28 May 2022 2:26 AM GMT
സാങ്കേതികവിദ്യയും സപ്ലൈ ചെയിൻ മാനേജ്മെന്റും ബിസിനസ് മുന്നോട്ട് നയിക്കുന്നു: സിഇഒ സര്‍വേ
MyFin Bureau
Summary
കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയെങ്കിലും തങ്ങളുടെ സംരംഭങ്ങളുടെ നിലനില്‍പ്പിന് കരുത്ത് പകരാനുള്ള ശ്രമത്തിലായിരുന്നു ബിസിനസ് മേഖലയിലെ എല്ലാ തട്ടിലുള്ളവരും. ചെറിയ പീടികകൾ മുതല്‍ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ വരെ ഏവരും 'കോവിഡ് പ്രഹരം' പരിഹരിച്ചത് പുത്തന്‍ ചുവടുവെപ്പുകള്‍ വഴിയാണ്. എന്നാലിപ്പോള്‍ പണപ്പെരുപ്പം മുതല്‍ റഷ്യ-യുക്രൈന്‍ പ്രതിസന്ധി വരെ നിരവധി പ്രശ്നങ്ങൾ ആഗോളതലത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമ്പോൾ നിലനിൽപ്പിനുള്ള ശ്രമങ്ങൾക്കാണ് കമ്പനികൾ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇതിന് അടിവരയിടുന്നതാണ് അന്താരാഷ്ട്ര ഏജൻസിയായ ഏണസ്‌റ് ആൻഡ് യങ് (ഇവൈ) അടുത്തിടെ പ്രസിദ്ധീകരിച്ച സിഇഒ സര്‍വേ […]
കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയെങ്കിലും തങ്ങളുടെ സംരംഭങ്ങളുടെ നിലനില്‍പ്പിന് കരുത്ത് പകരാനുള്ള ശ്രമത്തിലായിരുന്നു ബിസിനസ് മേഖലയിലെ എല്ലാ തട്ടിലുള്ളവരും. ചെറിയ പീടികകൾ മുതല്‍ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ വരെ ഏവരും 'കോവിഡ് പ്രഹരം' പരിഹരിച്ചത് പുത്തന്‍ ചുവടുവെപ്പുകള്‍ വഴിയാണ്. എന്നാലിപ്പോള്‍ പണപ്പെരുപ്പം മുതല്‍ റഷ്യ-യുക്രൈന്‍ പ്രതിസന്ധി വരെ നിരവധി പ്രശ്നങ്ങൾ ആഗോളതലത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമ്പോൾ നിലനിൽപ്പിനുള്ള ശ്രമങ്ങൾക്കാണ് കമ്പനികൾ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.
ഇതിന് അടിവരയിടുന്നതാണ് അന്താരാഷ്ട്ര ഏജൻസിയായ ഏണസ്‌റ് ആൻഡ് യങ് (ഇവൈ) അടുത്തിടെ പ്രസിദ്ധീകരിച്ച സിഇഒ സര്‍വേ 2022 റിപ്പോര്‍ട്ട്. ഇതില്‍ കമ്പനിയുടെ തുടര്‍പ്രവര്‍ത്തനം സാധ്യമാക്കിയ ഘടകങ്ങള്‍ മുതല്‍ ഭാവി മുന്നില്‍ കണ്ട് സിഇഒമാര്‍ നടത്തുന്ന ചുവടുവെപ്പുകള്‍ വരെ എല്ലാം ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചതാണ് മിക്ക കമ്പനികള്‍ക്കും നേട്ടമായത്.
പുത്തന്‍ തന്ത്രങ്ങള്‍
ആഗോള പ്രതിസന്ധിയ്ക്കിടയില്‍ മിക്ക കമ്പനികളും വിതരണ ശൃംഖലയില്‍ (സപ്ലൈ ചെയിന്‍) കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പിടിച്ചു നിന്നത്. ചരക്കുകള്‍ അതിവേഗം എത്തിക്കുക എന്നതിന് പകരം ഘട്ടം ഘട്ടമായി പല മാര്‍ഗങ്ങളിലൂടെ എത്തിക്കുവാന്‍ കമ്പനികള്‍ മുന്‍ഗണന നല്‍കി. ഇത് ലോജിസ്റ്റിക്‌സ് ചെലവ് ഒരു പരിധി വരെ കുറക്കുന്നതിന് കമ്പനികളെ സഹായിച്ചു. 78 ശതമാനം സിഇഒമാരും വരുമാന വളര്‍ച്ചയ്ക്ക് തുല്യമായ പാരിസ്ഥിതിക, സാമൂഹിക, ഭരണ (ഇ എസ് ജി) ഘടകങ്ങൾ തിരിച്ചറിയുന്നതിലും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും മുൻപന്തിയിലാണെന്നു സര്‍വേ വ്യക്തമാക്കുന്നു. 90 ശതമാനം സിഇഒമാരും മത്സരാധിഷ്ഠിതമായി ബിസിനസ് നടത്തുക എന്നതിലുപരി നിലനില്‍പ്പ് ഉറപ്പാക്കുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീക്കി.
'ഡിജിറ്റല്‍' മാറ്റം
49 ശതമാനം സിഇഒമാരും കമ്പനി നിലനില്‍പ്പ് ഉറപ്പാക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിച്ചു. ഉത്പാദന മേഖല, എഡ്‌ടെക്ക്, വിനോദം, മറ്റ് സേവന മേഖലകൾ എന്നിവയിലെല്ലാം ഡിജിറ്റലൈസേഷനെ കൂടുതലായി ആശ്രയിക്കുന്നതിനൊപ്പം ഓണ്‍ലൈനായി ബിസിനസ് വളര്‍ച്ച ഉറപ്പാക്കുന്നതിലും ഇവർ ശ്രദ്ധ ചെലുത്തി.
ഇന്ത്യന്‍ സിഇഒ-മാരിൽ 50 ശതമാനവും ഭാവിയില്‍ തങ്ങളുടെ ബിസിനസ് ലാഭം വര്‍ധിപ്പിക്കുവാന്‍ ഡിജിറ്റല്‍ ടൂളുകള്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. മാത്രമല്ല 43 ശതമാനം സിഇഒമാരും ഡാറ്റയുടെ സഹായത്തോടെ പുത്തന്‍ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ സാധിക്കുമെന്നും വിശ്വസിക്കുന്നു. ഇപ്പോള്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പുറമേ കാലാവസ്ഥാ വ്യതിയാനമടക്കം പലതും നിലനില്‍പിനെ ബാധിക്കുമെന്ന് വശ്വസിക്കുന്നവരും ഉണ്ട്. ഇത്തരത്തില്‍ ബിസിനസിന്റെ നിലനില്‍പ്പ് ഒട്ടേറെ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന ആശങ്കയിലാണ് 17 ശതമാനം സിഇഒമാരും മുന്നോട്ട് പോകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിക്ഷേപം ബുദ്ധിപൂര്‍വ്വം
പ്രതിസന്ധിയില്‍ വീഴാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുവാന്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് നിക്ഷേപം. നിലവിലെ അവസ്ഥയില്‍ വളരെ തന്ത്രപരമായി നിക്ഷേപം നടത്താനാണ് ശ്രമിക്കുന്നതെന്ന് 55 ശതമാനം സിഇഒമാരും പറയുന്നു.
കോവിഡും പണപ്പെരുപ്പവുമൊക്കെ തുടര്‍ച്ചയായി വന്നതിനാല്‍ ഭാവിയില്‍ പ്രതിസന്ധി വന്നാല്‍ നേരിടാന്‍ സജ്ജമാകും വിധമുള്ള പുത്തന്‍ നിക്ഷേപങ്ങളാണ് കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിനായി നീക്കിവയ്‌ക്കേണ്ടി വരുന്ന പണത്തിന്റെ അളവ് വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമ്പാദ്യം ഇരട്ടിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രതിസന്ധികളില്‍ പിടിച്ചു നിൽക്കുവാനും ഭാവിയില്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളിൽ നിക്ഷേപിക്കുവാനുമാണ് മിക്ക സിഇഒമാരും ശ്രമിക്കുന്നത്.
ഭാവിയെ മുന്നില്‍ കാണുമ്പോള്‍
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വളര്‍ച്ചയ്ക്ക് ഏതൊക്കെ ഘടകങ്ങളാണ് മുഖ്യമായും വേണ്ടത് എന്ന ചോദ്യവും സര്‍വേയിലുണ്ട്. ഡാറ്റയുടെ കൃത്യമായ ഉപയോഗം വഴിയും, ഉപഭോക്താക്താക്കളിലേക്ക് ഉത്പന്നമോ സേവനമോ കൃത്യമായി എത്തിക്കാനുള്ള ഇതരമാര്‍ഗങ്ങള്‍ അവലംബിക്കുകയോ ചെയ്യുന്നത് വഴിയും ഇത് സാധ്യമാക്കാനാണ് 22 ശതമാനം സിഇഒമാരും ശ്രമിക്കുന്നത്.
51 രാജ്യങ്ങളില്‍ നിന്നായി 2000ല്‍ അധികം സിഇഒമാരെ ഉള്‍പ്പെടുത്തി നടത്തിയതാണ് ഇവൈയുടെ ഈ സിഇഒ സര്‍വേ 2022.
ഫിനാന്‍ഷ്യല്‍ സര്‍വീസ്, ടെലികോം, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, റീട്ടെയില്‍, ടെക്‌നോളജി, മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, ലൈഫ് സയന്‍സ്, ആരോഗ്യം, ഓട്ടോമൊബൈല്‍, ഗതാഗതം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജ്ജം, ഖനനം, നിര്‍മ്മാണം, റിയല്‍ എസ്‌റ്റേറ്റ് എന്നിവയടക്കമുള്ള മേഖലകളില്‍ നിന്നുള്ള സിഇഒമാരാണ് സര്‍വേയില്‍ പങ്കെടുത്തത്.