14 March 2022 8:04 AM IST
Summary
ഡെല്‍ഹി: ഫ്‌ളെക്‌സി ഇന്ധന വകഭേദങ്ങളുള്ള (ഒന്നില്‍ക്കൂടുതല്‍ ഇന്ധനങ്ങളോ, ഇന്ധന മിശ്രിതമോ) വാഹന എഞ്ചിനുകളുടെ നിര്‍മ്മാണം ആറ് മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഗ്യാസോലിന്‍, മെഥനോള്‍ അല്ലെങ്കില്‍ എത്തനോള്‍ എന്നിവയുടെ സംയുക്ത ഇന്ധനങ്ങളാണ് ഫ്‌ളെക്‌സ് ഇന്ധനം, അഥവാ ഫ്‌ളെക്‌സിബിള്‍ ഇന്ധനം, എന്നറിയപ്പെടുന്നത്. "വന്‍കിട ഓട്ടോമൊബൈല്‍ കമ്പനി ഡയറക്ടര്‍മാരുമായും, സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഒന്നിലധികം ഇന്ധനങ്ങളില്‍ ഓടാന്‍ കഴിയുന്ന വാഹനങ്ങള്‍ക്കായി ഫ്‌ളെക്‌സി ഇന്ധന എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങാമെന്ന് അവര്‍ […]
ഡെല്‍ഹി: ഫ്‌ളെക്‌സി ഇന്ധന വകഭേദങ്ങളുള്ള (ഒന്നില്‍ക്കൂടുതല്‍ ഇന്ധനങ്ങളോ, ഇന്ധന മിശ്രിതമോ) വാഹന എഞ്ചിനുകളുടെ നിര്‍മ്മാണം ആറ് മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഗ്യാസോലിന്‍, മെഥനോള്‍ അല്ലെങ്കില്‍ എത്തനോള്‍ എന്നിവയുടെ സംയുക്ത ഇന്ധനങ്ങളാണ് ഫ്‌ളെക്‌സ് ഇന്ധനം, അഥവാ ഫ്‌ളെക്‌സിബിള്‍ ഇന്ധനം, എന്നറിയപ്പെടുന്നത്.
"വന്‍കിട ഓട്ടോമൊബൈല്‍ കമ്പനി ഡയറക്ടര്‍മാരുമായും, സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഒന്നിലധികം ഇന്ധനങ്ങളില്‍ ഓടാന്‍ കഴിയുന്ന വാഹനങ്ങള്‍ക്കായി ഫ്‌ളെക്‌സി ഇന്ധന എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങാമെന്ന് അവര്‍ ഉറപ്പു തന്നു," അദ്ദേഹം പറഞ്ഞു. ഇക്കണോമിക് ടൈംസിന്റെ ആഗോള ബിസിനസ് ഉച്ചകോടിയില്‍ വിര്‍ച്വലായി പങ്കെടുക്കുകയായിരുന്ന അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാഹനങ്ങളില്‍ ഫ്‌ളെക്‌സിബിള്‍ ഇന്ധന എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
"ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കായി ഫ്‌ളെക്‌സ് ഇന്ധന എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അരി, ചോളം, കരിമ്പ് ജ്യൂസ് എന്നിവയില്‍ നിന്ന് കര്‍ഷകര്‍ ബയോ എത്തനോള്‍ നിര്‍മ്മിക്കുന്നുണ്ട്. പൊതുഗതാഗതത്തെ നൂറ് ശതമാനം ശുദ്ധമായ ഊര്‍ജ സ്രോതസുകളിലേക്ക് മാറ്റാനുള്ള പദ്ധതിക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. വൈകാതെ ഇന്ത്യയിലെ ഒട്ടുമിക്ക വാഹനങ്ങളും 100 ശതമാനം എത്തനോളില്‍ ഓടും," മന്ത്രി പറഞ്ഞു.
"നിലവില്‍ എട്ട് ലക്ഷം കോടി രൂപയുടെ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി ഇന്ധനവിലയുടെ കാര്യത്തില്‍ നിര്‍ണായകമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണ വില 25 ലക്ഷം കോടി രൂപയായി ഉയരും. അതിനാല്‍, ഇതിനുള്ള പരിഹാരം ബയോ എഥനോള്‍, എല്‍എന്‍ജി പോലുള്ള ബദല്‍ ഇന്ധനങ്ങളാണ്. അവ ഇറക്കുമതിക്ക് പകരമുള്ളതും, മലിനീകരണവും ചെലവ് കുറഞ്ഞതുമാണ്," മന്ത്രി ചൂണ്ടിക്കാട്ടി.