17 May 2022 2:53 AM
Summary
ഡെല്‍ഹി: രാജ്യത്തെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ റെക്കോര്‍ഡ് നിരക്കായ 15.08 ശതമാനമായി ഉയര്‍ന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 14.55 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.74 ശതമാനമായിരുന്നുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിനറല്‍ ഓയില്‍, അടിസ്ഥാന ലോഹങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍, രാസ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമായതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ വില […]
ഡെല്‍ഹി: രാജ്യത്തെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ റെക്കോര്‍ഡ് നിരക്കായ 15.08 ശതമാനമായി ഉയര്‍ന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 14.55 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.74 ശതമാനമായിരുന്നുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിനറല്‍ ഓയില്‍, അടിസ്ഥാന ലോഹങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍, രാസ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമായതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.
പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ വില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 8.35 ശതമാനമായിട്ടുണ്ട്. ഊര്‍ജ്ജ-ഇന്ധന മേഖലയുമായി ബന്ധപ്പെട്ട പണപ്പെരുപ്പം 38.66 ശതമാനവും, നിര്‍മ്മാണ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പണപ്പെരുപ്പം 10.85 ശതമാനവും, എണ്ണ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പണപ്പെരുപ്പം 16.10 ശതമാനവുമാണ്. ഏപ്രിലില്‍ ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട പണപ്പെരുപ്പം 69.07 ശതമാനമാണ്.
രാജ്യത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും സകല നിയന്ത്രണങ്ങളും ഭേദിച്ച് മുന്നേറുകയാണ്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 7.79 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. ഇത് എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യ എണ്ണയുടേയും ഇന്ധനത്തിന്റെയും വില വര്‍ധനയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ തുടര്‍ച്ചയായ നാലാം മാസമാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹിഷ്ണുതാ പരിധിയായ 6 ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനത്തിലേക്ക് എത്തിയിരുന്നു.
ഭക്ഷ്യോത്പന്നങ്ങളുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 7.68 ശതമാനമായിരുന്നത് കഴിഞ്ഞ മാസം 8.38 ശതമാനമായി ഉയര്‍ന്നു. പച്ചക്കറി വില വര്‍ധനയും പണപ്പെരുപ്പത്തിന് കാരണമായെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പത്തെ തുടര്‍ന്ന് മെയ് നാലിന് ആര്‍ബിഐ റീപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ വര്‍ധനയുണ്ടാകുന്നത്.
ആഗോളതലത്തിലും
ലോകമെമ്പാടും പണപ്പെരുപ്പം മൂലം പലിശനിരക്ക് ഉയരുന്നതു സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ ഫലമായി ആഗോള ഓഹരികള്‍ പതിനെട്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ദലാല്‍ സ്ട്രീറ്റ് കരടികള്‍ പിടി മുറുക്കി. സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും യഥാക്രമം 3.72 ശതമാനവും 3.83 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
leaഇത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിവാര നഷ്ടമാണ്. ചില ഓഹരികളുടെ ആകര്‍ഷകമായ വിലയും പ്രതീക്ഷിച്ചതിലും നല്ല ത്രൈമാസ ഫലങ്ങളും വിപണിയില്‍ ഇടവിട്ടുള്ള ഉയര്‍ച്ചക്ക് സഹായമായിട്ടുണ്ട്. ഇത് മുതലെടുത്ത നിക്ഷേപകര്‍ ഓരോ അവസരങ്ങളിലും വിപണിയില്‍ നിന്നും ലാഭം എടുക്കുകയും ചെയ്തു.