image

23 May 2022 3:49 AM IST

Premium

വിപണിയില്‍ ഇന്നും തുടര്‍ചലനങ്ങള്‍ പ്രതീക്ഷിക്കാം

Suresh Varghese

വിപണിയില്‍ ഇന്നും തുടര്‍ചലനങ്ങള്‍ പ്രതീക്ഷിക്കാം
X

Summary

വെള്ളിയാഴ്ച്ചത്തെ മികച്ച നേട്ടത്തിനുശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്നും തുടര്‍ചലനങ്ങളുണ്ടായേക്കാം. കേന്ദ്ര ഗവണ്‍മെന്റ് ശനിയാഴ്ച്ച ഇന്ധന എക്‌സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ കുറവ് വിപണിക്ക് ഉത്തേജനം പകരും. വരും മാസങ്ങളിലെ പണപ്പെരുപ്പ നിരക്കുകളില്‍ കാര്യമായ കുറവുണ്ടാകാന്‍ ഇതിലൂടെ സാധ്യതയുണ്ട്. സ്റ്റീല്‍ ഉത്പാദനത്തിനാവശ്യമായ ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചത് ആഭ്യന്തര കമ്പനികളെ സംബന്ധിച്ച് നേട്ടമാണ്. ഇതും ഈ മേഖലയിലെ ഓഹരികൾക്ക് ഉത്തേജനം നല്‍കും. കോവിഡ് കാല നിയന്ത്രണങ്ങള്‍ക്കുശേഷം വിപണികള്‍ ഉണര്‍ന്നു തുടങ്ങിയിട്ടുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, ഹോട്ടലുകള്‍, ട്രാവല്‍, […]


വെള്ളിയാഴ്ച്ചത്തെ മികച്ച നേട്ടത്തിനുശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്നും തുടര്‍ചലനങ്ങളുണ്ടായേക്കാം. കേന്ദ്ര ഗവണ്‍മെന്റ് ശനിയാഴ്ച്ച ഇന്ധന...

വെള്ളിയാഴ്ച്ചത്തെ മികച്ച നേട്ടത്തിനുശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്നും തുടര്‍ചലനങ്ങളുണ്ടായേക്കാം. കേന്ദ്ര ഗവണ്‍മെന്റ് ശനിയാഴ്ച്ച ഇന്ധന എക്‌സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ കുറവ് വിപണിക്ക് ഉത്തേജനം പകരും. വരും മാസങ്ങളിലെ പണപ്പെരുപ്പ നിരക്കുകളില്‍ കാര്യമായ കുറവുണ്ടാകാന്‍ ഇതിലൂടെ സാധ്യതയുണ്ട്. സ്റ്റീല്‍ ഉത്പാദനത്തിനാവശ്യമായ ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചത് ആഭ്യന്തര കമ്പനികളെ സംബന്ധിച്ച് നേട്ടമാണ്. ഇതും ഈ മേഖലയിലെ ഓഹരികൾക്ക് ഉത്തേജനം നല്‍കും. കോവിഡ് കാല നിയന്ത്രണങ്ങള്‍ക്കുശേഷം വിപണികള്‍ ഉണര്‍ന്നു തുടങ്ങിയിട്ടുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, ഹോട്ടലുകള്‍, ട്രാവല്‍, ടൂറിസം എന്നീ മേഖലകളിൽ നിന്നും എഫ്എംസിജി ഉൽപ്പന്നങ്ങൾക്ക് മികച്ച ഓര്‍ഡറുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇതും ഈ മേഖലയ്ക്ക് ഉണര്‍വു പകരും.

വിദേശ നിക്ഷേപം
എന്നാല്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പന വിപണിക്ക് ആശങ്ക നല്‍കുന്നുണ്ട്. മേയ് മാസം ഇതുവരെ 35,000 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇവര്‍ വിറ്റഴിച്ചു. 2022 ല്‍ 1.63 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റഴിച്ചത്. ആഗോള മാന്ദ്യത്തെപ്പറ്റിയുള്ള ആശങ്ക, ഉയരുന്ന ക്രൂഡ് വിലകള്‍, കര്‍ശനമായ പണനയം, ശമനമില്ലാത്ത പണപ്പെരുപ്പം ഇവയെല്ലാം ഇന്ത്യയുള്‍പ്പെടെയുള്ള വളരുന്ന വിപണികളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാറിന്റെ അഭിപ്രായത്തില്‍ ഈ വില്‍പ്പന തുടരുന്നതിനുള്ള പ്രധാന കാരണം ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ്. അമേരിക്കന്‍ വിപണിയിലെ ചാഞ്ചാട്ടം തുടരുമ്പോഴും ഡോളര്‍ ശക്തമായ നിലയില്‍ തുടരുന്നത് വിദേശ നിക്ഷേപകരെ തിരികെചെല്ലാന്‍ പ്രേരിപ്പിക്കുന്നു. കൂടാതെ, ഇന്ത്യന്‍ വിപണിയില്‍ നിലനില്‍ക്കുന്ന ലിക്വിഡിറ്റിയും, ലാഭമെടുപ്പിനുള്ള സാധ്യതകളും വില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്, വിജയകുമാര്‍ പറഞ്ഞു.

ആഗോള വിപണികള്‍
ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ സമ്മിശ്ര പ്രതികരണമാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.45 ന് 0.14 ശതമാനം നഷ്ടത്തിലാണ്. ജപ്പാനിലെ നിക്കി, തായ് വാന്‍ വെയിറ്റഡ്, ദക്ഷിണകൊറിയയിലെ കോസ്പി എന്നിവ ലാഭം കാണിക്കുന്നു. ഹോംകോംഗിലെ ഹാങ് സെങ്, ഷാങ്ഹായിലെ ചൈന എ50, ഷാങ്ഹായ് സൂചിക എന്നിവ നഷ്ടത്തിലാണ്.

അമേരിക്കന്‍ വിപണിയും വെള്ളിയാഴ്ച്ച സമ്മിശ്രമായിരുന്നു. ഡൗ ജോണ്‍സ് 0.03 ശതമാനം, എസ് ആന്‍ഡ് പി 500 0.01 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. നാസ്ഡാക് 0.30 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ക്രൂഡോയില്‍ വില ഏഷ്യന്‍ വിപണിയില്‍ ഉയരുകയാണ്. അമേരിക്കയിലെ വര്‍ദ്ധിച്ച ഉപഭോഗമാണ് ഇതിനു സഹായിക്കുന്ന ഘടകം. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് രാവിലെ 8.55 ന് 113.37 ഡോളറായി ഉയര്‍ന്നു.

വിപണി ഈ ആഴ്ച്ച പ്രതീക്ഷിക്കുന്ന മൂന്ന് പ്രധാന സംഭവങ്ങള്‍ യുഎസ് ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗിന്റെ മിനിറ്റ്‌സും, ഇന്ത്യന്‍ വിപണിയിലെ ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളുടെ കാലാവധി പൂര്‍ത്തിയാവുന്നതും, അമേരിക്കന്‍ ജിഡിപി വളര്‍ച്ചാ അവലോകനവുമാണ്.

കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്തു വരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍ ടിടികെ ഹെല്‍ത്ത്‌കെയര്‍, സൊമാറ്റോ, അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്ഇസെഡ്, ഭാരത് ഇലക്ട്രോണിക്‌സ്, ഡിവീസ് ലബോറട്ടറീസ്, പട്ടേല്‍ എഞ്ചിനീയറിംഗ്, വെല്‍സ്പണ്‍ സ്‌പെഷ്യാലിറ്റി സൊലൂഷന്‍സ് എന്നിവയാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,705 രൂപ (മേയ് 23)
ഒരു ഡോളറിന് 77.56 രൂപ (മേയ് 23)
ബ്രെന്റ് ക്രൂഡ് ബാരലിന് 113.22 ഡോളര്‍ (8.20 am)
ഒരു ബിറ്റ് കോയിന്റെ വില 24,48,416 രൂപ (8.20 am)