image

13 April 2022 8:33 AM IST

Corporates

കടം, അനശ്ചിതത്വം, പോരാട്ടം… ഒടുവിൽ എയര്‍ടെല്‍ ശക്തമായി തിരിച്ചുവന്നു: മിത്തല്‍

MyFin Bureau

കടം, അനശ്ചിതത്വം, പോരാട്ടം… ഒടുവിൽ എയര്‍ടെല്‍ ശക്തമായി തിരിച്ചുവന്നു: മിത്തല്‍
X

Summary

ഡെല്‍ഹി: ടെലികോം മേഖലയിലെ അഞ്ചു വര്‍ഷം നീണ്ട അനശ്ചിതത്വം, വരുമാന ഇടിവ്, ഉയര്‍ന്ന കടം, തുടങ്ങിയ കഠിനമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഭാരതി എയര്‍ടെല്‍  ശക്തവും സുസ്ഥിരവുമായ സ്ഥാപനമായി മാറിയെന്ന് ചെയര്‍മാനും സ്ഥാപകനുമായ സുനില്‍ മിത്തല്‍. ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (എഐഎംഎ) സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഹീറോ എന്റര്‍പ്രൈസ് ചെയര്‍മാന്‍ സുനില്‍ കാന്ത് മുഞ്ജലുമായി  സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു 1992 ല്‍ രാജ്യത്തു നടന്ന മൊബൈല്‍ ഫോണ്‍ ലൈസന്‍സിനായുള്ള ലേലത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത്. […]


ഡെല്‍ഹി: ടെലികോം മേഖലയിലെ അഞ്ചു വര്‍ഷം നീണ്ട അനശ്ചിതത്വം, വരുമാന ഇടിവ്, ഉയര്‍ന്ന കടം, തുടങ്ങിയ കഠിനമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഭാരതി എയര്‍ടെല്‍ ശക്തവും സുസ്ഥിരവുമായ സ്ഥാപനമായി മാറിയെന്ന് ചെയര്‍മാനും സ്ഥാപകനുമായ സുനില്‍ മിത്തല്‍.

ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (എഐഎംഎ) സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഹീറോ എന്റര്‍പ്രൈസ് ചെയര്‍മാന്‍ സുനില്‍ കാന്ത് മുഞ്ജലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു 1992 ല്‍ രാജ്യത്തു നടന്ന മൊബൈല്‍ ഫോണ്‍ ലൈസന്‍സിനായുള്ള ലേലത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത്. കൂടാതെ, ജീവിതത്തിന്റെ ആദ്യകാലത്ത് ലഭിച്ച നേതൃത്വഗുണങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ നിലനില്‍ക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

"കമ്പനിയുടെ നടത്തിപ്പില്‍ വിട്ടുവീഴ്ച ചെയ്യാൻ എന്റെ ജീവനക്കാര്‍ എന്നോട് ആവശ്യപ്പെടാറില്ല. ഞാനും വിട്ടുവീഴ്ച വേണ്ടതൊന്നും അവരോട് പറയാറില്ല," മിത്തല്‍ പറഞ്ഞു.

കഴിഞ്ഞ നാല്, അഞ്ച് വര്‍ഷങ്ങളിലായി വ്യവസായമേഖലയിലെ ചെലവുകള്‍ കൂടുതലാണ്. പക്ഷേ, വ്യവസായത്തില്‍ നിന്നുള്ള വരുമാനം കുറവായിരുന്നു. മൂന്ന് മുതല്‍ നാല് ബില്യണ്‍ ഡോളര്‍ വരെയായിരുന്നു ഓരോ വര്‍ഷത്തെയും ചെലവ്. കൂടാതെ, കമ്പനിക്ക് കൂടുതല്‍ മൂലധനം സമാഹരിക്കേണ്ട സാഹചര്യവും ഉണ്ടായി. കഴിഞ്ഞ 30 മാസത്തിനുള്ളില്‍ ഞങ്ങള്‍ 18 ബില്യണ്‍ ഡോളറിലധികം സമാഹരിച്ചു, മിത്തല്‍ പറഞ്ഞു.

വിഷമകരമായ സാഹചര്യങ്ങളിലും ഞങ്ങള്‍ കുറുക്കുവഴികളൊന്നും സ്വീകരിച്ചിരുന്നില്ല. 2016-ല്‍ ശക്തമായ മത്സരത്തിന്റെ രൂപത്തിലായിരുന്നു ടെലികോം വ്യവസായമേഖലയിലെ 'ആക്രമണം'. സുസ്ഥിരമായ ബിസിനസ് എന്ന കാഴ്ചപ്പാടില്‍ നിന്നും മാറി അതിജീവനത്തിനായി കുറുക്കുവഴികളും, ഹ്രസ്വകാല തീരുമാനങ്ങളും പലരും സ്വീകരിച്ചു. പക്ഷേ, ഞങ്ങള്‍ കുറുക്കുവഴികളൊന്നും സ്വീകരിക്കാതെ ദീര്‍ഘകാല വീക്ഷണത്തോടെയാണ് തീരുമാനങ്ങളെടുത്തത്.

"പ്രാരംഭദശയിലുള്ള കമ്പനികള്‍ക്കും വളരുന്ന അല്ലെങ്കില്‍ പകുതി വളര്‍ച്ചയെത്തിയ കമ്പനികള്‍ക്കും ഒരു സ്‌പോണ്‍സര്‍ അത്യാവശ്യമാണ്. കാരണം അവര്‍ക്ക് കമ്പനിയെ അപകടസാധ്യതകളില്‍ ഏറ്റെടുക്കാന്‍ കഴിയും. രാജ്യത്തെ ഏറ്റവും വിദഗ്ധരായ തൊഴിലാളികളുള്ള കമ്പനികളിലൊന്നാണ് എയര്‍ടെല്‍. കമ്പനിയുടെ ശക്തമായ ഘടന മൂലമാണ് പ്രതികൂല സാഹചര്യങ്ങള്‍ക്ക് ശേഷം കൂടുതല്‍ ശക്തമായി കമ്പനി ഉയര്‍ന്നുവരുന്നത്," മിത്തല്‍ പറഞ്ഞു.

കമ്പനിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടകരമായ തീരുമാനങ്ങളോ, കാര്യങ്ങളോ വരുമ്പോള്‍ എന്റെ ജീവനാണ് ഞാന്‍ വാഗ്ദാനം ചെയ്യാറ്. എന്റെ കമ്പനിയുടെ സിഇഒയ്ക്ക് അപകടകരമായ ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോള്‍, ഞാന്‍ അത് മനസിലാക്കുകയും ഓഹരി ഉടമകള്‍, ബോര്‍ഡ് മുതലായവയ്ക്ക് മുന്നില്‍ എന്നെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യും. കമ്പനിക്കുള്ളിലെ ഈ കെട്ടുറപ്പാണ് വളരെ ശക്തമായി കമ്പനിയെ നിലകൊള്ളാന്‍ സഹായിക്കുന്നത്.

കുടുംബ ബിസിനസുമായി ബന്ധപ്പെട്ട പല സംരംഭകര്‍ക്കും, ചുമതലകൾ വിട്ടുകൊടുക്കാനുള്ള മടിയുണ്ട്. ഇത് ബിസിനസ്സിൻറെ ശാപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എയര്‍ടെല്‍ സ്വകാര്യ പങ്കാളിത്ത കമ്പനിയായി മാറുമോ അതോ പ്രൊഫഷണലുകളും, സംരംഭകരും പിന്തുണയ്ക്കുന്ന കമ്പനി ആയി തുടരുമോയെന്നത് ഭാവിയില്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ മക്കള്‍ അവരുടെ സ്വന്തം അഭിനിവേശത്തെ പിന്തുടരുന്നവരാണ്. അവര്‍ സ്വന്തമായി ബിസിനസ് നടത്തുകയും, അതിനായി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നവരാണ്. ഞങ്ങളുടേത് ഒരു സാധാരണ കുടുംബ ബിസിനസ് പോലെയല്ല. മക്കളിലാരെങ്കിലും ഒരു ദിവസം ഞാന്‍ ഈ ബിസിനസിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് പറഞ്ഞാല്‍ അത് പരിഗണിക്കപ്പെടാമെന്നും, മിത്തല്‍ പറഞ്ഞു.