മൂന്നു ദിവസത്തെ മികച്ച പ്രകടനത്തിനുശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ നിര്‍ണായകമാവുക നാലാംപാദ ജിഡിപി കണക്കുകളാണ്. ആര്‍ബിഐയുടെ ധന-വായ്പാ...
മൂന്നു ദിവസത്തെ മികച്ച പ്രകടനത്തിനുശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ നിര്‍ണായകമാവുക നാലാംപാദ ജിഡിപി കണക്കുകളാണ്. ആര്‍ബിഐയുടെ ധന-വായ്പാ റിവ്യുവും ഇന്ന് പുറത്തു വന്നേക്കാം. കൂടാതെ, മാര്‍ച്ചിലെ ധനകമ്മിയുടെ കണക്കുകളും ഇന്ന് പ്രതീക്ഷിക്കുന്നു. ഈ വിവരങ്ങളെല്ലാം വിപണിയി കണക്കിലെടുത്തേക്കും. ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ സമ്മിശ്ര പ്രതികരണമാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.19 ന് 0.36 ശതമാനം താഴ്ച്ചയിലാണ്. തായ് വാന്‍ വെയിറ്റഡും നേരിയ നഷ്ടത്തിലാണ്. എന്നാല്‍, ജപ്പാനിലെ നിക്കി, ഷാങ്ഹായ് സൂചിക, ചൈന എ50, ഹോംകോംഗിലെ ഹാങ് സെങ് സൂചിക, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ നേരിയ ലാഭം കാണിക്കുന്നു.
ക്രൂഡോയില്‍
ബ്രെന്റ് ക്രൂഡോയില്‍ വില ഏഷ്യയില്‍ ഉയരുകയാണ്. റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി 2022 അവസാനത്തോടെ കുറയ്ക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനം വിപണിയെ ചൂടുപിടിപ്പിച്ചു. അമേരിക്കന്‍ ഓയില്‍ സംഭരണം താഴ്ന്ന നിലയിലായിരുന്നു. വേനല്‍ക്കാലത്തെ വര്‍ദ്ധിച്ച ഉപഭോഗം കൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണയുടെ ആവശ്യക്കാര്‍ ഏറാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ റഷ്യന്‍ ഉത്പന്നത്തിനു മേല്‍ നിരോധനം ഏര്‍പ്പെടുത്തുന്ന നടപടി സ്വാഭാവികമായും വിലക്കയറ്റത്തിലേക്കും, പണപ്പെരുപ്പത്തിലേക്കും നയിക്കും.
സ്‌പെയിനിലെയും, ജര്‍മ്മനിയിലെയും ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിച്ചുയര്‍ന്നതോടെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും കര്‍ശന പണ നയത്തിലേക്ക് മാറുകയാണ്. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളുടെ നിരക്കുയര്‍ത്തല്‍ നടപടികള്‍ ഇപ്പോഴും വിപണികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് ആഗോള വളര്‍ച്ചയെ മുരടിപ്പിക്കുമെന്നതാണ് കാരണം. കുതിക്കുന്ന എണ്ണ വില ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. വര്‍ദ്ധിക്കുന്ന വ്യാപാരക്കമ്മി പൊതുവേ ദുര്‍ബലമായ സ്ഥിതിയിലുള്ള രൂപയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വിദേശ നാണ്യ ശേഖരത്തിന്റെ ശോഷണത്തിനും ഇത് കാരണമാകും.
അമേരിക്കന്‍ വിപണി
അമേരിക്കന്‍ ഓഹരികള്‍ ഇന്നലെ നേട്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 1.76 ശതമാനവും, എസ് ആന്‍ഡ് പി 500 2.47 ശതമാനവും, നാസ്ഡാക് 3.33 ശതമാനവും നേട്ടം കൈവരിച്ചു. ഈ നേട്ടങ്ങള്‍, പ്രത്യേകിച്ച് ടെക് ഓഹരികള്‍ക്കു മുന്‍തൂക്കമുള്ള നാസ്ഡാക്കിന്റെ പ്രകടനം, ഇന്നലെ ഇന്ത്യന്‍ വിപണിക്കും പ്രചോദനമായി. യുഎസ് ഭവന വില സൂചികാ കണക്കുകള്‍ ഇന്നു പുറത്തുവരും.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 502 കോടി രൂപയുടെ അറ്റ നിക്ഷേപകരായി മാറി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 1,524 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ഇത് വിദേശ നിക്ഷേപകരുടെ സ്വഭാവം നേരിയ തോതില്‍ മാറുന്നതിന്റെ സൂചനയാണ്. "നിരന്തരമായി വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങുന്നവരായി മാറിയത് നിര്‍ണായക ചുവടുവയ്പാണ്. എന്നാല്‍, അവര്‍ ഈ നില തുടരുമോയെന്ന് കാത്തിരുന്ന് കാണാം," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
വിദഗ്ധാഭിപ്രായം
"വിപണിയുടെ തിരിച്ചുവരവ് കൃത്യതയുള്ളതായിരുന്നു. ലാര്‍ജ്-ക്യാപ് ഓഹരികളുടെ മുന്നേറ്റമാണ് ഇതിലേക്ക് നയിച്ചത്. തളര്‍ന്നു കിടന്ന ഐടി ഓഹരികളിലെ മുന്നേറ്റവും എടുത്തു പറയേണ്ടതാണ്. വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ ഏറ്റവും പ്രധാനം അമേരിക്കന്‍ വിപണിയുടെ ചലനങ്ങളാണ്. അതിനെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പണപ്പെരുപ്പവും, യുഎസ് ഫെഡിന്റെ പ്രതികരണങ്ങളുമാണ്. ഈ ദിവസങ്ങളിലെ മുന്നേറ്റത്തിന്റെ പ്രധാന കാരണം അമേരിക്കയിലെ പണപ്പെരുപ്പം ഉച്ചസ്ഥായിയിലെത്തിയെന്നും അതിനെ നേരിടുവാന്‍ ഫെഡ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോവുകയില്ലെന്നുമുള്ള വിപണിയുടെ കണക്കുകൂട്ടലുകളാണ്. ഇന്ത്യന്‍ വിപണിക്കും, സമ്പദ്ഘടനയ്ക്കും ഉണ്ടായേക്കാവുന്ന മറ്റൊരു തിരിച്ചടി ക്രൂഡോയില്‍ വില 120 ഡോളര്‍ കവിയുന്നതാണ്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാര്യങ്ങള്‍ ഇവിടെ കൊണ്ടെത്തിച്ചേക്കാം. ധനകാര്യ ഓഹരികള്‍ ഏത് പ്രതിസന്ധികള്‍ക്കിടയിലും തിരിച്ചുവരവിന് ശേഷിയുള്ളവയാണ്," വിജയകുമാര്‍ പറഞ്ഞു.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,785 രൂപ (മേയ് 31)
ഒരു ഡോളറിന് 77.64 രൂപ (മേയ് 31)
ബ്രെന്റ് ക്രൂഡ് ബാരലിന് 122.43 ഡോളര്‍ (8.23 am)
ഒരു ബിറ്റ് കോയിന്റെ വില 25,58,810 രൂപ (8.23 am)