2022 മാര്‍ച്ചില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവ് 48 ശതമാനം ഉയര്‍ന്ന് 1 ലക്ഷം കോടി രൂപയിലെത്തി. കോവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനം...
2022 മാര്‍ച്ചില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവ് 48 ശതമാനം ഉയര്‍ന്ന് 1 ലക്ഷം കോടി രൂപയിലെത്തി. കോവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനം ഉപഭോഗം വര്‍ധിപ്പിച്ചതും ഉത്സവ കാല ചെലവുകളാണ് ഇതിന് പ്രധാന കാരണം. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് 2021 ഒക്ടോബറിലാണ് ആദ്യമായി ഇതേ കണക്കിലെത്തിയത്. അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കടകളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ 76 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കടകളില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതിന് ഡെബിറ്റ് കാര്‍ഡുകളുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.
വായ്പാ കാര്‍ഡ് ചെലവുകള്‍ കൂടുന്നതിന് പിന്നില്‍ കൈയ്യിലെ പണം കുറഞ്ഞതോ ചെലവ് കൂടിയതോ ആകാം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള മാര്‍ച്ചിലെ ചെലവ് 1.07 ലക്ഷം കോടി രൂപയായിരുന്നു. ഇത് ഫെബ്രുവരിയില്‍ ചെലവാക്കിയതിനേക്കാള്‍ 24.5 ശതമാനം കൂടുതലാണ്. കൂടാതെ, മാര്‍ച്ചില്‍ 1.9 ദശലക്ഷത്തിലധികം പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിവിധ ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 11.6 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകളാണ് ഇങ്ങനെ പുതുതായി നല്‍കിയത്. പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ് കൂട്ടിച്ചേര്‍ക്കലുകള്‍ 31.7 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈ വിഭാഗത്തിലെ വിപണി വിഹിതം ഫെബ്രുവരിയിലെ 25.7 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 26.6 ശതമാനത്തിലേക്ക് ഉയര്‍ന്നു. അതേസമയം ഐസിഐസിഐ ബാങ്കിന് ഇത് 19.4 ശതമാനമായി കുറഞ്ഞു. എന്നാല്‍ എസ്ബിഐ കാര്‍ഡുകള്‍ അതിന്റെ വിപണി വിഹിതം 19.1 ശതമാനമായി ഉയര്‍ത്തി.