രാജ്യത്തെ ദേശീയപാതകളിലുള്ള ടോള്‍ പ്ലാസകളില്‍ പിരിവ് നല്‍കുന്നതിനുള്ള ഇലക്ട്രോണിക്ക് ചിപ്പ് സംവിധാനമായ ഫാസ്റ്റാഗ് സംബന്ധിച്ച്...
രാജ്യത്തെ ദേശീയപാതകളിലുള്ള ടോള്‍ പ്ലാസകളില്‍ പിരിവ് നല്‍കുന്നതിനുള്ള ഇലക്ട്രോണിക്ക് ചിപ്പ് സംവിധാനമായ ഫാസ്റ്റാഗ് സംബന്ധിച്ച് പുതിയ ചട്ടങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള സേവന ദാതാവില്‍ നിന്നും വാഹന ഉപയോക്താവിന് മാറാന്‍ സാധിക്കും എന്നതാണ് ഇതില്‍ ശ്രദ്ധേയമായ ഒന്ന്. വാഹന രജിസ്‌ട്രേഷന്‍ നമ്പറില്‍ നിന്നും ഫാസ്റ്റാഗ് ഡീ-ലിങ്ക് (ബന്ധം വിച്ഛേദിക്കുക) ചെയ്യാന്‍ പറ്റുമെന്ന് വ്യക്തമാക്കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഏതാനും ആഴ്ച്ച മുന്‍പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ഫാസ്റ്റാഗ് സേവനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ എക്‌സെപ്ഷന്‍ കോഡുകള്‍ (ഒഴിവാക്കല്‍ ചട്ടങ്ങള്‍) കൂടി ഉള്‍പ്പെടുത്തിയതോടെയാണ് വാഹന ഉടമകള്‍ക്ക് ഫാസ്റ്റാഗ് മാറ്റാനുളള അവസരമൊരുങ്ങുന്നത്. ഇതിലെ ക്ലോസ്ഡ്/ റീപ്ലേയ്സ്ഡ് കോഡ് പ്രകാരം ഫാസ്റ്റാഗ് ഇറക്കിയ ബാങ്കിന് അത് റദ്ദാക്കാന്‍ സാധിക്കും. ശേഷം വാഹന ഉടമ പുതിയ ഫാസ്റ്റാഗ് സ്വന്തമാക്കിയാല്‍ അത് ക്ലോസ്ഡ് / റീപ്ലേയ്സ്ഡ് ഇനത്തിലാണ് പെടുക. അതായത് മുന്‍പ് വാഹന നമ്പറുമായി ലിങ്ക് ചെയ്തിരുന്ന ഫാസ്റ്റാഗ് വിച്ഛേദിച്ച് പുതിയത് ഇതേ വാഹന നമ്പറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കുമെന്ന് ചുരുക്കം. നിലവില്‍ ഡീലിങ്കിംഗ് സാധ്യമല്ലായിരുന്നു. ജൂണ്‍ 30 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും എന്‍പിസിഐ അറിയിച്ചു.
ഇതോടെ ഉപയോക്താക്കള്‍ക്ക് നിലവിലുള്ള ഫാസ്റ്റാഗ് റദ്ദാക്കി പുതിയത് തിരഞ്ഞെടുത്ത് വാഹനങ്ങളില്‍ ഉപയോഗിക്കാം. ഫാസ്റ്റാഗും വാഹന നമ്പറും തമ്മില്‍ ബന്ധിപ്പിച്ച് കഴിഞ്ഞാല്‍ ഇത് തന്നെ സ്ഥിരമായി ഉപയോഗിക്കണം എന്നതായിരുന്നു ചട്ടം. ഫാസ്റ്റാഗിന്റെ സ്ഥിരത ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാല്‍ ഫാസ്റ്റാഗിന് എന്തെങ്കിലും കേടുപാട് സംഭവിക്കുകയോ, നിലവില്‍ ലഭിക്കുന്ന സേവനത്തില്‍ അതൃപ്തിയോ ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് മറ്റൊരു ഫാസ്റ്റാഗ് ഓപ്പറേറ്ററിലേക്ക് മാറ്റുവാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉപയോക്താക്കള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്നു.
പുതിയതായി പ്രാബല്യത്തില്‍ വരുന്ന എക്‌സെപ്ഷന്‍ കോഡുകള്‍ അതാത് ഫാസ്റ്റാഗുകളുടെ സ്റ്റാറ്റസിന് (തല്‍സ്ഥിതി) അനുസൃതമായി ടോള്‍ പ്ലാസകളിലെ ഇടപാട് സുഗമമാക്കും. നേരത്തെ ബ്ലാക്ക് ലിസ്റ്റ്, ലോ ബാലന്‍സ്, എക്‌സ്ംപ്റ്റഡ് (ഒഴിവാക്കിയവ) എന്നീ മൂന്ന് എക്‌സെപ്ഷന്‍ കോഡുകളാണുണ്ടായിരുന്നത്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ടോള്‍ നിരക്കില്‍ നിന്നും ഒഴിവാക്കിയ ഫാസ്റ്റാഗുകളെ എക്‌സംപറ്റ്ഡ എന്ന വിഭാഗത്തിലാണ് ഉള്‍പെടുത്തുക.
എന്താണ് ഫാസ്റ്റാഗ്?
ഫാസ്റ്റാഗ് സംവിധാനം വന്നതോടെ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ പണമടയ്ക്കാനുള്ള തിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങളില്‍ വളരെ മുമ്പേ നടപ്പായ ഇലക്ട്രോണിക്ക് ടോള്‍ ടാക്‌സ് കളക്ഷന്‍ സംവിധാനം 2014 ലാണ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. എന്നാലിത് 2021-ഓടെയാണ് രാജ്യവ്യാപകമായി നടപ്പില്‍ വന്നത്. വാഹനത്തിന് മുന്‍വശത്ത് പതിച്ചിരിക്കുന്ന ഫാസ്റ്റാഗ് കാര്‍ഡുകള്‍ വഴിയാണ് ടോള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. അതായത് ഫാസ്റ്റാഗ് ഉള്ള വാഹനത്തിലെ യാത്രക്കാരന് വണ്ടിയുടെ ഗ്ലാസ് താഴ്ത്തി പണം നേരിട്ട് കൈമാറേണ്ടതില്ല.
മെട്രോ റെയില്‍വേ കാര്‍ഡുകളിലും ഓഫീസിലെ ആക്‌സസ് മെഷിനിലുമെല്ലാം ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതിക വിദ്യയാണ് ഫാസ്റ്റാഗിലും ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുന്‍ ഗ്ലാസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ഫാസ്റ്റാഗ് കാര്‍ഡുകള്‍ ടോള്‍ ബൂത്തിലെ റീഡറുകള്‍ സെന്‍സ് ചെയ്യുന്നത് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ കാര്‍ഡിലെ ബാലന്‍സും കാര്‍ഡിന്റെ ആധികാരികതയുമെല്ലാം സ്വയമേ തന്നെ റീഡര്‍ വിലയിരുത്തിയാണ് ടോള്‍ ടാക്‌സ് ഈടാക്കുന്നത്.