17 March 2022 3:14 AM IST
Summary
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത് ഇന്ന് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. അമേരിക്കന്‍ വിപണികളെല്ലാം ഇന്നലെ വന്‍ നേട്ടത്തിലായിരുന്നു അവസാനിച്ചത്. എസ് ആന്‍ഡ് പി 2.4 ശതമാനം, നാസ്ഡാക്ക് 3.77 ശതമാനം, ഡൗ ജോണ്‍സ് 1.55 ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്തു. സിങ്കപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയിൽ ഇന്നു രാവിലെ 08.35 ന് 258 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ഫെഡിന്റെ തീരുമാനം സൂചിപ്പിക്കുന്നത് പണപ്പെരുപ്പത്തെ നേരിടാന്‍ ഇനിയും നിരക്ക് വര്‍ദ്ധനവ് ആവശ്യമായേക്കുമെന്നാണ്. […]
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത് ഇന്ന് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. അമേരിക്കന്‍ വിപണികളെല്ലാം ഇന്നലെ വന്‍ നേട്ടത്തിലായിരുന്നു അവസാനിച്ചത്.
എസ് ആന്‍ഡ് പി 2.4 ശതമാനം, നാസ്ഡാക്ക് 3.77 ശതമാനം, ഡൗ ജോണ്‍സ് 1.55 ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്തു. സിങ്കപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയിൽ ഇന്നു രാവിലെ 08.35 ന് 258 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്.
ഫെഡിന്റെ തീരുമാനം സൂചിപ്പിക്കുന്നത് പണപ്പെരുപ്പത്തെ നേരിടാന്‍ ഇനിയും നിരക്ക് വര്‍ദ്ധനവ് ആവശ്യമായേക്കുമെന്നാണ്. കൊവിഡ് കാലത്തെ പണലഭ്യത ഉയര്‍ത്തുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ ഇതോടെ അവസാനിച്ചുവെന്ന് കരുതാം.
അമേരിക്കന്‍ കേന്ദ്രബാങ്ക് 25 ബേസിസ് പോയിന്റിന്റെ വര്‍ദ്ധനവാണ് പലിശനിരക്കില്‍ വരുത്തിയത്. ഇത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഈ വര്‍ഷാവസാനത്തോടെ നിരക്കുകള്‍ 1.75 ശതമാനത്തിനും 2 ശതമാനത്തിനും ഇടയില്‍ എത്തിച്ചേരാം എന്ന പ്രവചനം വളരെ 'ഹോക്കിഷ്' ആണെന്ന് ചില നിക്ഷേപകര്‍ അഭിപ്രായപ്പെടുന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും, കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും സമ്പദ്ഘടനയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ ഫെഡ് കണക്കിലെടുക്കുന്നുണ്ട്. അതിനാല്‍ ഈ നിരക്ക് വര്‍ദ്ധനവ് മതിയാവില്ല എന്ന് തന്നെയാണ് അവരുടെ കണക്കുകൂട്ടല്‍. 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് അമേരിക്കയില്‍ ഇപ്പോള്‍.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പനയും, താഴുന്ന ക്രൂഡ് വിലകളും ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്താം. ആഗോള ശുഭസൂചനകളും, ചൈനീസ് വിപണിയുടെ ശക്തമായ തിരിച്ചുവരവും ഇന്ത്യന്‍ വിപണിക്ക് തുണയാവും.
പ്രക്ഷുബ്ധമായ ഒരു ഘട്ടത്തില്‍ നിന്നും വിപണി പുറത്തു കടന്നുവെന്ന് വേണം കരുതാന്‍. ഇതിന് മറ്റൊരു കാരണം അമിതവില്‍പ്പനയായിരുന്നു. ആ ഘട്ടം പിന്നിട്ടിരിക്കുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ആദ്യമായി ഓഹരികള്‍ വാങ്ങിത്തുടങ്ങി. ഇന്നലെ മാത്രം 311.99 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 722.55 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "സാങ്കേതികമായി, നിഫ്റ്റി ഇന്‍ട്രാഡേ ചാര്‍ട്ടുകളില്‍ രൂപപ്പെട്ടിരിക്കുന്നത് 'ഹയര്‍ ഹൈ-ഹയര്‍ ലോ' ഫോര്‍മേഷനാണ്. സൂചിക 17000-17200 ദിശയിലേക്ക് നീങ്ങുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ അഭിപ്രായത്തില്‍, വിപണി 16750-16700 ലെവലിലേക്ക് താഴാത്തിടത്തോളം കാലം വിപണിയുടെ ഈ സ്വഭാവം തുടരാനാണ് സാധ്യത. ഈ നിലയ്ക്ക് മുകളിലേക്ക് പോയാല്‍ സൂചിക 17100-17200 ലെവലില്‍ വരെയെത്താം. എന്നാല്‍, സൂചിക 16750 ന് താഴേക്ക് പോയാല്‍ വ്യാപാരികള്‍ മുന്‍കരുതലുകളെടുക്കണം. വീണ്ടും താഴേക്ക് പോയാല്‍, 16700-16600 നിലയില്‍ ചെന്നെത്തിയേക്കാം."
22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് കൊച്ചിയില്‍ 4,730 രൂപ (മാര്‍ച്ച് 16)
ഒരു ഡോളറിന് 76.34 രൂപ (മാര്‍ച്ച് 16)
ബ്രെന്റ് ക്രൂഡ് ബാരലിന് 99.04 ഡോളര്‍
1 ബിറ്റ് കൊയ്ന്‍ = 31,85,095 രൂപ (@7.57 am; വസിര്‍ എക്‌സ്)