ആഗോള ഓഹരി വിപണികളിലാകെ ഇന്ന് മ്ലാനതയാണ്. രാവിലെ 8.20 ന് എസ്ജിഎക്‌സ് നിഫ്റ്റി 1.79 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഏഷ്യയിലെ മറ്റു...
ആഗോള ഓഹരി വിപണികളിലാകെ ഇന്ന് മ്ലാനതയാണ്. രാവിലെ 8.20 ന് എസ്ജിഎക്‌സ് നിഫ്റ്റി 1.79 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഏഷ്യയിലെ മറ്റു സുപ്രധാന സൂചികകളായ ഷാങ്ഹായ് 0.45 ശതമാനവും, ചൈന എ50 0.84 ശതമാനവും, തായ് വാന്‍ വെയിറ്റഡ് 2.2 ശതമാനവും, ഹാങ് സെങ് 2.78 ശതമാനവും, കോസ്പി 1.38 ശതമാനവും നഷ്ടത്തിലാണ്. ടോക്കിയോയിലെ നിക്കി 2.17 ശതമാനം ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ഏഷ്യയിലാകെ നിറഞ്ഞു നില്‍ക്കുന്ന ഈ നെഗറ്റീവ് ട്രെന്‍ഡ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചേക്കാം.
അമേരിക്കന്‍ വിപണി
ഇന്നലെ അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത നഷ്ടമായിരുന്നു. ഡൗ ജോണ്‍സ് 3.57 ശതമാനവും, എസ് ആന്‍ഡ് പി500 4.04 ശതമാനവും, നാസ്ഡാക് 4.73 ശതമാനവും നഷ്ടത്തില്‍ കലാശിച്ചു. അമേരിക്കന്‍ വിപണിയെ സംബന്ധിച്ച് ഇനി നിര്‍ണായകമാവുക ഇന്നു പുറത്തു വരാനിരിക്കുന്ന തൊഴിലില്ലായ്മ നിരക്കും, ഏപ്രിലിലെ ഭവന വില്‍പ്പന കണക്കുകളുമാണ്.
ക്രൂഡോയില്‍
ക്രൂഡോയില്‍ വില ഏഷ്യന്‍ വിപണിയില്‍ ഉയരുകയാണ്. വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന തടസങ്ങളെപ്പറ്റിയുള്ള ആശങ്കകളാണ് പ്രധാനമായും ഇതിനു കാരണം. ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും തിരിച്ചടിയാണ്.
രൂപയുടെ വിലയിടിവ്
ആഗോളതലത്തില്‍, ഓഹരി വിപണികളിലെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ നിക്ഷേപകരെ സുരക്ഷിത ആസ്തികളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിനാല്‍ ഡോളറിനും, സ്വര്‍ണത്തിനും പ്രിയമേറുന്നു. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഈ വര്‍ദ്ധനവ് ഇന്ത്യന്‍ രൂപയെ റെക്കോഡ് തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണ്. ഇതോടൊപ്പം വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പ്പനയും സാഹചര്യം വഷളാക്കുകയാണ്. ഇന്നലെ രൂപ 77.60 ലാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,254 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 375 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
ആഭ്യന്തര വിപണി
ആഗോള വളര്‍ച്ചയിലുണ്ടാകുന്ന കുറവ്, ലോകരാജ്യങ്ങളിലെല്ലാം പിടിമുറുക്കുന്ന ഉയര്‍ന്ന പണപ്പെരുപ്പം, ചൈനയില്‍ തുടരുന്ന ലോക്ഡൗണ്‍, ശമനമില്ലാത്ത യുക്രെയ്ന്‍ യുദ്ധം എന്നിവയെല്ലാം കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന ഭയമാണ് ആഗോള വിപണികളിലെ തകര്‍ച്ചയ്ക്കു പ്രധാന കാരണം. ഇന്ത്യന്‍ വിപണിയില്‍ ഇന്നലെ നേരിയ നഷ്ടം മാത്രമേ സംഭവിച്ചുള്ളു എന്ന് ആശ്വസിക്കാം. അതിനു മുമ്പത്തെ രണ്ടു ദിവസങ്ങളിലെ മുന്നേറ്റം വിപണിക്ക് നിലനിര്‍ത്താനായില്ല. ഇന്ന് സാഹചര്യം അതിനേക്കാള്‍ സങ്കീര്‍ണമാണ്. ഏഷ്യന്‍ വിപണികളില്‍ തുടരുന്ന വില്‍പ്പന സമ്മര്‍ദ്ദം ഇന്ത്യന്‍ ഓഹരികളെയും ബാധിച്ചേക്കാം. ഒരേയൊരു അനുകൂല ഘടകം ഏറെക്കുറെ മെച്ചപ്പെട്ട നാലാംപാദ ഫലങ്ങളാണ്.
കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്തു വരാനിരിക്കുന്ന സുപ്രധാന കമ്പനി ഫലങ്ങള്‍ അശോക് ലെയ്‌ലാന്‍ഡ്, ബോഷ്, ഡോ റെഡീസ്, ഗോദ്‌റജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, കിര്‍ലോസ്‌കര്‍ എഞ്ചിനീയറിംഗ്, കിറ്റെക്‌സ്, വി ഗാര്‍ഡ്, ഭാരത്‌വയര്‍, ഓണ്‍മൊബൈല്‍ എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,600 രൂപ (മേയ് 18)
ഒരു ഡോളറിന് 77.51 രൂപ (മേയ് 19)
ബ്രെന്റ് ക്രൂഡ് ബാരലിന് 110.58 ഡോളര്‍ (8.40 am)
ഒരു ബിറ്റ് കോയിന്റെ വില 23,86,094 രൂപ (8.40 am)