image

4 Jun 2022 4:03 AM GMT

Banking

ഉപഭോക്താക്കള്‍ ബാങ്കുകള്‍ക്ക് 'താഴിടുന്നു': നൂറുകണക്കിന് ശാഖകള്‍ മാഞ്ഞേക്കും

Thomas Cherian K

ഉപഭോക്താക്കള്‍ ബാങ്കുകള്‍ക്ക് താഴിടുന്നു: നൂറുകണക്കിന് ശാഖകള്‍ മാഞ്ഞേക്കും
X

Summary

ബാങ്കിംഗ് മേഖലയില്‍ വളര്‍ച്ച പ്രകടമാണെങ്കിലും ശാഖകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നുവെന്ന് കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി നാം കേള്‍ക്കുന്ന ഒന്നാണ്. ആഗോളതലത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പല ബാങ്കുകളും ശാഖകള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള നീക്കം ശക്തമാക്കുകയാണ്. എന്നാല്‍ അക്കൗണ്ട് ഉടമകള്‍ തന്നെയാണ് പ്രക്രിയ്ക്ക് മൂല കാരണം എന്നതാണ് കൗതുകമുണര്‍ത്തുന്ന വസ്തുത. ഭൂരിഭാഗം ആളുകളും ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് മാറിയതോടെ ശാഖകളിലേക്ക് നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ട ആവശ്യം വരുന്നില്ല. ശാഖകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ്ജുകള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്നുള്ള വരുമാനം കുറയുകയും ഇത്തരം ശാഖകള്‍ക്ക് വേണ്ടി […]


ബാങ്കിംഗ് മേഖലയില്‍ വളര്‍ച്ച പ്രകടമാണെങ്കിലും ശാഖകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നുവെന്ന് കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി നാം കേള്‍ക്കുന്ന ഒന്നാണ്. ആഗോളതലത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പല ബാങ്കുകളും ശാഖകള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള നീക്കം ശക്തമാക്കുകയാണ്. എന്നാല്‍ അക്കൗണ്ട് ഉടമകള്‍ തന്നെയാണ് പ്രക്രിയ്ക്ക് മൂല കാരണം എന്നതാണ് കൗതുകമുണര്‍ത്തുന്ന വസ്തുത. ഭൂരിഭാഗം ആളുകളും ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് മാറിയതോടെ ശാഖകളിലേക്ക് നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ട ആവശ്യം വരുന്നില്ല.

ശാഖകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ്ജുകള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്നുള്ള വരുമാനം കുറയുകയും ഇത്തരം ശാഖകള്‍ക്ക് വേണ്ടി വരുന്നതായ മെയിന്റനന്‍സ് ചാര്‍ജ്ജ് വര്‍ധിക്കുകയും ചെയ്തതോടെ ബാങ്കുകള്‍ക്ക് ഇവ പൂട്ടുക എന്നതല്ലാതെ മറ്റൊരു വഴിയില്ലാതായി. ഇന്ത്യയിലെ സാഹചര്യം കണക്കാക്കിയാല്‍ യുപിഐ പേയ്‌മെന്റുകളിലെ വര്‍ധനയ്ക്ക് ആനുപാതികമായി തന്നെ ശാഖകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. ആഗോളതലത്തിലാണെങ്കില്‍ യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ശാഖകള്‍ പൂട്ടേണ്ട നിലയിലേക്ക് പല ബാങ്കുകളും എത്തി.

യുകെ: ഇക്കുറി പൂട്ടുവീഴുന്നത് 330 ശാഖകള്‍ക്ക്

ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ യൂണിവേഴ്‌സല്‍ ബാങ്കായ ബാര്‍ക്ലെയ്‌സിന്റെ 27 ശാഖകള്‍ ഉടന്‍ പൂട്ടും. 2023നകം 103 ശാഖകള്‍ കൂടി പൂട്ടാനുള്ള നീക്കത്തിലാണ് ബാങ്കെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. നിലവിലുള്ള കണക്കുകള്‍ നോക്കിയാല്‍ ബാര്‍ക്ലെയ്‌സിന്റെ ആകെ 330 ശാഖകള്‍ക്കാണ് താഴു വീഴാന്‍ പോകുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് ആളുകള്‍ തിരിഞ്ഞതും ശാഖകളുടെ ചെലവ് വര്‍ധിച്ചതുമാണ് നീക്കത്തിന് പിന്നില്‍. ഇതോടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ വിപുലീകരിക്കാനും മികച്ച സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ബാര്‍ക്ലെയ്‌സ് അധികൃതര്‍. യുകെയിലെ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്, എച്ച്എസ്ബിസി, ടിഎസ്ബി എന്നീ ബാങ്കുകളുടെ ഏതാനും ശാഖകളും ഉടന്‍ പൂട്ടുമെന്ന് അറിയിപ്പ് വന്നുകഴിഞ്ഞു. ലോയ്ഡ്‌സ്-28, എച്ച്എസ്ബിസി-69, ടിഎസ്ബി-70 എണ്ണം എന്നിങ്ങനെ യഥാക്രമം ബാങ്ക് ശാഖകള്‍ വെട്ടിക്കുറയ്ക്കും.

ഇന്ത്യയില്‍ 2,118 ശാഖകൾ

10 പൊതുമേഖലാ ബാങ്കുകളുടെ 2,118 ശാഖകള്‍ പൂട്ടിയേക്കുമെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ചന്ദ്രശേഖര്‍ ഗൗഡ് എന്ന വ്യക്തിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഏതാനും ബാങ്ക് ശാഖകള്‍ ലയിപ്പിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്തിടെ ഏറ്റവുമധികം ശാഖകള്‍ പൂട്ടിയത് ബാങ്ക് ഓഫ് ബറോഡയാണെന്നും 1,283 ശാഖകള്‍ക്കാണ് താഴു വീണതെന്നും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബാങ്ക് ശാഖകളുടെ എണ്ണം കുറച്ച് ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് രാജ്യത്തെ ബാങ്കുകളും ശ്രമിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2023 മാര്‍ച്ചിനകം 600 ബ്രാഞ്ചുകള്‍ പൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ വന്‍ നഷ്ടത്തിലോടുന്ന ശാഖകള്‍ ആദ്യഘട്ടത്തില്‍ പൂട്ടും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ 3400 ബാങ്ക് ശാഖകള്‍ പൂട്ടുകയും ഇവയില്‍ ചിലത് ലയിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യുപിഐ കുതിപ്പ്

യുപിഐ ഉപയോഗത്തിലെ കുതിപ്പും ഡിജിറ്റല്‍ ബാങ്കിംഗിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2021ല്‍ മാത്രം നടന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സാക്ഷനുകളില്‍ യുപിഐയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതു പ്രകാരം നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) ലൂടെ നടന്നിരുന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളില്‍ 8 ശതമാനം ഇടിവാണ് നേരിട്ടത്.

വിവിധ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ച്ചയും ആകെ ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ 77 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയപ്പോള്‍ ആനുപാതിക വളര്‍ച്ച നെഫ്റ്റ് ഇടപാടില്‍ ഉണ്ടായില്ല. മൂല്യത്തില്‍ 6.5 ശതമാനവും ആകെ ട്രാന്‍സ്ഫറുകളില്‍ 22 ശതമാനം വളര്‍ച്ചയും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021ല്‍ മാത്രം നടന്ന യുപിഐ ട്രാസ്ഫറുകളുടെ ആകെ മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 98 ശതമാനം വളര്‍ച്ചയാണുണ്ടായത്.

ആകെ ട്രാന്‍സാക്ഷനുകളില്‍ 104 ശതമാനം വളര്‍ച്ച യുപിഐ നേടി. ലളിതമായ ഉപയോഗ രീതിയും ഇതര ചാര്‍ജുകളും ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായതിനാലാണ് യുപിഐയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2020 ജനുവരി മുതല്‍ 2022 ജനുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ യുപിഐയുടെ ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ക്കറ്റ് വിഹിതം 8.1 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ന്നു.

നോണ്‍ ക്യാഷ് പേയ്‌മെന്റുകളുടെ കാലം

2026 ആകുമ്പോഴേയ്ക്കും രാജ്യത്തെ ആകെ ട്രാന്‍സാക്ഷനുകളുടെ 65 ശതമാനവും യുപിഐ (യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പോലുള്ള 'നോണ്‍ ക്യാഷ്' പേയ്മെന്റുകളായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിസിജിയും പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേയും സംയുക്തമായി ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി യുപിഐ പേയ്മെന്റുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പേയ്മെന്റുകളില്‍ 40 ശതമാനവും യുപിഐ പേയ്മെന്റ് പോലുള്ളവയാണ്. ഡിജിറ്റല്‍ പേയ്മെന്റ് മേഖല 2026 ആകുമ്പോള്‍ 10 ട്രില്യണ്‍ ഡോളര്‍ വിപണിയാകുമെന്നും നിലവിലത് 3 ട്രില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ 75 ശതമാനം ആളുകളും യുപിഐ പേയ്മെന്റുകളിലേക്ക് മാറുമെന്നും 2020-21 സാമ്പത്തിക വര്‍ഷം ഇത് 35 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.