image

31 March 2022 2:11 AM GMT

Personal Finance

'അളന്ന് കളയാം', ഏപ്രില്‍ ഒന്നുമുതല്‍ ശീലിക്കാം ഈ അഞ്ച് കാര്യങ്ങള്‍

Aswathi Kunnoth

Budget
X

Summary

പുതിയ സാമ്പത്തിക വര്‍ഷം പിറക്കുകയാണ്. 2022 ല്‍ നമ്മുടെ ധനകാര്യ മാനേജ്‌മെന്റ് എങ്ങനെയാകണം? ഒരാളുടെ സമ്പാദ്യം, നിക്ഷേപം, വായ്പ, ഇന്‍ഷുറന്‍സ്, ബാധ്യത തുടങ്ങിയവയെല്ലാം 'റീസെറ്റ്' ചെയ്യേണ്ട സമയമാണ് ഏപ്രില്‍ ഒന്ന്. വരുമാനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ധന, അല്ലെങ്കില്‍ കുറവ് വിലയിരുത്തി അതിനനുസരിച്ച് സാമ്പത്തിക ആസുത്രണം നടത്തേണ്ടി വരും. മികച്ച സാമ്പത്തിക ആസൂത്രണത്തിന് ചെറുതെങ്കിലും സമ്പാദ്യം നിര്‍ബന്ധമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുക എന്നത്. ഇത് രണ്ടും ഭാവിയില്‍ നമ്മുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. […]


പുതിയ സാമ്പത്തിക വര്‍ഷം പിറക്കുകയാണ്. 2022 ല്‍ നമ്മുടെ ധനകാര്യ മാനേജ്‌മെന്റ് എങ്ങനെയാകണം? ഒരാളുടെ സമ്പാദ്യം, നിക്ഷേപം, വായ്പ, ഇന്‍ഷുറന്‍സ്, ബാധ്യത തുടങ്ങിയവയെല്ലാം 'റീസെറ്റ്' ചെയ്യേണ്ട സമയമാണ് ഏപ്രില്‍ ഒന്ന്. വരുമാനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ധന, അല്ലെങ്കില്‍ കുറവ് വിലയിരുത്തി അതിനനുസരിച്ച് സാമ്പത്തിക ആസുത്രണം നടത്തേണ്ടി വരും. മികച്ച സാമ്പത്തിക ആസൂത്രണത്തിന് ചെറുതെങ്കിലും സമ്പാദ്യം നിര്‍ബന്ധമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുക എന്നത്. ഇത് രണ്ടും ഭാവിയില്‍ നമ്മുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. കൃത്യതയോടെയുള്ള നിക്ഷേപമാണ് മറ്റൊന്ന്.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷാരംഭം പോലെയല്ല ഇത്. കോവിഡ് പ്രതിസന്ധി സാവധാനം മാഞ്ഞ് പോവുകയാണ്. ഇത് സമ്പദ് വ്യവസ്ഥയിലും ഒപ്പം നമ്മുടെ വരുമാനത്തിലും പ്രതിഫലിക്കും. സാമ്പത്തിക ഇടപാടുകളില്‍ അച്ചടക്കം പാലിച്ചാല്‍ പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ പെട്ടുപോവില്ല. പുതിയ വര്‍ഷത്തില്‍ വ്യക്തിഗത സാമ്പത്തിക കാര്യങ്ങളില്‍ ശരിയായ തീരുമാനമെടുക്കാം. ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളിലെ 'സാമ്പത്തിക മനുഷ്യനെ' കുറ്റമറ്റതാക്കി ഭദ്രത ഉറപ്പാക്കാം.

അളന്ന് കളയാം

എന്തിനും ഒരു കണക്ക് വേണം. ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം എന്നാണല്ലോ ചൊല്ല്. നമ്മുടെ വരവ് കൃത്യമായി അറിഞ്ഞുകൊണ്ടുള്ള സാമ്പത്തിക ആസൂത്രണമാണ് വേണ്ടത്. നിങ്ങളുടെ വരുമാനം ,അതെത്രയോ ആകട്ടെ കൃത്യമായി മനസ്സിലാക്കി വേണം ഇവിടെ പ്ലാന്‍ ചെയ്യാന്‍. ഇതിനായി, ശമ്പളവരുമാനം, മറ്റ് സ്ഥിര വരുമാനങ്ങള്‍, താത്കാലികമായുള്ള പണവരവ്, അക്കൗണ്ട് ബാലന്‍സ് , നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അത്, ഇവയെല്ലാം കണക്കാക്കാം. ഒന്നോ രണ്ടോ വായ്പകള്‍ ഇല്ലാത്തവര്‍ ഇന്ന് ചുരക്കമാകും. ഭവന വായ്പ, കാര്‍ലോണ്‍, വ്യക്തിഗത വായ്പ ഇതെല്ലാം ഉണ്ടാകും. കടബാധ്യത എത്രയാണെന്നും മാസ തിരിച്ചടവുകള്‍ എത്രയെന്നും കണക്കാക്കണം. കുട്ടികളുടെ സ്‌കൂള്‍ഫീസ്, കുടുംബ ചെലവ് അടക്കം വരുമാനവും ചെലവും താരതമ്യം ചെയ്യാം. ഇതനുസരിച്ച് വേണം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 'ധനനയം' മാനേജ് ചെയ്യാന്‍. ചെറിയ തോതിലെങ്കിലും പുതിയ സേവിംഗ്‌സും പരിഗണിക്കാം. നിലവില്‍ തുടരുന്ന എസ് ഐ പി, ക്രെഡിറ്റ് കാര്‍ഡ് ബില്‍, എന്നിവയൊക്കെ ലിസ്റ്റ് ചെയ്യണം. മുന്‍വര്‍ഷത്തെ ചെലവ് നിരീക്ഷിക്കുന്നത് അനാവശ്യ ചെലവുകള്‍ കണ്ടെത്താനുള്ള എളുപ്പ മാര്‍ഗമാണ്. കൂടുതല്‍ ചെലവഴിച്ചതും, നിയന്ത്രിക്കേണ്ട ചെലവുകളും ഇതുവഴി എളുപ്പത്തില്‍ കണ്ടെത്താം. ഓരോ മാസത്തെ സ്ഥിരമായ ചെലവുകള്‍ കഴിഞ്ഞ് ബാക്കി വരുന്ന തുകയുടെ നിശ്ചിത ശതമാനം സമ്പാദ്യമാക്കി മാറ്റാം.

വലിയ പലിശാകടങ്ങളോട് 'നോ' പറയാം

പലപ്പോഴും ഒന്നിലധികം വായ്പകള്‍ ഉള്ളവരാകും നമ്മള്‍. വീട്/ഫളാറ്റ്, കാര്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ ഇവയ്‌ക്കെല്ലാം വായ്പയെടുക്കുന്നവരാണ് ഭൂരിഭാഗവും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. വായ്പകളെ തരംതിരിച്ച് വലിയ പലിശയുളളവ മാറ്റി നിര്‍ത്തണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഭവന വായ്പ, കാര്‍ ലോണ്‍, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക എന്നിവയുണ്ടെങ്കില്‍ അതിലെ പലിശ നിരക്ക് താരതമ്യം ചെയ്യുക. ഭവന വായ്പാ പലിശ ശരാശരി 7 ശതമാനവും കാര്‍ലോണ്‍ 7.5 ഉം ആയിരിക്കും. (നേരിയ വ്യത്യാസം ഉണ്ടാകാം). അതേസമയം വ്യക്തിഗത വായ്പപയ്ക്ക് 10 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് കുടിശികയ്ക്ക് 40 ശതമാനം വരെയുമാകും നിരക്ക്. ഇതു കൂടാതെ സ്വര്‍ണപണയമുണ്ടെങ്കില്‍ ബാങ്ക് അനുസരിച്ച് വ്യത്യാസപെടും.

സ്വകാര്യ ബാങ്കാണെങ്കില്‍ 12 മുതല്‍ 22 വരെയാകാം ഇവിടെ നിരക്ക്. അത്യാവശ്യത്തിന് നൂറ് രൂപയ്ക്ക് അഞ്ചും പത്തും രൂപ നിരക്കില്‍ കടമെടുത്തിട്ടുള്ളവരുമുണ്ടാകും. ഇത്തരം വായ്പകള്‍ തോളിലേറ്റിയര്‍ക്ക് ഒരു കാലത്തും നടു നിവര്‍ത്താനാവില്ല. അതുകൊണ്ട് ഉയര്‍ന്ന പലിശ കടങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇതിന് ചില മാര്‍ഗങ്ങളുണ്ട്. ഏറ്റവും കൂടിയ പലിശ നിരക്കുള്ളവ തരം തിരിച്ച് ആദ്യം അവ ഒഴിവാക്കുക. ഇതിന് പണം കണ്ടെത്താന്‍ സുഹൃത്തുക്കളില്‍ നിന്ന് തീയതി പറഞ്ഞ് കടമായി വാങ്ങാം. അല്ലെങ്കില്‍ പലിശ കുറഞ്ഞ ഭവന വായ്പ ടോപ് അപ്പ് ചെയ്ത് ആ പണം വിനിയോഗിക്കാം. ഇതോടെ വലിയ ബാധ്യതകളില്‍ നിന്ന് ഒഴിയാനാകും.

അനാവശ്യ ചെലവ് വേണ്ട

ചെലവുകളെ വരുമാനമനുസരിച്ച് തരം തിരിക്കാം. അത്യാവശ്യം, ആവശ്യം, ഒഴിവാക്കാനാവുന്നവ, അനാവശ്യം. ഈ രീതിയില്‍ അച്ചടക്കത്തോടെ ചെലവുകളെ കൈകാര്യം ചെയ്താല്‍ പിന്നീട് ദുഃഖിക്കേണ്ടി വരില്ല. കുടുംബാംഗങ്ങളെയും ഈ രീതി ബോധ്യപ്പെടുത്താം.

നിരന്തരമുള്ള ഔട്ടിംഗ്, ഭക്ഷണം സ്ഥിരമായി പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ അത്, അനാവശ്യ യാത്രകള്‍, ആഢംഭര ഉത്പന്നങ്ങളോടുള്ള താത്പര്യം എന്നിവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്. മൊബൈല്‍, മറ്റ് ഗാഡ്ജറ്റുകള്‍, വാഹനങ്ങള്‍ തുടങ്ങിയവ നിരന്തരം മാറ്റി വാങ്ങുന്ന ശീലമുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കണം. ഈ ശീലം പ്രത്യേകിച്ച് അധിക സേവനം ഒന്നും നല്‍കാതെ തന്നെ നമ്മുടെ സാമ്പത്തിക ഭദ്രത തകര്‍ക്കും.

ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാം

മൂന്ന് വര്‍ഷം മുമ്പ് കോവിഡ് പോലുള്ള ഒരു മഹാവ്യാധിയെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിരുന്നോ? എത്ര വ്യക്തികളെ/ കുടുംബങ്ങളെയാണ് അത് സാമ്പത്തികമായി താറുമാറാക്കിയത്. ഇതില്‍ നല്ലൊരു ശതമാനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലായിരുന്നു. മുന്‍ കാലങ്ങളെ പോലെയല്ല ഇപ്പോള്‍. കോര്‍പ്പറേറ്റ് ആശുപത്രികളുടെ കടന്നുവരവോടെ ചികിത്സ വലിയ ചെലവേറിയതായിരിക്കുന്നു.

ഒരു വര്‍ഷം മെഡിക്കല്‍ ബില്ലില്‍ 15 ശതമാനം വരെ വര്‍ധന വരുന്നുണ്ട്. ചെറിയ ഒരു അസുഖം പോലും കുടുംബങ്ങളെ വലിയ ബാധ്യതയിലേക്ക് തള്ളിവിടും. ഇതില്‍ നിന്ന് കരകയറാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. അതുകൊണ്ട് കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് പര്യാപ്തമായ ഒരു ഫാമിലി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമായും വേണം. നിലവിലുളളവ പോരെങ്കില്‍ അത് പുനക്രമീകരിക്കണം. വ്യക്തിഗത, ഫ്‌ലോട്ടര്‍ പ്ലാനുകള്‍ വാര്‍ഷിക, അര്‍ദ്ധവാര്‍ഷിക, ത്രൈമാസ കാലയളവില്‍ അടച്ച് ജീവിതം ആയാസരഹിതമാക്കാം. ഓണ്‍ലൈനായി വീട്ടില്‍ ഇരുന്ന് തന്നെ അനുയോജ്യ പോളിസി താരതമ്യം ചെയ്ത് കണ്ടെത്താം.

എമര്‍ജന്‍സി ഫണ്ട് കണ്ടെത്താം

അത്യാവശ്യം വന്നാല്‍ വായ്പകള്‍ എടുക്കാതെയോ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെയോ, നിലവിലുള്ള ആസ്തികള്‍ വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അടിയന്തര ഫണ്ട് സഹായിക്കും. ചെറിയ തോതില്‍ ഇതിലേക്ക് പണം വകമാറ്റാന്‍ പുതിയ സാമ്പത്തിക വര്‍ഷം ശീലിക്കാം. ബജറ്റിംഗില്‍ ചില വിട്ട് വീഴ്ച്ച വരുത്തിയാല്‍ നിങ്ങള്‍ക്കും ഒരു എമര്‍ജന്‍സി ഫണ്ട് കണ്ടെത്താം. പ്രതിമാസ വീട്ടുചെലവുകള്‍ രേഖപ്പെടുത്തി അത്യാവശ്യമുള്ളതും അല്ലാത്തതുമാക്കി മാറ്റാം.

നിര്‍ബന്ധിത ചെലവുകളുടെ ശരാശരി കണക്കെടുത്താല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം. കുറഞ്ഞത് 3-6 മാസമെങ്കിലും ഇതില്‍ നിന്ന് നിശ്ചിത തുക മാറ്റി വയ്ക്കാം. ഉദാഹരണത്തിന് പ്രതിമാസം 10,000 രൂപയാണ് അത്യാവശ്യ ചെലവെങ്കില്‍ 30,000-60,000 വരെ എമര്‍ജന്‍സി ഫണ്ട് ഏത് സമയത്തും ഉണ്ടായിരിക്കണം. നിങ്ങളുടെ വീട്ടിലെ വരുമാനമുള്ള വ്യക്തികളുടെ എണ്ണം, ആശ്രിതരുടെ എണ്ണം, നിങ്ങളുടെ ചെലവുകള്‍ എന്നിവയെ ആശ്രയിച്ച് ഇത് മാറിയേക്കാം. എങ്കിലും നിര്‍ബന്ധിത ചെലവിന്‍റെ മൂന്നിരട്ടിയെങ്കിലും ചുരുങ്ങിയത് മാറ്റി വയ്ക്കാം.

സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപാഠങ്ങളാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍. ശരിയായ കാഴ്ചപ്പാടോടെ ഇവ കൃത്യമായി നടപ്പാക്കിയാല്‍ നിങ്ങള്‍ ആരുമാകട്ടെ, തൊഴില്‍ എന്തുമാകട്ടെ, വരുമാനം ഏതുമാകട്ടെ ഭാവി നിങ്ങള്‍ക്കുള്ളതാകും.