1 May 2022 12:18 AM GMT
Summary
ഇന്ത്യയും യു.എ.ഇയും ഒപ്പു വെച്ച സമഗ്രസാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ന് മുതല്‍ നിലവില്‍ വരും. കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ ചരക്ക്, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ഇന്ത്യ, യുഎഇ വാണിജ്യ,വ്യാപാര ബന്ധം ഏറ്റവും മികച്ച നിലയിലെത്തിയ പശ്ചാത്തലത്തിലാണ് സ്വതന്ത്ര വ്യാപാര കരാറിനോളം തുല്യമായ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ഥ്യമായത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുഎസിനും ചൈനയ്ക്കും പിന്നില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ യുഎഇയിലേക്കുള്ള […]
ഇന്ത്യയും യു.എ.ഇയും ഒപ്പു വെച്ച സമഗ്രസാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ന് മുതല്‍ നിലവില്‍ വരും. കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ ചരക്ക്, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ഇന്ത്യ, യുഎഇ വാണിജ്യ,വ്യാപാര ബന്ധം ഏറ്റവും മികച്ച നിലയിലെത്തിയ പശ്ചാത്തലത്തിലാണ് സ്വതന്ത്ര വ്യാപാര കരാറിനോളം തുല്യമായ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ഥ്യമായത്.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുഎസിനും ചൈനയ്ക്കും പിന്നില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ യുഎഇയിലേക്കുള്ള അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഇന്ന് മുതല്‍ ഒഴിവാകും. കൂടാതെ ഭക്ഷ്യവസ്തുക്കള്‍ മുതല്‍ ചികിത്സാ ഉപകരണങ്ങള്‍ക്ക് വരെ അഞ്ചശതമാനം നികുതി ഇളവ് ലഭിക്കും. നിലവില്‍ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. കസ്റ്റംസ് തീരുവയില്‍ നിന്ന് എല്ലാ ഉല്‍പ്പന്നങ്ങളെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കരാർ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
രത്നം, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് സാധനങ്ങള്‍, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, അഗ്രി ഗുഡ്സ്, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍സ്, എഞ്ചിനീയറിംഗ് ഗുഡ്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കയറ്റുമതിക്ക് കരാര്‍ പ്രയോജനം ചെയ്യും.
രത്‌നങ്ങളും ആഭരണങ്ങളും പോലെ തൊഴില്‍ പ്രാധാന്യമുള്ള മേഖലകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതിയായ 26 ബില്യൺ ഡോളറില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 40 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നന്നതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്ഐഇഒ) ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു. നികുതി ഇളവ് ലഭിക്കുന്നതോടെ ഇടപാടുകള്‍ വര്‍ധിച്ച് ലാഭം കൂടുകയും വില കുറയുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രണ്ടു രാജ്യങ്ങളും തമ്മിൽ 100 ബില്യൺ ഡോളര്‍ ഉഭയ കക്ഷി വ്യാപാരം കൈവരിക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഈ കരാര്‍.