29 Jun 2022 12:53 AM GMT
Summary
മുംബൈ: ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളുടെ (എസ്സിബി) നിക്ഷേപ വളര്‍ച്ച 2021 മാര്‍ച്ചിലെ 11.9 ശതമാനം വര്‍ധനവിനെ അപേക്ഷിച്ച് 2022 മാര്‍ച്ചില്‍ 10 ശതമാനമായി കുറഞ്ഞതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-2022 കാലയളവില്‍ കറന്റ്, സേവിംഗ്‌സ്, ടേം ഡെപ്പോസിറ്റുകള്‍ യഥാക്രമം 10.9 ശതമാനം, 13.3 ശതമാനം, 7.9 ശതമാനം എന്നിങ്ങനെ ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പണനയ, പണലഭ്യത വ്യവസ്ഥകള്‍ക്ക് അനുസൃതമായി, ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് മിതമായതായി കണക്കുകള്‍ […]
മുംബൈ: ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളുടെ (എസ്സിബി) നിക്ഷേപ വളര്‍ച്ച 2021 മാര്‍ച്ചിലെ 11.9 ശതമാനം വര്‍ധനവിനെ അപേക്ഷിച്ച് 2022 മാര്‍ച്ചില്‍ 10 ശതമാനമായി കുറഞ്ഞതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു.
2021-2022 കാലയളവില്‍ കറന്റ്, സേവിംഗ്‌സ്, ടേം ഡെപ്പോസിറ്റുകള്‍ യഥാക്രമം 10.9 ശതമാനം, 13.3 ശതമാനം, 7.9 ശതമാനം എന്നിങ്ങനെ ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പണനയ, പണലഭ്യത വ്യവസ്ഥകള്‍ക്ക് അനുസൃതമായി, ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് മിതമായതായി കണക്കുകള്‍ കാണിക്കുന്നു. 6 ശതമാനത്തിലധികം പലിശ നിരക്കുള്ള ടേം ഡെപ്പോസിറ്റുകളുടെ വിഹിതം 2022 മാര്‍ച്ചില്‍ 14.4 ശതമാനമായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇത് 31 ശതമാനമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് 78.7 ശതമാനവും.
മൊത്തം നിക്ഷേപങ്ങളിൽ, കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ വിഹിതം വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് മൂന്ന് വര്‍ഷം മുമ്പുണ്ടായിരുന്ന 41.7 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ചില്‍ 44.8 ശതമാനമായി ഉയര്‍ന്നുവെന്നും ആര്‍ബിഐ അറിയിച്ചു. 2020-21, 2021-22 കാലയളവിലെ ഇന്‍ക്രിമെന്റല്‍ ഡിപ്പോസിറ്റുകളുടെ 60.9 ശതമാനവും, 55.6 ശതമാനവും ഈ കുറഞ്ഞ ചെലവുള്ള നിക്ഷേപങ്ങളാണ്.
മൊത്തം നിക്ഷേപത്തിന്റെ പകുതിയിലധികവും ഉൾക്കൊള്ളുന്ന മെട്രോപൊളിറ്റന്‍ ബാങ്ക് ശാഖകളില്‍, 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഇന്‍ക്രിമെന്റല്‍ ഡിപ്പോസിറ്റുകള്‍ 51.5 ശതമാനമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 59.6 ശതമാനമായിരുന്നു.
മൊത്തം നിക്ഷേപത്തില്‍ 62.6 ശതമാനവും ഗാര്‍ഹിക മേഖലയിൽ നിന്നാണ്. ഒരു കോടി രൂപയും അതില്‍ കൂടുതലുമുള്ള വലിയ നിക്ഷേപങ്ങള്‍ മൊത്തം ടേം ഡെപ്പോസിറ്റുകളില്‍ ഏകദേശം 40 ശതമാനമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബാങ്ക് നിക്ഷേപത്തിന്റെ 63.3 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ്.