ഡെല്‍ഹി : പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡീസല്‍ വില കുത്തനേ ഉയര്‍ത്തിയതിന് പിന്നാലെ വലിയ തോതില്‍ ഡീസല്‍ വാങ്ങിയിരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള...
ഡെല്‍ഹി : പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡീസല്‍ വില കുത്തനേ ഉയര്‍ത്തിയതിന് പിന്നാലെ വലിയ തോതില്‍ ഡീസല്‍ വാങ്ങിയിരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ മുതല്‍ ചില്ലറ വ്യാപാരം നടത്തിയിരുന്നവര്‍ വരെ ഇപ്പോള്‍ വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. രാജ്യത്ത് ഡീസല്‍ ഉപയോഗിക്കുന്ന പൊതുഗതാഗത സ്ഥാപനങ്ങള്‍ മുതല്‍ മാളുകള്‍ ഉള്‍പ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ വരെ ഇപ്പോള്‍ റീട്ടെയില്‍ പമ്പുകളെ കൂടുതലായി ആശ്രയിക്കുകയാണ്.
50,000 ലിറ്റര്‍ ഡീസലിലധികം വാങ്ങുന്ന വന്‍കിട ഉപഭോക്താക്കള്‍ക്കാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒറ്റയടിക്ക് വില കൂട്ടിയത്. ഇതോടെ ലിറ്ററിന് 21.10 മുതല്‍ 25 രൂപ വരെ വര്‍ധിപ്പിച്ചത് വലിയ തോതില്‍ ഡീസല്‍ വാങ്ങിയിരുന്നവര്‍ക്ക് തിരിച്ചടിയായി. ചില്ലറ വില്‍പനയിലെ ഡീസല്‍ വിലയുമായി താരതമ്യം ചെയ്താല്‍ 27.88 രൂപയുടെ വരെ വര്‍ധനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഉണ്ടായത്.
എന്താണ് കാരണം ?
റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവും പൊതുമേഖലാ എണ്ണക്കമ്പനികള്‍ തമ്മിലുള്ള കിടമത്സരവുമാണ് ഇന്ധന വിലയിലും പ്രതിഫലിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ഡീസല്‍ ഉള്‍പ്പടെയുള്ള ഇന്ധനങ്ങള്‍ മൊത്തമായി വില്‍ക്കുമ്പോഴുള്ള നിരക്ക് വര്‍ധിപ്പിച്ചത് പൊതുഗതാഗതം മുതല്‍ വ്യവസായങ്ങളെ വരെയുള്ള മേഖലകളെ സാരമായി ബാധിക്കും. ഇതോടെ ചില്ലറ വ്യാപാരം നടക്കുന്ന പമ്പുകളില്‍ നിന്നും ഇവര്‍ ഡീസല്‍ വാങ്ങാന്‍ പ്രേരിതരാകുന്നു.
വില കൂടുമ്പോള്‍ പരിണിത ഫലമെന്ത് ?
പൊതുമേഖലാ എണ്ണക്കമ്പനികള്‍ തമ്മിലുള്ള കിടമത്സരം ശക്തമായിരുന്ന 2008ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രിയ്ക്ക് 1,432 പമ്പുകള്‍ പൂട്ടേണ്ടി വന്നത് ഇതേ സാഹചര്യം നിലനിന്നപ്പോഴാണ്. ചില്ലറ വില്‍പനയിലെ വില വര്‍ധിക്കാതെ വലിയ തോതില്‍ (ബള്‍ക്ക് പര്‍ച്ചേസ്) ഡീസല്‍ വാങ്ങുമ്പോള്‍ ഉയര്‍ന്ന വില നല്‍കുക എന്നത് പമ്പുകളെ നഷ്ടത്തിലാക്കും.
നിലവില്‍ മുംബൈ മാര്‍ക്കറ്റിലെ കണക്കുകള്‍ നോക്കിയാല്‍ വലിയ തോതില്‍ വാങ്ങുന്ന ഡീസലിന് 122.05 രൂപയാണ് ലിറ്ററിന് കമ്പനികള്‍ ഈടാക്കുന്നത്. കേരളത്തില്‍ ഇത് 121 രൂപയാണ് (പാറശാല). ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ പൊതുമേഖലാ കമ്പനികളില്‍ നിന്നും ഇന്ധനം വാങ്ങിയിരുന്ന റീട്ടെയില്‍ ഗ്രൂപ്പുകളായ നയാരാ എനര്‍ജി, ജിയോ ബിപി, ഷെല്‍ എന്നീ കമ്പനികളുടെ പമ്പുകള്‍ വലിയ നഷ്ടം നേരിടുകയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.
കെഎസ്ആര്‍ടിസി
പൊതുമേഖലാ എണ്ണക്കമ്പനികളുടെ നീക്കം കേരളത്തില്‍ ഏറ്റവുമധികം തിരിച്ചടിയുണ്ടാക്കിയ സ്ഥാപനങ്ങളിലൊന്നാണ് കെഎസ്ആര്‍ടിസി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നുമാണ് കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങിയിരുന്നത്. ബള്‍ക്ക് പര്‍ച്ചേസ് തുക ലിറ്ററിന് 121 ആയതോടെ കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തിലുള്ള പമ്പായ യാത്രാ ഫ്യുവല്‍സിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇതില്‍ നിന്നും സാധാരണ വാഹനം ഡീസലടിക്കുന്നതു പോലെ അതേ നിരക്കിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ധനം നിറയ്ക്കുന്നത്. ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ് ആര്‍ടിസിയും പൊതുമേഖലാ എണ്ണക്കമ്പനികളുമായി സഹകരിച്ച് ആരംഭിച്ചതാണ് സ്‌റ്റേഷനുകളോട് ചേര്‍ന്നുള്ള യാത്രാ ഫ്യുവല്‍സ്.
യാത്രാ ഫ്യൂവൽസ്
സാധാരണക്കാര്‍ക്കും ഇവിടെ നിന്നും ഇന്ധനം നിറയ്ക്കാന്‍ സാധിക്കും. കേരളത്തിലെ യാത്രാ ഫ്യുവല്‍സ് പമ്പുികളുടെ എണ്ണം 75 ആക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. നിലവില്‍ സംസ്ഥാനത്ത് 10 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയേയും മറ്റ് ചില്ലറ വില്‍പന പമ്പുകളേയും ആശ്രയിക്കുന്നതിനാല്‍ ഡീസലിന്റെ നിലവിലെ നിരക്കായ 93 രൂപയ്ക്ക് (പ്രതി ലിറ്റര്‍) വാങ്ങാന്‍ കെഎസ്ആര്‍ടിസിയ്ക്ക് സാധിക്കുന്നുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനത്തിന് പിന്നാലെയുണ്ടായ തിരിച്ചടിയെ ഇങ്ങനെയാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. പക്ഷെ ഇതിനും പരിമിതികളുണ്ട്.
ദിവസേന 12 ലക്ഷത്തോളം കിലോ മീറ്ററാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇതിനായി 270 മുതല്‍ 300 കിലോ ലിറ്റര്‍ വരെയുള്ള ഡീസല്‍ വേണ്ടി വരുന്നുണ്ട്. ശമ്പള വിതരണത്തിലുള്‍പ്പടെ പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് നിലവിലെ വില വര്‍ദ്ധനവ് കൂടുതല്‍ ഭാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. യാത്രാ ഫ്യുവല്‍സിനെ ആശ്രയിച്ചു തുടങ്ങിയതോടെ നേരിയ ആശ്വസം കെഎസ്ആര്‍ടിസിയ്ക്കുണ്ട്.