20 May 2022 8:00 AM GMT
Summary
കുറഞ്ഞ വിലയിൽ വീടുകളിൽ പാചക വാതകം എത്തിക്കുന്ന പൈപ്പ്ലൈൻ ഗ്യാസ് അടുത്ത മാസം കണ്ണൂരിൽ വിതരണം ആരംഭിക്കും. ഐഒസി-അദനി സംയുക്ത സംരാഭമായ സിറ്റി ഗ്യാസിൻറെ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) ഉപയോഗിച്ചാൽ, വർഷം 6000 രൂപയുടെ ലാഭമുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടുന്നു. എന്നാൽ കേരളത്തിൻറെ മറ്റ് പ്രദേശങ്ങളിൽ ഇപ്പോഴും ഈ പദ്ധതി മുടങ്ങി കിടക്കുകയാണ്. പാചക വാതകത്തിൻറെ അടിക്കടിയുള്ള വിലക്കയറ്റത്തിനുള്ള പരിഹാരമാണ് പൈപ്പ്ലൈൻ ഗ്യാസെന്ന് ഉപഭോക്താക്കൾ പറയുന്നു. ഈ മാസം 53.50 രൂപയാണ് രണ്ടു തവണയായി എൽപിജിക്ക് വർദ്ധിച്ചത്. നിലവിൽ […]
കുറഞ്ഞ വിലയിൽ വീടുകളിൽ പാചക വാതകം എത്തിക്കുന്ന പൈപ്പ്ലൈൻ ഗ്യാസ് അടുത്ത മാസം കണ്ണൂരിൽ വിതരണം ആരംഭിക്കും. ഐഒസി-അദനി സംയുക്ത സംരാഭമായ സിറ്റി ഗ്യാസിൻറെ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) ഉപയോഗിച്ചാൽ, വർഷം 6000 രൂപയുടെ ലാഭമുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടുന്നു. എന്നാൽ കേരളത്തിൻറെ മറ്റ് പ്രദേശങ്ങളിൽ ഇപ്പോഴും ഈ പദ്ധതി മുടങ്ങി കിടക്കുകയാണ്.
പാചക വാതകത്തിൻറെ അടിക്കടിയുള്ള വിലക്കയറ്റത്തിനുള്ള പരിഹാരമാണ് പൈപ്പ്ലൈൻ ഗ്യാസെന്ന് ഉപഭോക്താക്കൾ പറയുന്നു. ഈ മാസം 53.50 രൂപയാണ് രണ്ടു തവണയായി എൽപിജിക്ക് വർദ്ധിച്ചത്. നിലവിൽ 1006.50 രൂപയാണ് കൊച്ചിയിൽ സിലണ്ടർ വില. ഈ സാഹചര്യത്തിലാണ് തീരെ വിലക്കുറവിൽ പാചക ആവശ്യത്തിന് ഉതകുന്ന സിറ്റി ഗ്യാസിൻറെ പിഎന്‍ജി പ്രസക്തമാകുന്നത്.
അധികൃതരുടെ അലംഭാവം
നിലവിലെ പാചക ബില്ലില്‍ വലിയ കുറവ് വരുത്താന്‍ ഉതകുന്ന ഈ പദ്ധതി അധികൃതരുടെ അലംഭാവം മൂലമാണ് മുടങ്ങികിടക്കുന്നതെന്ന് സിറ്റി ഗ്യാസ് ഉദ്യോഗസ്ഥർ പറയുന്നു.
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളില്‍ 2022 മാര്‍ച്ചോടെ ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള 54,000 ഗ്യാസ് കണക്ഷനുകൾ നല്‍കാൻ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. കേരളത്തിലെല്ലായിടത്തും എത്തേണ്ട ഈ പദ്ധതി ഇപ്പോഴും എറണാകളം നഗരത്തിലെ രണ്ട് മുന്‍സിപ്പാലിറ്റികളിലായി 3761 കണക്ഷനുകളിൽ ഒതുങ്ങുന്നു.
സബ്‌സിഡി നിരക്കിൽ പൈപ്പ് വഴി പ്രകൃതി വാതകം വിതരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള കൊച്ചി സിറ്റി ഗ്യാസ് പദ്ധതി 2013-ൽ പ്രഖ്യാപിച്ചതു മുതൽ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംരംഭങ്ങളിലൊന്നാണ്. ഒൻപത് വർഷം പിന്നിട്ടിട്ടും പദ്ധതി സ്വപ്നമായി അവശേഷിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ) കുറ്റപ്പെടുത്തുന്നു.
“ഞങ്ങൾ ഇതുവരെ എറണാകുളം നഗരപരിധിയിൽ ഏകദേശം നാലായിരത്തോളം കണക്ഷനുകൾ നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഏതാനും അനുമതികൾ കൂടി ലഭിക്കേണ്ടതുണ്ട്. അതില്ലാതെ മറ്റ് സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കഴിയില്ല. മെറ്റീരിയലുകളും മെഷിനറികളും ഉപയോഗിച്ച് ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്, അനുമതികൾ ലഭിച്ചാലുടൻ ജോലി വേഗത്തിലാക്കും,” ഐഒഎജിപിഎൽ-ന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊച്ചി കോർപ്പറേഷന് പുറമെ തൃക്കാക്കര, കളമശ്ശേരി, മരട് മുനിസിപ്പാലിറ്റികളുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഏജൻസി. റോഡുകളുടെ ട്രഞ്ചിംഗും പുനരുദ്ധാരണവും സംബന്ധിച്ച തർക്കങ്ങൾ കാലതാമസമുണ്ടാക്കുന്നു.
"നിലവില്‍ തൃക്കാക്കര, കളമശ്ശേരി മുന്‍സിപ്പാലിറ്റികളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കാത്തതുകൊണ്ടാണ് മറ്റ് സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്തത്. റോഡ് കുഴിച്ച് പൈപ്പിടാന്‍ തദ്ദേശ വാസികളിൽ നിന്ന് എതിര്‍പ്പുണ്ടാകുന്നു എന്ന കാരണം പറഞ്ഞാണ് മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും അനുമതി നിഷേധിക്കുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളില്‍ നിന്ന് ഇത്തരത്തിലൊരു പരാതിയും ഇതേവരെ ഉയര്‍ന്ന് വന്നിട്ടില്ല. പൈപ്പിടാന്‍ കുഴിക്കുന്ന റോഡുകളെല്ലാം രണ്ടു ദിവസത്തിനകം തന്നെ പൂര്‍വ്വ സ്ഥിതിയിലാക്കുന്ന ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. സിറ്റി ഗ്യാസിന് അനുമതി നിഷേധിക്കുന്നത് ജനദ്രോഹ നടപടിയാണ്," ഐഒഎജിപിഎൽ-ന്റെ പ്രൊജക്ട് മാനേജർ അജയ് പിള്ള പറഞ്ഞു.
എന്നാൽ ഐഒഎജിപിഎൽ തുടർനടപടികൾ സ്വീകരിക്കാത്തതാണ് പദ്ധതി വൈകാൻ കാരണമെന്ന് കൊച്ചി കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടി. "കോർപ്പറേഷൻ പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണ്. എന്നാൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനോ തുടർ നടപടികളിലേക്ക് കടക്കാനോ ഐഒഎജിപിഎൽ തയ്യാറാകുന്നില്ല. അത് മാത്രമാണ് പദ്ധതി വൈകുന്നതിൻറെ കാരണം. ഐഒഎജിപിഎൽ മുമ്പോട്ട് വന്നാൽ കോർപ്പറേഷൻ എല്ലാ പിൻതുണയും നൽകും,” മേയർ എം അനിൽകുമാർ പറഞ്ഞു.
ഐഒഎജിപിഎൽ ദേശീയ അധികൃതരുമായി നടന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരുടെ സമീപനത്തിലും മേയർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അടുത്തമാസം കണ്ണൂരിൽ
എന്നാൽ, കണ്ണൂർ നഗരത്തിൽ പൈപ്പ് ലൈൻ ഗ്യാസ് ജൂൺ അവസാനം വിതരണം ആരംഭിക്കുമെന്ന് അജയ് പിള്ള പറഞ്ഞു.
“കണ്ണൂരിൽ പൈപ്പ് ലൈൻ പണി പൂർത്തിയായി. അടുത്തമാസം അവസാനം വീടുകളിൽ ഗ്യാസ് എത്തും. കേരളത്തിൻറെ മറ്റ് ജില്ലകളിലും നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു. തദ്ദേശ ഭരണ കേന്ദ്രങ്ങളുടെ അനുമതി ലഭിക്കാതതുകൊണ്ടാണ് പലയിടത്തും പദ്ധതി വൈകുന്നത്,” അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ കൂടാളി ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ പൈപ്പ് വഴിയുള്ള പാചകവാതകം ലഭിക്കുന്നത്. കണ്ണൂരിനുള്ള ലൈസൻസിന് പുറമെ പാലക്കാട്, തൃശൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്, മാഹി എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കാൻ ഐഒഎജിഎല്ലിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന് ഗെയിൽ സ്‌റ്റേഷൻ ഉണ്ടായിരിക്കുമെന്നും അവിടെ നിന്ന് പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് ഗ്യാസ് എത്തിക്കുമെന്നും അജയ് പിള്ള പറഞ്ഞു.
പകുതി വിലക്ക് പിഎന്‍ജി
നിലവില്‍ ഗ്യാസ് സിലണ്ടറിന് 1006.50 രൂപയാണ് ചെലവ്. ഒരു മാസം ഒരു സിലണ്ടർ ഉപയോഗിക്കുന്ന കുടുംബത്തിന് ഏകദേശം 500 രൂപയുടെ പിഎന്‍ജി മതിയാകുമെന്ന് അജയ് പിള്ള പറയുന്നു.
"നാല് പേരടങ്ങുന്ന കുടുംബം ഒരു മാസം ശരാശരി 500 രൂപയുടെ പിഎന്‍ജി ഉപയോഗിക്കുന്നതായാണ് കണക്കാക്കുന്നത്. എന്നിരുന്നാലും ഗ്യാസ് സിലണ്ടറിനെ അപേക്ഷിച്ച് പിഎന്‍ജി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 500 രൂപയുടെ എങ്കിലും ലാഭം ഉണ്ടാകുന്നു. അതായത് വര്‍ഷം ഗ്യാസ് ചെലിവില്‍ തന്നെ 6000 രൂപ ലാഭം. കുടുംബ ബജറ്റില്‍ ഇത് ഗണ്യമായ മാറ്റം വരുത്തും. ഈ പദ്ധതി കേരളം മുഴുവന്‍ നടപ്പാക്കുന്നതിന് നടപടികളുണ്ടാകണം" അദ്ദേഹം പറഞ്ഞു.
പൈപ്പ് ലൈന്‍ ഗ്യാസിന് ഗുണങ്ങളേറെ
കളമശ്ശേരിയിലെ പ്ലാന്റിൽ നിന്ന് വാഹനങ്ങളിലെത്തിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്റിൽ വാതകമാക്കി മാറ്റി സംഭരിക്കും. തുടര്‍ന്ന് പൈപ്പ് ലൈനിലൂടെ വീടുകളിലേക്ക് വിതരണം ചെയ്യും. മീറ്റര്‍ അനുസരിച്ച് മാസാവസാനം പണം നല്‍കിയാല്‍ മതി. എല്‍പിജിയെ അപേക്ഷിച്ച് തീപിടിക്കാനുള്ള സാധ്യത ഇതിനു കുറവാണ്. സിലണ്ടര്‍ മാറ്റേണ്ട ബുദ്ധിമുട്ടും ഇല്ല.
3200 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ ചെലവായി കണക്കാക്കുന്നത്. സാധാരണ ലഭിക്കുന്ന ഇന്ധനവാതകത്തേക്കാള്‍ 30 ശതമാനം വിലക്കുറവിലായിരിക്കും വാതകം ലഭിക്കുന്നത്. 24 മണിക്കും തടസമില്ലാതെ ലഭ്യമാകും.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് ഐഒഎജിഎൽ എന്നീ കമ്പനികളെയാണ് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത കമ്പനികൾക്ക് പ്രകൃതിവാതകം നല്‍കുവാനുള്ള സംവിധാനം എല്ലാ ജില്ലകളിലും ഗെയ്ൽ ഒരുക്കിയിട്ടുണ്ട്.
വിതരണത്തിനായുള്ള പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. നിലവില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 10 വീതവും മലപ്പുറത്ത് മൂന്നും കോഴിക്കോട് നാലും പാലക്കാടും കണ്ണൂരും ഒന്ന് വീതവും സിഎന്‍ജി സ്റ്റേഷനുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. 2026-ഓടെ വിവിധ ജില്ലകളിലായി 615 സിഎന്‍ജി സ്റ്റേഷനുകൾ സ്ഥാപിക്കുവാനാണ് ഐഒഎജിഎൽ ലക്ഷ്യമിടുന്നത്.
ഗെയ്ല്‍ പൈപ്പ് ലൈൻ കടന്നുപോകാത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വാതക വിതരണ ഏജന്‍സിയായി അറ്റ്ലാൻറിക് ഗള്‍ഫ് ആന്‍ഡ് പസഫിക് എന്ന കമ്പനിയെയാണ് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുവാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം പെരുമ്പാവൂർ, നോര്‍ത്ത് പറവൂർ, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളിൽ സിഎന്‍ജി സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഐഒഎജിഎൽന്റെ ലക്ഷ്യം.
ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക്:
https://www.myfinpoint.com/breaking-news/2022/05/20/citygas-project/