image

19 Jun 2022 3:24 AM GMT

Agriculture and Allied Industries

ഭക്ഷ്യ എണ്ണ 'തല്‍ക്കാലം' കീശ കത്തിക്കില്ല; വില കുറച്ചെന്ന് കമ്പനികള്‍

Thomas Cherian K

ഭക്ഷ്യ എണ്ണ തല്‍ക്കാലം കീശ കത്തിക്കില്ല; വില കുറച്ചെന്ന് കമ്പനികള്‍
X

Summary

രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞ് തുടങ്ങിയത് സാധാരണക്കാര്‍ക്കുള്‍പ്പടെ ആശ്വാസകരമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വില വര്‍ധിപ്പിച്ചിരുന്ന വന്‍കിട കമ്പനികള്‍ ഉള്‍പ്പടെ ഇപ്പോള്‍ ഇക്കാര്യത്തില്‍ അയവ് കാണിക്കുകയാണ്. എണ്ണക്കുരു ഉല്‍പ്പാദനത്തിലെ ഇടിവും, പ്രൊസസിംഗ് ചെലവുകളിലുണ്ടായ വര്‍ധനയുമാണ് എണ്ണ വില വര്‍ധനക്ക് കാരണമെന്ന് മുന്‍നിര കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയാണ് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചത്. സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്നാണ് കമ്പനികളും ഇപ്പോള്‍ വില കുറയ്ക്കാനൊരുങ്ങിയത്. ക്രൂഡ് പാമോയില്‍, സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില […]


രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞ് തുടങ്ങിയത് സാധാരണക്കാര്‍ക്കുള്‍പ്പടെ ആശ്വാസകരമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വില വര്‍ധിപ്പിച്ചിരുന്ന വന്‍കിട കമ്പനികള്‍ ഉള്‍പ്പടെ ഇപ്പോള്‍ ഇക്കാര്യത്തില്‍ അയവ് കാണിക്കുകയാണ്. എണ്ണക്കുരു ഉല്‍പ്പാദനത്തിലെ ഇടിവും, പ്രൊസസിംഗ് ചെലവുകളിലുണ്ടായ വര്‍ധനയുമാണ് എണ്ണ വില വര്‍ധനക്ക് കാരണമെന്ന് മുന്‍നിര കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയാണ് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചത്. സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്നാണ് കമ്പനികളും ഇപ്പോള്‍ വില കുറയ്ക്കാനൊരുങ്ങിയത്.

ക്രൂഡ് പാമോയില്‍, സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില ഏതാനും ദിവസം മുന്‍പ് സര്‍ക്കാര്‍ കുറക്കുകയുണ്ടായി. പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ അദാനി വില്‍മര്‍ ഭക്ഷ്യ എണ്ണക്ക് ലിറ്ററിന് 10 രൂപ കുറച്ചു. ഫോര്‍ച്യൂണ്‍ റിഫൈന്‍ഡ് സണ്‍ഫ്‌ലവര്‍ ഓയിലിന്റെ എം ആര്‍ പി 220 രൂപയില്‍ നിന്ന് 210 രൂപയാക്കിയാണ് അദാനി വില്‍മര്‍ വില കുറച്ചത്. ഫോര്‍ച്യൂണ്‍ സോയാബീന്‍, ഫോര്‍ച്യൂണ്‍ കാച്ചി ഗനി എന്നിവയുടെ വില 205 രൂപയില്‍ നിന്ന് 105 രൂപയായും കുറച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഹൈദരാബാദ് ആസ്ഥാനമായുള്ള ജെമിനി എഡിബിള്‍സ് ആന്‍ഡ് ഫാറ്റ്സ് എന്ന കമ്പനിയും ഫ്രീഡം സണ്‍ഫ്‌ലവര്‍ ഓയിലിന്റെ 1 ലിറ്റര്‍ പാക്കറ്റിന്റെ എംആര്‍പി 15 രൂപ കുറച്ച് 220 ആക്കി. മാത്രമല്ല അസംസ്‌കൃത പാമോയിലിന്റെ പുതിയ അടിസ്ഥാന ഇറക്കുമതി വില ടണ്ണിന് 1,625 ഡോളറില്‍ നിന്ന് കുറച്ച് 1,620 ഡോളറാക്കി.

അസംസ്‌കൃത സോയ ഓയില്‍ എണ്ണയുടെ അടിസ്ഥാന ഇറക്കുമതി വില ടണ്ണിന് 1,866 ഡോളറില്‍ നിന്ന് 1,831 ഡോളറായി കുറച്ചു.

പാമോയില്‍ ഇറക്കുമതി കുറഞ്ഞു

ഈ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി 33.20 ശതമാനം കുറഞ്ഞ് 5,14,022 ടണ്ണായതായി സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (എസ്ഇഎ) അറിയിച്ചിരുന്നു. എന്നാല്‍ റിഫൈനറികള്‍ വഴിയുള്ള ആര്‍ബിഡി പാമോലിന്‍ ഓയില്‍ കയറ്റുമതിയില്‍ കുത്തനെ വര്‍ധനവുണ്ടായി. ലോകത്തെ മുന്‍നിര സസ്യ എണ്ണ വാങ്ങുന്ന രാജ്യമായ ഇന്ത്യ 2021 മെയ് മാസത്തില്‍ 7,69,602 ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി ഈ വര്‍ഷം മെയ് മാസത്തില്‍ 10,05,547 ടണ്ണായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,13,142 ടണ്ണായിരുന്നു.

രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും പാമോയിലിന്റെ വിഹിതമാണ്.

എസ്ഇഎ അനുസരിച്ച്, മെയ് 23 മുതല്‍ ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിരോധനം ചില വ്യവസ്ഥകളോടെ നീക്കുകയും കയറ്റുമതി നികുതി കുറയ്ക്കുകയും ചെയ്തു. ഇത് ഇന്തോനേഷ്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുകയും ആഗോള വിലയില്‍ തളര്‍ച്ച ഉണ്ടാക്കുകയും ചെയ്യും. പാം ഓയില്‍ ഉല്‍പ്പന്നങ്ങളില്‍, ക്രൂഡ് പാം ഓയില്‍ (സിപിഒ) ഇറക്കുമതി ഈ വര്‍ഷം മെയ് മാസത്തില്‍ 4.09ലക്ഷം ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.55 ലക്ഷം ടണ്ണായിരുന്നു. എന്നിരുന്നാലും, ആര്‍ബിഡി പാമോലിന്‍ ഇറക്കുമതി 2,075 ടണ്ണില്‍ നിന്ന് ഒരു ലക്ഷം ടണ്ണായി കുത്തനെ ഉയര്‍ന്നു. അതേസമയം ക്രൂഡ് പാം കേര്‍ണല്‍ ഓയിലിന്റെ (സിപികെഒ) ഇറക്കുമതി പ്രസ്തുത കാലയളവില്‍ 11,894 ടണ്ണില്‍ നിന്ന് 4,265 ടണ്ണായി കുറഞ്ഞു.

സോഫ്റ്റ് ഓയിലുകളില്‍, സോയാബീന്‍ എണ്ണയുടെ ഇറക്കുമതി ഈ വര്‍ഷം മെയ് മാസത്തില്‍ 3.73 ലക്ഷം ടണ്ണായി കുത്തനെ വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.67 ലക്ഷം ടണ്ണായിരുന്നു. അതേസമയം സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി മുന്‍ വര്‍ഷം ഇത് കാലയളവിലെ 1.75 ലക്ഷം ടണ്ണില്‍ നിന്ന് 1.18 ലക്ഷം ടണ്ണായി കുറഞ്ഞു. എസ്ഇഎയുടെ കണക്കനുസരിച്ച്, ഈ വര്‍ഷം ജൂണ്‍ ഒന്നിന് ഭക്ഷ്യ എണ്ണ സ്റ്റോക്ക് 4.84 ലക്ഷം ടണ്ണാണ്. ഏകദേശം 17.65 ലക്ഷം ടണ്‍ പൈപ്പ്‌ലൈനിലാണ്. ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അര്‍ജന്റീനയില്‍ നിന്ന് സോയാബീന്‍ ഓയില്‍ ഉള്‍പ്പെടെ ചെറിയ അളവില്‍ ക്രൂഡ് സോഫ്റ്റ് ഓയിലും ഉക്രെയ്നില്‍ നിന്നും റഷ്യയില്‍ നിന്നും സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.