2 Jun 2022 2:25 AM GMT
Summary
ഡെല്‍ഹി: ആഗോള സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം ഉല്‍പ്പാദനത്തെ ബാധിച്ചു കൊണ്ടിരിക്കുമ്പോഴും, പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് എന്നിവ 2022 മെയ് മാസത്തില്‍ ശക്തമായ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍, ഹോണ്ട കാര്‍സ്, സ്‌കോഡ എന്നിവയുടെ മോഡലുകള്‍ക്ക് കഴിഞ്ഞ മാസം ശക്തമായ ഡിമാന്‍ഡുണ്ടായി. ഈ കാലയളവില്‍ ആഭ്യന്തര മൊത്തക്കച്ചവടത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായിയെക്കാള്‍ മുന്നിലാണ് ടാറ്റ മോട്ടോഴ്സ്. മാരുതി സുസുക്കി ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ കാര്‍ […]
ഡെല്‍ഹി: ആഗോള സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം ഉല്‍പ്പാദനത്തെ ബാധിച്ചു കൊണ്ടിരിക്കുമ്പോഴും, പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് എന്നിവ 2022 മെയ് മാസത്തില്‍ ശക്തമായ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍, ഹോണ്ട കാര്‍സ്, സ്‌കോഡ എന്നിവയുടെ മോഡലുകള്‍ക്ക് കഴിഞ്ഞ മാസം ശക്തമായ ഡിമാന്‍ഡുണ്ടായി. ഈ കാലയളവില്‍ ആഭ്യന്തര മൊത്തക്കച്ചവടത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായിയെക്കാള്‍ മുന്നിലാണ് ടാറ്റ മോട്ടോഴ്സ്.
മാരുതി സുസുക്കി ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ (എംഎസ്‌ഐ) ആഭ്യന്തര വില്‍പ്പന മെയ് മാസത്തില്‍ 1,34,222 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തില്‍ 35,293 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ മേയില്‍ 1.03 ലക്ഷം യൂണിറ്റായി ചുരുങ്ങിയ പാസഞ്ചര്‍ വാഹന വ്യവസായം ഈ വര്‍ഷം മെയ് മാസത്തില്‍ 2.94 ലക്ഷം യൂണിറ്റായി കുതിച്ചുയര്‍ന്നു. കഴിഞ്ഞ മാസം, ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന കമ്പനിയുടെ മിനി കാറുകളുടെ വില്‍പ്പന 17,408 യൂണിറ്റായി ഉയര്‍ന്നു, 2021 മെയ് മാസത്തില്‍ ഇത് 4,760 ആയിരുന്നു.
ടാറ്റ മോട്ടോഴ്സ്
കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ടാറ്റ മോട്ടോഴ്സ് 43,341 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പന നടത്തി. നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ ശക്തമായ വില്‍പ്പനയുടെ നേതൃത്വത്തില്‍, പിവിയും ഇവിയും ആഭ്യന്തരമായി സംയോജിപ്പിച്ച് വില്‍പ്പന ആരംഭിച്ചതിന് ശേഷമുള്ള, കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 476 യൂണിറ്റുകള്‍ വിറ്റഴിച്ചതില്‍ നിന്ന് 3,454 യൂണിറ്റുകളായി ഉയര്‍ന്നു.
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ
2022 മെയ് മാസത്തില്‍ ആഭ്യന്തര മൊത്ത വില്‍പ്പന 42,293 യൂണിറ്റായിരുന്നുവെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 25,001 വാഹനങ്ങള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ വിറ്റിരുന്നു. 8,970 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. എന്നാല്‍ 2021 മെയ് മാസം 5,702 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തതെന്നും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര-വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ച ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും തങ്ങളെന്നും കമ്പനി അറിയിച്ചു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 26,904 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,508 യൂണിറ്റായിരുന്നു. മെയ് മാസത്തില്‍ 2,028 യൂണിറ്റുകളുടെ കയറ്റുമതിയാണ് റിപ്പോര്‍ട്ട് ചെയ്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,935 യൂണിറ്റായിരുന്നു വിദേശ കയറ്റുമതി. മെയ് മാസത്തില്‍ 26,632 എസ്യുവികളുടെ വില്‍പ്പനയോടെ, XUV700, ഥാര്‍ എന്നിവയുള്‍പ്പെടെ കമ്പനിയുടെ എല്ലാ വാഹനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു.
കിയ ഇന്ത്യ
വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യയുടെ വില്‍പ്പന 69 ശതമാനം വര്‍ധിച്ച് 18,718 യൂണിറ്റുകളായി. 2021 മെയ് മാസം കമ്പനി 11,050 യൂണിറ്റുകള്‍ വിറ്റഴിച്ചു. 7,899 യൂണിറ്റുകളുമായി കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് സോനെറ്റാണെന്ന് കിയ ഇന്ത്യ അറിയിച്ചു. സെമികണ്ടക്ടര്‍ ക്ഷാമം ക്രമാനുഗതമായി കുറഞ്ഞതോടെ, 2022-ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 97,796 യൂണിറ്റുകളുടെ വില്‍പ്പന നടന്നതായി കമ്പനി അറിയിച്ചു. 2022 മെയ് മാസത്തെ വില്‍പ്പന പ്രകടനത്തോടെ, കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 4.5 ലക്ഷം യൂണിറ്റും മറികടന്നു.
ഹോണ്ട കാര്‍സ് ഇന്ത്യ
കഴിഞ്ഞ മാസത്തെ ആഭ്യന്തര വില്‍പ്പന 8,188 യൂണിറ്റായിരുന്നുവെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. കമ്പനി 1,997 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആഭ്യന്തര വിപണിയില്‍ 2,032 യൂണിറ്റുകളും വിദേശ വിപണികളില്‍ 385 യൂണിറ്റുകളും കമ്പനി വിറ്റഴിച്ചിരുന്നു.
സ്‌കോഡ ഓട്ടോ ഇന്ത്യ
ആഭ്യന്തര വിപണിയില്‍ 2022 മെയ് മാസത്തില്‍ 4,604 യൂണിറ്റുകള്‍ വിറ്റഴിച്ച് വില്‍പ്പനയില്‍ ആറ് മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ. മുന്‍ വര്‍ഷം മെയ് മാസത്തില്‍ കമ്പനി 716 യൂണിറ്റുകളാണ് വിറ്റഴിച്ചത്. സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും വില്‍പ്പനയില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ വേഗത നിലനിര്‍ത്തി.
എംജി മോട്ടോര്‍ ഇന്ത്യ
എംജി മോട്ടോര്‍ ഇന്ത്യ 2022 മെയ് മാസത്തില്‍ ആഭ്യന്തര വിപണിയില്‍ 4,008 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 1,016 യൂണിറ്റുകള്‍ വിറ്റഴിച്ചതായി എംജി മോട്ടോര്‍ ഇന്ത്യ പറഞ്ഞു. 2022 ഏപ്രിലില്‍ വാഹന നിര്‍മ്മാതാവ് 2,008 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. ഈ വളര്‍ച്ച ചിപ്പ് ലഭ്യതയിലെ പുരോഗതി പ്രകടമാക്കുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി എംജി മോട്ടോര്‍ ഇന്ത്യ പറഞ്ഞു.