image

14 Jun 2022 10:30 PM GMT

Stock Market Updates

വിപണികള്‍ ഫെഡ് നിരക്ക് കാത്തിരിക്കുന്നു, അനിശ്ചിതത്വം തുടരും

Suresh Varghese

വിപണികള്‍ ഫെഡ് നിരക്ക് കാത്തിരിക്കുന്നു, അനിശ്ചിതത്വം തുടരും
X

Summary

ഇന്ത്യന്‍ വിപണി മറ്റ് ആഗോള വിപണികളെപ്പോലെതന്നെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം കാത്തിരിക്കുകയാണ്. ഫെഡ് നിരക്ക് പുറത്തു വരുന്നതിനു മുമ്പുള്ള ഈ സമയത്ത് കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിക്ഷേപകര്‍ തയ്യാറായേക്കില്ല. സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളാവും അവര്‍ അന്വേഷിക്കുക. അതിനാല്‍, വിപണികളില്‍ ഇന്ന് കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഫെഡ് നിരക്ക് 0.75 ശതമാനം വരെ ഉയര്‍ന്നേക്കാം എന്ന പ്രവചനത്തിനാണ് ഇപ്പോള്‍ ശക്തി കൂടുതല്‍. ഇന്നലെ പുറത്തു വന്ന പല സാമ്പത്തിക സൂചനകളും, പ്രത്യേകിച്ച് പ്രൊഡ്യൂസേഴ്‌സ് പ്രൈസ് ഇന്‍ഡെക്‌സ്, അനുസരിച്ച് അമേരിക്കന്‍ […]


ഇന്ത്യന്‍ വിപണി മറ്റ് ആഗോള വിപണികളെപ്പോലെതന്നെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം കാത്തിരിക്കുകയാണ്. ഫെഡ് നിരക്ക് പുറത്തു വരുന്നതിനു മുമ്പുള്ള ഈ സമയത്ത് കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിക്ഷേപകര്‍ തയ്യാറായേക്കില്ല. സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളാവും അവര്‍ അന്വേഷിക്കുക. അതിനാല്‍, വിപണികളില്‍ ഇന്ന് കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഫെഡ് നിരക്ക് 0.75 ശതമാനം വരെ ഉയര്‍ന്നേക്കാം എന്ന പ്രവചനത്തിനാണ് ഇപ്പോള്‍ ശക്തി കൂടുതല്‍. ഇന്നലെ പുറത്തു വന്ന പല സാമ്പത്തിക സൂചനകളും, പ്രത്യേകിച്ച് പ്രൊഡ്യൂസേഴ്‌സ് പ്രൈസ് ഇന്‍ഡെക്‌സ്, അനുസരിച്ച് അമേരിക്കന്‍ സമ്പദ്ഘടന അത്ര നല്ല സ്ഥിതിയിലല്ല. കടുത്ത നിരക്കു വര്‍ദ്ധനവ് ഏതാണ്ട് അനിവാര്യമായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആഗോള വിപണികളെല്ലാം ശ്വാസമടക്കി ഫെഡ് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് രാത്രിയോടെ മാത്രമേ തീരുമാനം പുറത്തുവരികയുള്ളു.

ഏഷ്യന്‍-അമേരിക്കന്‍ വിപണികള്‍
അമേരിക്കന്‍ വിപണികള്‍ ഇന്നലെ സമ്മിശ്ര പ്രതികരണമാണ് നല്‍കിയത്. ഡൗ ജോണ്‍സും, എസ്ആന്‍ഡ്പി 500 നേരിയ നഷ്ടത്തില്‍ അവസാനിച്ചപ്പോള്‍ നാസ്ഡാക് നേരിയ ലാഭം കാണിച്ചു. ഏഷ്യന്‍ വിപണികളും ഇന്നു രാവിലെ സമ്മിശ്ര പ്രതികരണമാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.20 ന് 0.15 ശതമാനം നഷ്ടത്തിലാണ്. ജപ്പാനിലെ നിക്കി, തായ് വാന്‍ വെയിറ്റഡ്, ദക്ഷണി കൊറിയയിലെ കോസ്പി എന്നിവ നഷ്ടത്തിലാണ്. എന്നാല്‍ ഷാങ്ഹായ് സൂചിക, ചൈന എ50, ഹോംകോംഗിലെ ഹാങ്‌സെങ് എന്നിവ ലാഭം കാണിക്കുന്നു. ഒരു മേഖലയിലും കനത്ത ഇടിവോ നിരാശയോ പ്രകടമാകുന്നില്ലെങ്കിലും മുന്നേറ്റത്തിനുള്ള സാധ്യതകള്‍ തുലോം കുറവാണ്.

ക്രൂഡോയില്‍
ഏഷ്യയില്‍ ക്രൂഡോയില്‍ വില നേരിയ കുറവു കാണിക്കുന്നു. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളും, കേന്ദ്ര ബാങ്കുകളുടെ കര്‍ശന നടപടികളും ഓയില്‍ ഡിമാന്‍ഡ് താല്‍ക്കാലികമായി കുറച്ചേക്കുമെന്നുള്ള ഭീതിയിലാണ് ഈ വിലക്കുറവ് സംഭവിക്കുന്നത്. എന്നാല്‍ ഒപെകിന്റെ പ്രതിമാസ റിപ്പോര്‍ട്ടനുസരിച്ച് ഓയില്‍ ആവശ്യം ഈ വര്‍ഷം കോവിഡിനു മുമ്പുള്ള നിലയിലേക്കെത്തും. എന്നാല്‍, വില വര്‍ദ്ധനവും, അത് സൃഷ്ടിക്കുന്ന പണപ്പെരുപ്പവും കാരണം അടുത്ത വര്‍ഷം ക്രൂഡോയിലിന്റെ ആവശ്യം കുറയും. എന്നാല്‍, ഉത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കാര്യമായ നടപടികളൊന്നും അംഗരാജ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുമില്ല. ലിബിയയില്‍ നിന്നുള്ള ഉത്പാദനത്തിനും ഇപ്പോള്‍ തടസങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനാല്‍, കാര്യമായ വിലക്കുറവ് പ്രതീക്ഷിക്കാനാവില്ല. ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ദോഷകരമാണ്. ആഭ്യന്തര സാമ്പത്തിക വളർച്ച അത്ര മെച്ചമല്ലെന്ന് സൂചിപ്പിച്ചുകൊണ്ട്, ഇന്നലെ പുറത്തു വന്ന മേയിലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 15.88 ശതമാനമാണ്. ഇത് 1991 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഏപ്രിലില്‍ ഇത് 15.08 ശതമാനമായിരുന്നു.

വിദേശ നിക്ഷേപകർ
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 4,502.25 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 3,807.6 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ഫെഡ് നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നാല്‍ വിദേശ നിക്ഷേപകരുടെ ആഭ്യന്തര വിപണിയിലെ വില്‍പ്പനയും വര്‍ദ്ധിക്കും.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു, "ഫെഡ് നിരക്ക് എത്രയെന്നതിനെക്കാളുപരി അവര്‍ നല്‍കുന്ന മെസേജാണ് വിപണിയില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കുക. വിപണി 75 ബേസിസ് പോയിന്റ് വരെയുള്ള വര്‍ദ്ധനവ് കണക്കിലെടുക്കുന്നുണ്ട്. അതിനാല്‍, ഈ നിലയിലുള്ള വര്‍ദ്ധനവിന് കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ നിരന്തരമായി തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പനയാണ് മുഖ്യ പ്രശ്‌നം. ഡോളര്‍ ഇന്‍ഡെക്‌സ് 105 ന് മുകളില്‍ നില്‍ക്കുന്നതും യുഎസിലെ പത്തു വര്‍ഷ ബോണ്ടിന്റെ യീല്‍ഡ് 3.46 ശതമാനമായിരിക്കുന്നതും വില്‍പ്പനയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. വിപണിയില്‍ ഉയര്‍ച്ചയുണ്ടാകണമെങ്കില്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പനയ്ക്ക് ശമനമുണ്ടാകണം. ഈ വില്‍പ്പനയുടെ ഫലമായി വില കുറയുന്ന മികച്ച ഓഹരികള്‍ വാങ്ങാന്‍ ഇതൊരവസരമാണ്."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,740 രൂപ (ജൂണ്‍ 15)
ഒരു ഡോളറിന് 78.05 രൂപ (ജൂണ്‍ 15)
ബ്രെന്റ് ക്രൂഡ് ബാരലിന് 121.42 ഡോളര്‍ (8.28 am)
ഒരു ബിറ്റ് കോയിന്റെ വില 18,31,273 രൂപ (8.28 am)