18 May 2022 6:43 AM GMT
Summary
കേരളത്തിന്റെ ഐടി മേഖലയില്‍ ഒട്ടേറെ പുതിയ അവസരങ്ങള്‍ ഉയര്‍ന്ന് വരികയും, ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്തിട്ട് പോലും മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കിട്ടാനില്ലാത്ത സാഹചര്യം നിലനില്‍ക്കുകയും ചെയ്യുമ്പോഴും ഈ മേഖലയില്‍ കടുത്ത ചൂഷണം നടക്കുന്നതായി ഐടി ജീവനക്കാര്‍ പറയുന്നു. കോവിഡിനെ തുടര്‍ന്ന് വലിയ വളര്‍ച്ച ലക്ഷ്യമിടുന്ന കേരളത്തിലെ ഐടി മേഖലയില്‍ പുതിയതായി ഉയര്‍ന്ന് വന്ന തൊഴില്‍ രീതിയാണ് വര്‍ക്ക് ഫ്രം ഹോം. ഇത് കുടുംബങ്ങളുടെ താളം തെറ്റിക്കുകയും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നതായി ഐടി എംപ്ലോയീസ് അസ്സോസിയേഷന്‍ […]
കേരളത്തിന്റെ ഐടി മേഖലയില്‍ ഒട്ടേറെ പുതിയ അവസരങ്ങള്‍ ഉയര്‍ന്ന് വരികയും, ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്തിട്ട് പോലും മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കിട്ടാനില്ലാത്ത സാഹചര്യം നിലനില്‍ക്കുകയും ചെയ്യുമ്പോഴും ഈ മേഖലയില്‍ കടുത്ത ചൂഷണം നടക്കുന്നതായി ഐടി ജീവനക്കാര്‍ പറയുന്നു.
കോവിഡിനെ തുടര്‍ന്ന് വലിയ വളര്‍ച്ച ലക്ഷ്യമിടുന്ന കേരളത്തിലെ ഐടി മേഖലയില്‍ പുതിയതായി ഉയര്‍ന്ന് വന്ന തൊഴില്‍ രീതിയാണ് വര്‍ക്ക് ഫ്രം ഹോം. ഇത് കുടുംബങ്ങളുടെ താളം തെറ്റിക്കുകയും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നതായി ഐടി എംപ്ലോയീസ് അസ്സോസിയേഷന്‍ പ്രസിഡന്റ് അനൂപ് എബി പറയുന്നു. ഓഫീസിലെ സമയ ക്രമം ഇവിടെ ബാധകമല്ലാതായി. 12 മണിക്കൂര്‍ ജോലി എന്നത് 24 മണിക്കൂറും ചെയ്താല്‍ തീരാത്ത അവസ്ഥയായി. ആഴ്ചയില്‍ 5 ദിവസമാണ് ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം ആയതോടെ ഞായറാഴ്ച പോലും ഒഴിവില്ലാത്ത സ്ഥിതിയായി.
കുടുംബം വാളെടുക്കുന്നു
വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതങ്കിലും വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നെല്ലെന്ന് അനൂപ് പറയുന്നു. " രാവിലെ ജോലി തുടങ്ങുമ്പോള്‍ മുതല്‍ കമ്പനിയുടെ നിരീക്ഷണത്തിലാണ്. വളരെ ശ്രദ്ധ വേണ്ട ജോലിയാണിത്. ജോലിക്കിടയില്‍ വീട്ടുകാരുടെ ഇടപെടലുണ്ടായാല്‍ ആകെ താളം തെറ്റും. വീട്ടിലിരുന്ന് ജോലി ചെയ്തിട്ടും വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയാണെല്ലാവര്‍ക്കും, " അനൂപ് പറയുന്നു.
"ഓഫീസില്‍ ജോലി ചെയ്തിരുന്നതിന്റെ ഇരട്ടി സമയം വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരുന്നു. ഓഫീസ് ജോലി 12 മണിക്കൂറായിരുന്നെങ്കില്‍ വര്‍ക്ക് ഫ്രം ഹോം 24 മണിക്കൂറാണ്. ജോലിയുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചു. ജോലിക്കിടയില്‍ കുട്ടികളോ വീട്ടുകാരോ എന്തെങ്കിലും കാര്യവുമായി വരുമ്പോള്‍ ദേഷ്യം വരും. പിന്നെ അത് വഴക്കാവും. വര്‍ക്ക് ഫ്രം ഹോമുകാര്‍ക്ക് സ്വന്തം ജീവിതത്തിന് മാറ്റി വയ്ക്കാന്‍ സമയം കിട്ടുന്നില്ല," 13 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഒരു ജീവനക്കാരന്‍ അഭിപ്രായപ്പെട്ടു.
കോവിഡിനെ തുടര്‍ന്നാണ് വര്‍ക്ക് ഫ്രം ഹോം എന്ന സങ്കല്‍പ്പം രൂപപ്പെട്ടത്. ഒരര്‍ത്ഥത്തില്‍ കമ്പനികള്‍ക്ക് ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ആദ്യമൊക്കെ ജീവനക്കാരും ഇതിനെ സ്വാഗതം ചെയ്തു. വീട്ടിലിരുന്നു ജോലിചെയ്യാന്‍ സാധിക്കുന്നത് നല്ലകാര്യമാണെന്ന കരുതി. പക്ഷെ ഇതൊരു കെണിയാണെന്ന് പിന്നീടാണ് മനസ്സിലായത്, അദ്ദേഹം പറഞ്ഞു.
ഓഫീസില്‍ ജോലിചെയ്തിരുന്നപ്പോള്‍ പരസ്പരം കാണാനും സംസാരിക്കാനും അവസരമുണ്ടായിരുന്നു. ജോലി സംബന്ധമായ വിഷയങ്ങളില്‍ തൊഴിലാളികള്‍ ഒന്നിച്ച് നില്‍ക്കുമായിരുന്നു. വീടുകളില്‍ ഇരുന്ന് ജോലിചെയ്യാന്‍ തുടങ്ങിയതോടെ പരസ്പരമുള്ള കൂട്ടായ്മ ഇല്ലാതായി. ചര്‍ച്ചകള്‍ അവസാനിച്ചു. സംഘടിതമായി ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ശക്തി ക്ഷയിച്ചു.
വര്‍ക്ക് ഫ്രം ഹോം എന്ന ചൂഷണം
തൊഴിലാളികളെ പിഴിയാനുള്ള ഉടമകളുടെ പരിപാടിയാണിതെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ തന്നെ ആരോപിക്കുന്നത്.
"രാവിലെ ലാപ്‌ടോപ് തുറന്ന് വച്ചാല്‍ അര്‍ദ്ധരാത്രിയോടു കൂടിയാണ് ജോലി തീരുന്നത്. വര്‍ക്ക് ഫ്രം ഹോം ആയതുകൊണ്ട് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഏത് പാതിരാത്രിയിലും വിളിക്കും. വ്യായാമം ചെയ്യാന്‍ പോലും കഴിയുന്നില്ല. പുതിയതായി ചേര്‍ന്നവരില്‍ ഭൂരിപക്ഷം പേരും ഓഫീസ് കണ്ടിട്ടുപോലുമില്ല. വിവിധ സ്ഥലങ്ങളില്‍ ഇരുന്ന് ഒരേ ജോലി ചെയ്യുന്ന അപരിചതര്‍," ഇന്‍ഫോ പാര്‍ക്കിലെ ഒരു പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരന്‍ പറഞ്ഞു.
"ഐടി മേഖലയില്‍ ഒരു വലിയ മുന്നേറ്റം പ്രകടമാണ്. ഒട്ടേറെ തൊഴില്‍ സാധ്യതകള്‍ പുതുതായി രൂപപ്പെട്ട് വന്നിട്ടുണ്ട്. കമ്പനികള്‍ വെര്‍ച്വല്‍ ഓഫീസുകളിളേക്ക് മാറുകയും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്തു. വര്‍ക്ക് ഫ്രം ഹോം എന്നത് ജോലിയുടെ സ്വഭാവമായി. അതോടെ സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു. ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടായി. കമ്പനികള്‍ ജീവനക്കാരുടെ ചോര ഊറ്റി എടുക്കുകയാണ്. വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുന്നല്ല," അദ്ദേഹം പറഞ്ഞു.
ഐടിയിലെ പുതിയ സാധ്യതകള്‍
കോവിഡിന് ശേഷം ഐടിയില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. എന്നാല്‍ വര്‍ധിച്ചു വരുന്ന ഡിമാന്റിനനുസരിച്ച് വൈദഗ്ധ്യമുള്ളവരെ കിട്ടാനില്ല എന്നതാണ് പ്രശ്നം. കഴിഞ്ഞ ഏതാനും മാസത്തിനിടെ 30 ശതമാനം വരെയാണ് തൊഴില്‍ ആവശ്യം ഉയര്‍ന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ഐടി കമ്പനികള്‍ പലതും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം ഇന്‍സെന്റീവ് അടക്കമുള്ള പല ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാകുകയും ചെയ്യുന്നു. നിലവില്‍ വാങ്ങുന്ന ശമ്പളത്തിന്റെ 50 ശതമാനം മുതല്‍ ഇരട്ടി വരെ നല്‍കാന്‍ പല കമ്പനികളും തയ്യാറാണ്. പക്ഷെ, യോഗ്യരായവരെ കിട്ടാനില്ലെന്നതാണ് പ്രശ്നം- ഇന്‍ഫോപാര്‍ക്കിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. ഉയര്‍ന്ന ശബളം നല്‍കുന്നതു കൊണ്ട് തന്നെ ജീവനക്കാരില്‍ നിന്ന് മെച്ചപ്പെട്ട തൊഴില്‍ പ്രകടനവും കമ്പനികള്‍ പ്രതീക്ഷിക്കുന്നു.
"ലോക്‌ഡൌണ്‍ സമയത്ത് ഐടി മേഖലയില്‍ ഒട്ടേറെ പുതിയ ജോലികള്‍ ഉടലെടുത്തു. ഉദാഹരണത്തിന് സോഷ്യല്‍ മീഡിയ പ്രമോഷന്‍. പൂര്‍ണ്ണമായും വര്‍ക്ക് ഫ്രേം ഹോം ജോലിയാണത്. നല്ല ശമ്പളവും കിട്ടും. ഡിസൈനിംഗ്, കണ്ടന്റ് എഴുത്ത് എന്നിവ ഐടിയുടെ ഭാഗമായത് ഇക്കാലത്താണ്. ഡിസൈന്‍ര്‍മാര്‍ക്കും മറ്റും ചോദിക്കുന്ന ശമ്പളമാണ്. ഇത്തരം ജോലികള്‍ക്ക് തുടക്ക ശമ്പളം തന്നെ 40,000 രൂപക്ക് മുകളിലാണ്. കൂടുതല്‍ പണം കൊടുക്കുന്നതോടെ കമ്പനികളും കൂടുതല്‍ പ്രതീക്ഷിക്കാന്‍ തുടങ്ങി," അനൂപ് പറയുന്നു.
എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കുന്നു ?
കമ്പനികള്‍ക്ക് വാടക കൊടുക്കേണ്ട. കറണ്ട് ചാര്‍ജില്ല. ഓഫീസ് ചെലവുകളില്ല. പിക്കപ്പും ഡ്രോപ്പുമില്ല. കാന്റീന്‍ നടത്തേണ്ട. എന്തിന് ഇന്റര്‍നെറ്റിന്റേയും ചായയുടേയും വരെ കാശ് ലാഭം.
"കമ്പനികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രീയപ്പെട്ടതാകുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ചെലവ് കുറയുന്നു എന്നത് തന്നെയാണ്. എന്നാല്‍ അതിനനുസരിച്ച് കമ്പനികള്‍ ജീവനക്കാരുടെ ശംമ്പളത്തില്‍ വര്‍ദ്ധന വരുത്തുന്നില്ല. ഒട്ടേറെ ആനുകൂല്യങ്ങളാണ് ജീവനക്കാര്‍ക്ക് നഷ്ടമാകുന്നത്. ജീവനക്കാരോടുള്ള മാനേജ്‌മെന്റിന്‍രെ ഇടപെടലില്‍ തന്നെ ഒരകല്‍ച്ച പ്രകടമാകുന്നുണ്ട്," അനൂപ് പറയുന്നു.
എന്നാല്‍ മേല്‍പ്പറഞ്ഞ വാദം തെറ്റാണെന്നും വര്‍ക്ക് ഫ്രം ഹോം സമ്പ്രദായത്തിന് പ്രത്യേക നേട്ടമൊന്നും ലഭിക്കുന്നില്ലെന്നും ഇന്‍ഫോപാര്‍ക്കിലെ ഒരു ഐടി കമ്പനിയുടെ പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത മാനേജ്‌മെന്റ് വക്താവ് പറഞ്ഞു. " കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നുവെന്നത് ഒരു തെറ്റിധാരണയാണ്. കമ്പനികള്‍ക്ക് ഉണ്ടാകുന്ന ചെറിയ സാമ്പത്തിക നേട്ടത്തെക്കാള്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളാണ് വീട്ടിലിരുന്ന് ജോലിചെയ്യുന്നവര്‍ വരുത്തി വയ്ക്കുന്നത്. കമ്പനിയുടെ കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചിരുന്നവര്‍ സ്വന്തം ലാപ്‌ടോപ് ഉപയോഗിക്കാന്‍ തുടങ്ങി. ഇനി കമ്പനിയുടെ ലാപ്‌ടോപ്പാണെങ്കിലും വീട്ടിലുള്ള പലരും അത് ഉപയോഗിക്കുന്നു. അതുണ്ടാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഗുരുതരമാണ്," അദ്ദേഹം പറഞ്ഞു.
ഹൈബ്രിഡ് സൗകര്യം
ഇത്തരം വിഷയങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് കൊച്ചി ഇന്‍ഫോ പര്‍ക്കിലെ പല കമ്പനികളും ജീവനക്കാരെ തിരിച്ചു വിളിച്ചു തുടങ്ങി. ടിസിഎസ് പോലുള്ള കമ്പനികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലിരുന്നും ബാക്കി ദിവസങ്ങളില്‍ വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള സൌകര്യമുണ്ട്.
"ജോലിയുടെ സ്വഭാവമനുസരിച്ച് ചില ജോലികള്‍ക്ക് ഓഫീസില്‍ വരേണ്ടത് നിര്‍ബന്ധമാണ്. മിക്ക ഐടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളില്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നതും അതാണ്," കൊച്ചിയിലെ എച്ച് ആര്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയായ എച്ച് ട്രീയുടെ എംഡിയും മാനേജിംഗ് ഡയറക്ടറുമായ എബ്രഹാം ഓലിക്കല്‍ പറഞ്ഞു.
അടുത്ത കാലത്തായി, കൊച്ചിയിലെ ഐടി വ്യവസായത്തില്‍ ധാരാളം നിയമനങ്ങള്‍ നടക്കുന്നുണ്ട്. ടിസിഎസ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഒട്ടേറെ നിയമനങ്ങള്‍ നടത്തി. ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ നിയമനങ്ങള്‍ നടത്തിയ മറ്റൊരു സ്ഥാപനമാണ് മിറ്റ്‌സോഗോ. ഇന്നൊവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനും അനുബന്ധ വികസനത്തിനുമായി 690 കോടി രൂപ നിക്ഷേപിക്കാനുള്ള ടിസിഎസിന്റെ പദ്ധതി വരും വര്‍ഷങ്ങളില്‍ കൊച്ചിയില്‍ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.