21 Jun 2022 11:28 PM GMT
Summary
ജൂലൈ 26ന് 5ജി സ്‌പെക്ട്രം ലേലം നടക്കുമെങ്കിലും ഇത് എന്ന് മുതല്‍ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. നിലവില്‍ നമുക്ക് ലഭ്യമാകുന്ന ഏറ്റവും ഉയര്‍ന്ന വേഗതയുള്ള നെറ്റ് വര്‍ക്ക് എന്നത് 4ജി ആണ്. ഇതിനേക്കാള്‍ കൂടുതല്‍ ബാന്‍ഡ് വിഡ്തില്‍, കൂടുതല്‍ വേഗത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ഡാറ്റ പ്രക്ഷേപണം ചെയ്യുന്ന സാങ്കേതികവിദ്യയാണ് 5ജി എന്നത്. നിലവിലെ ഡാറ്റാ സ്പീഡിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന 5ജി 'ബ്രോഡ് ബാന്‍ഡ്' കണക്ഷന്റെ സ്പീഡിനോട് കിടപിടിക്കുന്ന ഒന്നായി […]
ജൂലൈ 26ന് 5ജി സ്‌പെക്ട്രം ലേലം നടക്കുമെങ്കിലും ഇത് എന്ന് മുതല്‍ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു.
നിലവില്‍ നമുക്ക് ലഭ്യമാകുന്ന ഏറ്റവും ഉയര്‍ന്ന വേഗതയുള്ള നെറ്റ് വര്‍ക്ക് എന്നത് 4ജി ആണ്. ഇതിനേക്കാള്‍ കൂടുതല്‍ ബാന്‍ഡ് വിഡ്തില്‍, കൂടുതല്‍ വേഗത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ഡാറ്റ പ്രക്ഷേപണം ചെയ്യുന്ന സാങ്കേതികവിദ്യയാണ് 5ജി എന്നത്. നിലവിലെ ഡാറ്റാ സ്പീഡിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന 5ജി 'ബ്രോഡ് ബാന്‍ഡ്' കണക്ഷന്റെ സ്പീഡിനോട് കിടപിടിക്കുന്ന ഒന്നായി മാറിയേക്കും. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ലഭിക്കുന്നത് 10-15 എംബിപിഎസ് മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡാണ്.
ഇത് കുറഞ്ഞത് 50 എംബിപിഎസ് വരെ ഉയര്‍ന്നേക്കാം. നെറ്റ് വര്‍ക്ക് മികച്ച രീതിയിലാണുള്ളതെങ്കില്‍ ജിഗാബൈറ്റ് പെര്‍ സെക്കന്റ് അഥവാ ജിബിപിഎസില്‍ കണക്കാക്കുന്ന വേഗത ലാഭിക്കാനും സാധ്യതയുണ്ട്. ലഭ്യമായ വിവരങ്ങള്‍ വച്ച് 10 ജിബിപിഎസ് സ്പീഡ് വരെ എത്താനുള്ള ശേഷി 5ജിക്ക് ഉണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സബ്-6 ഗിഗാഹെട്സ് 5ജി, എംഎംവേവ് 5ജി എന്നിങ്ങനെ രണ്ട് തരത്തിലുള്ളവയാകും ആദ്യഘട്ടത്തില്‍ രാജ്യത്ത് ലഭിക്കുക. സബ്-6 നേക്കാള്‍ സ്പീഡ് എംഎംവേവിനായിരിക്കും. എന്നാല്‍ വലിയ ഭിത്തി, മരം എന്നിവയുണ്ടെങ്കില്‍ എംഎംവേവിന് തടസങ്ങള്‍ നേരിട്ടേക്കാമെന്നും സൂചനകളുണ്ട്. നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിനായി ഉപയോഗിക്കുന്ന ടെക്ക്‌നിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടാകും (ടവര്‍ പോലുള്ളവ) 5ജിയുടെ വരവും സാധ്യമാക്കുക. എന്നാല്‍ ഇവയെ പൂര്‍ണമായും ആശ്രയിക്കാന്‍ സാധിക്കില്ല.
സ്പീഡ് എങ്ങനെ ?
3ജിയില്‍ നിന്നും 4ജിയിലേക്ക് മാറിയപ്പോള്‍ അതിവേഗ സ്പീഡ് എന്ന കണക്കൂട്ടലിലായിരുന്നു ഉപഭോക്താക്കള്‍. പക്ഷേ പ്രതീക്ഷിച്ചയത്ര സ്പീഡ് ലഭിച്ചില്ല. കൃത്യമായി പറഞ്ഞാല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് പര്യാപ്തമായ അളവിലുള്ള സ്പീഡ് 4ജിയ്ക്ക് നല്‍കാന്‍ സാധിച്ചില്ലെന്നാണ് ടെക്ക് പ്രേമികളുടെ അഭിപ്രായം. 2020ല്‍ 4ജി നെറ്റ് വര്‍ക്കിന്റെ വേഗത കൂട്ടാന്‍ റിലയന്‍സ് ജിയോ, എയര്‍ടെല്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ തീരുമാനിച്ചിരുന്നു. 19.3 എംബിപിഎസ് വേഗതയുമായി ജിയോയായിരുന്നു മുന്നില്‍.
എന്നാല്‍ ഇക്കാലയളവില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലുണ്ടായ വര്‍ധന കണക്കാക്കിയാല്‍ ഈ വേഗത പര്യാപ്തമായിരുന്നില്ല. ഇപ്പോഴും 4ജി സംബന്ധിച്ച് മതിയായ സ്പീഡ് ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. ഡൗണ്‍ലോഡിംഗ്, അപലോഡിംഗ് എന്നിവയ്ക്കായി 4ജി നല്‍കുന്ന സ്പീഡ് പര്യാപ്തമല്ലാത്തതിനാല്‍ ബ്രോഡ്ബാന്‍ഡിനെ ആശ്രയിക്കുകയാണ് മിക്കവരും.
ഫോണ്‍ വെറും 5ജി ആയാല്‍ പോര, സിം മാറ്റം എങ്ങനെ?
5ജി ഫോണുകള്‍ എന്ന് പറഞ്ഞ് നേരത്തെ പല മോഡലുകള്‍ ഇറങ്ങുന്നുണ്ടെങ്കിലും നിങ്ങള്‍ക്ക് ഇതില്‍ അതിവേഗ 5ജി സേവനം, അതായത് ജിബിപിഎസില്‍ സ്പീഡ് കിട്ടിമെന്ന് പ്രതീക്ഷിച്ചിരിക്കേണ്ട. സ്മാര്‍ട്ട് ഫോണ്‍ 5ജി ആണെങ്കിലും അതിവേഗ സ്പീഡ് കൂടി സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കണം. മാത്രമല്ല മികച്ച നെറ്റ് വര്‍ക്ക് കവറേജ് നല്‍കാന്‍ കഴിയുന്നിടത്തായരിക്കും 5ജി സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുക.
5ജി സിം മാറ്റം സംബന്ധിച്ച് അതാത് ടെലികോം അധികൃതര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ കൃത്യമായി മനസിലാക്കി ഇവ മാറ്റുന്നതാണ് നല്ലത്. തിടുക്കപ്പെട്ട് സിം മാറ്റണ്ട. 5ജി സേവനം തുടങ്ങി ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം കൂടി മനസിലാക്കിയ ശേഷം തീരുമാനമെടുക്കാം. ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നം 5ജി വരുത്തുമോ എന്ന സംശയവും നേരത്തെ നിലനിന്നിരുന്നു. എന്നാല്‍ ഇത് ശാസ്ത്രീമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഫോണ്‍ വില്‍പന തകൃതി
2020ല്‍ ഇന്ത്യയില്‍ 5ജി ഫോണ്‍ വില്‍പന 3 ശതമാനം മാത്രമായിരുന്നെങ്കില്‍ 2021 ആയപ്പോഴേയ്ക്കും ഇത് 16 ശതമാനമായി ഉയര്‍ന്നു. 2022 അവസാനത്തോടെ രാജ്യത്തെ ആകെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 40 ശതമാനവും 5ജി ഫോണുകളാകുമെന്ന് ആഗോള മാര്‍ക്കറ്റ് അനലറ്റിക്‌സ് കമ്പനിയായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം നാലാം പാദമാകുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിറ്റു പോകുന്ന 50 ശതമാനവും 5ജി ഫോണുകളാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.
'നോക്കിയ ഇന്ത്യാ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് റിപ്പോര്‍ട്ട്' പ്രകാരം ഇന്ത്യയില്‍ ആകെ 10 ദശലക്ഷം 5ജി ഫോണുകളാണ് ഉപയോഗത്തിലുള്ളത്. നെറ്റ് വര്‍ക്ക് ലഭ്യത ഇല്ലാതിരുന്നിട്ടും 5ജി ഫോണുകള്‍ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചുവെങ്കില്‍ ലേലം കഴിയുന്നതോടെ 5ജി ഫോണ്‍ ആവശ്യകത കുതിച്ചുയരും.