റിയാദ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോള വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാകുന്ന അവസരത്തിലാണ് ചൈനീസ് കറന്‍സിയായ യുവാന്‍ ഡോളറിന് മേല്‍ ആധിപത്യം...
റിയാദ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോള വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാകുന്ന അവസരത്തിലാണ് ചൈനീസ് കറന്‍സിയായ യുവാന്‍ ഡോളറിന് മേല്‍ ആധിപത്യം സ്ഥാപിക്കുമോ എന്ന ചോദ്യം അന്താരാഷ്ട് രംഗത്ത് ശക്തമാകുന്നത്. എണ്ണ വില്‍പനയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ യുവാന്‍ സ്വീകരിക്കുവാന്‍ സൗദി അറേബ്യ ആലോചിക്കുന്നുണ്ടെന്നും ഉദ്യോഗതല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ആറ് വര്‍ഷമായി ഈ വിഷയം സംബന്ധിച്ച ആലോചനകള്‍ സൗദിയ്ക്കും ചൈനയ്ക്കും ഇടയില്‍ നടന്നു വരികയായിരുന്നുവെന്നും മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളും സൗദിയ്ക്ക് സമാനമായി ചിന്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസിന് എതിരെയുള്ള ശക്തമായ നിലപാടാണ് സൗദിയുടെ നീക്കമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദി നടത്തിയ നീക്കങ്ങളെ യുഎസ് പിന്തുണച്ചിരുന്നില്ല. മാത്രമല്ല ഇറാന്‍ ആണവകരാറുകള്‍ പുതുക്കുന്നതിനായി യുഎസ് മുന്‍കൈ എടുത്തത് സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ളിടയില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു.
കാലങ്ങളായി ലോക സാമ്പത്തിക ശക്തിയായി അമേരിക്ക നില കൊള്ളുകയാണ്. ക്രോസ് ബോര്‍ഡര്‍ ഇടപാടുകളില്‍ യുവാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ രണ്ടാം സ്ഥാനത്തുള്ള ചൈന അമേരിക്കയ്ക്ക് കടുത്ത ഭീഷണിയാകും. യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യയുടെ മേല്‍ ഉപരോധമേര്‍പ്പെടുത്തിയ രാജ്യമാണ് യുഎസ് എങ്കില്‍ റഷ്യയ്ക്ക് പിന്തുണ നല്‍കുന്ന രാജ്യമാണ് ചൈന എന്നതും ഈ അവസരത്തില്‍ ഓര്‍ക്കണം. സൗദിയുടെ പാത മറ്റ് ഗള്‍ഫ് രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ ആഗോളതലത്തില്‍ ഡോളറിനുള്ള ആധിപത്യത്തിന് തിരിച്ചടി നേരിടാനുള്ള സാധ്യത ഏറെയാണ്. യുവാന്‍ സ്വീകരിക്കാന്‍ സൗദി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ യുവാന്റെ മൂല്യം കൂടിയിരുന്നു. മൂല്യം 0.1 ശതമാനം വര്‍ധിച്ചതോടെ ഒരു ഡോളറിന് 6.3867 യുവാന്‍ എന്ന നിരക്കിലെത്തിയിട്ടുണ്ട്.
റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ എണ്ണ ഉല്‍പാദനം കൂട്ടുക, വില നിയന്ത്രിക്കുക എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാന്‍ വൈറ്റ് ഹൗസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അമേരിക്കയുടെ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയോട് സൗദി കാണക്കുന്ന താല്‍പര്യവും വാര്‍ത്തകളില്‍ നിറയുന്നത്.