 12 വരെയാണ് ക്രെഡിറ്റ് റേറ്റിംഗിനെ അളക്കുന്നത്. ക്രെഡിറ്റ് റിസ്‌ക് 0 എന്നത് ഉയര്‍ന്ന ക്രെഡിറ്റ് ഗുണനിലവാരത്തെ സൂചിപ്പിക്കും, അതേസമയം 12 എന്നത് താഴ്ന്ന ക്രെഡിറ്റ് ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. സെക്യൂരിറ്റികളുടെ ക്രെഡിറ്റ് റിസ്‌ക് മൂല്യവും പോര്‍ട്ട്ഫോളിയോയിലെ അവയുടെ അലോക്കേഷനും ഒന്നുചേര്‍ത്താണ് പോര്‍ട്ട്ഫോളിയോയുടെ ക്രെഡിറ്റ് റിസ്‌ക് നിര്‍ണ്ണയിക്കുന്നത്.

ഇക്വിറ്റി

ഇക്വിറ്റിയുടെ കാര്യത്തില്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍, ഇംപാക്ട് കോസ്റ്റ്, ലിക്വിഡിറ്റി എന്നിവയെല്ലാമാണ് റിസ്‌ക് നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. മികച്ച 100 സ്റ്റോക്കുകളുടെയും മികച്ച 100 ന് മുകളിലുള്ളവയുടെയും ലിസ്റ്റ് അര്‍ധ വാര്‍ഷിക അടിസ്ഥാനത്തില്‍ എന്‍പിഎസ് ട്രസ്റ്റ് നിര്‍വചിക്കും. മൂല്യനിര്‍ണ്ണയത്തിനായി പരിഗണിക്കുന്ന ഓഹരികളുടെ വിപണി മൂലധനം കഴിഞ്ഞ ആറ് മാസത്തെ വിപണി മൂലധനത്തിന്റെ ശരാശരിയായിരിക്കും.

മ്യൂച്ച്വൽ ഫണ്ട്

മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ യൂണിറ്റുകള്‍ കൈവശമുള്ള സ്‌കീമുകള്‍ക്ക്, റിസ്‌ക്-ഓ-മീറ്ററിനെ അടിസ്ഥാനമാക്കി റിസ്‌ക് മൂല്യം തീരുമാനിക്കും. ഉദാഹരണത്തിന്, കുറഞ്ഞ അപകടസാധ്യതയ്ക്ക് ഒന്നും, താഴ്ന്നത് മുതല്‍ മിതമായത് വരെ രണ്ടും, മിതമായതിന് മൂന്നും, മിതമായി ഉയര്‍ന്നതിന് നാലും, ഉയര്‍ന്നത് അഞ്ചും, വളരെ ഉയര്‍ന്നത് ആറും എന്നുമായിരിക്കും റിസ്‌ക് മൂല്യം കണക്കാക്കുന്നത്. റിയല്‍എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളിലും, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളിലും ഉള്ള നിക്ഷേപങ്ങള്‍ക്ക് ഏഴും, ഇതര നിക്ഷേപ ഫണ്ടുകളിലെ (എഐഎഫ്) നിക്ഷേപങ്ങള്‍ക്ക് എട്ടും റിസ്‌ക് മൂല്യം നല്‍കും.