image

11 March 2022 8:09 PM GMT

Business

ഡിജിറ്റലായി കുടുംബശ്രീ; വിൽപ്പനനേട്ടം 97 ശതമാനം

MyFin TV

ഡിജിറ്റലായി കുടുംബശ്രീ; വിൽപ്പനനേട്ടം 97 ശതമാനം
X

Summary

ലോകത്തിൽ തന്നെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കേരളത്തിലെ കുടുംബശ്രീ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ ശക്തിയും പ്രചോദനവും നൽകുന്നതിലും കുടുംബശ്രീ കേരളത്തിലെ സ്ത്രീകൾക്ക് കരുത്തായി മാറി. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖന പരമ്പരയുടെ രണ്ടാം ഭാഗമാണിത്. കൊവിഡ് കാലം ആഘോഷങ്ങളെല്ലാം അകന്ന്, നിയന്ത്രണങ്ങളും വിലക്കുകളുടേതുമായപ്പോൾ നമ്മുടെ വിപണികളും ആഴ്ച്ചചന്തകളം മറ്റ് പ്രദർശനങ്ങളുമെല്ലാം അടഞ്ഞുകിടന്നു. കച്ചവടവും നിലച്ചു. കടക്കാരെ പോലെതന്നെ വായ്പയെടുത്ത് ചെറിയ ഉത്പാദന യൂണിറ്റുകൾ ഇട്ട് വരുമാനം കണ്ടെത്തിയിരുന്ന […]


ലോകത്തിൽ തന്നെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കേരളത്തിലെ കുടുംബശ്രീ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ ശക്തിയും പ്രചോദനവും നൽകുന്നതിലും കുടുംബശ്രീ കേരളത്തിലെ സ്ത്രീകൾക്ക് കരുത്തായി മാറി. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖന പരമ്പരയുടെ രണ്ടാം ഭാഗമാണിത്.

കൊവിഡ് കാലം ആഘോഷങ്ങളെല്ലാം അകന്ന്, നിയന്ത്രണങ്ങളും വിലക്കുകളുടേതുമായപ്പോൾ നമ്മുടെ വിപണികളും ആഴ്ച്ചചന്തകളം മറ്റ് പ്രദർശനങ്ങളുമെല്ലാം അടഞ്ഞുകിടന്നു. കച്ചവടവും നിലച്ചു. കടക്കാരെ പോലെതന്നെ വായ്പയെടുത്ത് ചെറിയ ഉത്പാദന യൂണിറ്റുകൾ ഇട്ട് വരുമാനം കണ്ടെത്തിയിരുന്ന കുടുംബശ്രീ അംഗങ്ങളും ദുരിതക്കയത്തിലായി. അയല്‍ക്കൂട്ടങ്ങള്‍ ചേരാനോ ഉത്പാദക കേന്ദ്രങ്ങൾ തുറക്കാനോ സാധിക്കാതെവന്നു. കുടുംബശ്രീ സംഘങ്ങൾ നിർമിച്ച ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും സാധിക്കാതെയായി. ഇതുവഴി പല ചെറുകിട വനിത സംരംഭകരും ദുരിതത്തിലും. മറ്റ് മേഖലകളിലേത് പോലെ ഓൺലൈൻ രംഗത്തെ പൂർണമായും ആശ്രയിക്കുകയെന്നത് മാത്രമായിരുന്നു മുന്നിലുള്ള ഏകപോംവഴി.

എന്നാൽ സാങ്കേതിക വിദ്യകളിൽ അത്രപരിചയം പോരാത്ത വീട്ടമ്മമാർക്ക് ലോക് ഡൗൺ കാലത്ത് ഗൂഗിൾ മീറ്റിലും സൂമിലുമെല്ലാം അയൽക്കൂട്ടങ്ങൾ ചേരുന്നതും ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതുമെല്ലാം പ്രതിബന്ധങ്ങൾ തന്നെയായിരുന്നു. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വഴിയില്ലാതെയായതോടെ ഉപജീവനം തന്നെ വഴിമുട്ടുകയും ലോൺ തിരിച്ചടവിന് മറ്റ് വഴികാണാതെയും പലരും ദുരിതത്തിലായി. സിഡിഎസ്സുകൾ മുഖേന ഇവർക്ക് വേണ്ടുന്ന പരിശീലനവും മാർഗനിർദ്ദേശങ്ങളും നൽകി സംസ്ഥാന കുടുംബശ്രീ മിഷൻ ഇവരെ ചേർത്തുപിടിച്ചു.

ഉത്സവകാലമാണ് കുടുംബശ്രീ അംഗങ്ങളുടെ സുവർണകാലം. ഉത്പന്നങ്ങൾക്ക് വിപണി ലഭിക്കുന്നതും നല്ല വില ലഭിക്കുന്നതും വിഷു, ഓണം, പെരുന്നാൾ തുടങ്ങിയ ഉത്സവ സമയത്താണ്. എന്നാൽ 2020 ൽ വിഷുവിന് ദിവസങ്ങൾ മുമ്പ് മാത്രം പ്രഖ്യാപിച്ച ആദ്യ ലോക്ഡൌൺ കുടുംബശ്രീ യൂണിറ്റുകളുടെ അടിതെറ്റിച്ചു. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ വന്നതോടെ സംഭവിച്ചത് വലിയനഷ്ടമാണ്. കൃഷി യൂണിറ്റുകൾക്ക് വിളവെടുപ്പ് നടത്താനാവാതെ പോയതും വിള വിറ്റഴിക്കാനാവാതെ വന്നതും മൂലം വലിയ ബാധ്യതയാണ് സംഭവിച്ചത്. മിക്ക യൂണിറ്റുകളും പാട്ടത്തിനെടുത്ത വസ്തുവിലാണ് കൃഷിയിറക്കിയിരുന്നത്. ലോക്ഡൌണിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ ലഭിച്ചശേഷം വിറ്റഴിച്ച പല ഉത്പന്നങ്ങൾക്കും താങ്ങ് വില പോലും ലഭിക്കാതെ വന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇതോടെയാണ് ഓണക്കാലത്ത് ഓൺലൈൻ വിപണിയിൽ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ കുടുംബശ്രീ മിഷൻ തീരുമാനിച്ചത്. ആദ്യകാലത്ത് പ്രാദേശികമായി മാത്രം ഒതുങ്ങി നിന്നിരുന്ന കുടുംബശ്രീയുടെ ഉത്പന്നങ്ങൾക്ക് ഇന്ത്യയിലെങ്ങും വിപണികണ്ടെത്താൻ സഹായിക്കുന്നതിന് കുടുംബശ്രീയുടെ പുതിയ നീക്കം ഗുണം ചെയ്തു. 2018 ൽ തന്നെ കുടുംബശ്രീബസാർ ഡോട്ട് കോം (www.kudumbashreebazaar.com) എന്ന പേരിൽ ഓൺലൈൻ വിൽപ്പനയിലേക്ക് കുടുംബശ്രീ തുടക്കമിട്ടിരുന്നുവെങ്കിലും വേണ്ടത്ര പ്രാധാന്യമോ നേട്ടമോ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

2019 ൽ വെറും 388 ഓർഡറുകൾ മാത്രമാണ് കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ലഭിച്ചത്. ഇതിലൂടെ 91,657 രൂപയുടെ വിൽപ്പനമാത്രമാണ് കൈവരിക്കാനായത്. ഇന്ത്യയിൽ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങൾ അരങ്ങ് വാഴുമ്പോഴായിരുന്നു ഇതെന്നതാണ് ശ്രദ്ധേയം. അതിനുള്ള പ്രധാനകാരണം വിതരണശൃംഖലയിലെ പോരായ്മയായിരുന്നു. മാത്രവുമല്ല, വിശേഷാവസരങ്ങളിലും മറ്റ് പരിപാടികളുടേയും ഭാഗമായി സംഘടിപ്പിക്കുന്ന എക്സിബിഷനുകളോടനുബന്ധിച്ച് തുറക്കുന്ന സ്റ്റാളുകളായരുന്നു പ്രധാനവിൽപ്പന കേന്ദ്രങ്ങൾ എന്നതിനാൽ തന്നെ കുടുംബശ്രീ യൂണിറ്റുകളും ഓൺലൈൻ ഡെലിവറിയുടെ സാധ്യതകളെ കുറിച്ച് കാര്യമായി ആലോചിച്ചിരുന്നുമില്ല.

എന്നാൽ 2020 ലെ കൊവിഡ് കാലം കാലത്തിനൊത്ത് മാറാൻ കുടുംബശ്രീ യൂണിറ്റുകളേയും നിർബന്ധിതരാക്കി തീർത്തു. അങ്ങനെ ഓൺലൈൻ വിതരണ ശൃംഖല വിപുലപ്പെടുത്താനും അതിനുള്ള മാർഗങ്ങൾ തിരയാനും കുടുംബശ്രീ തയ്യാറായി. ഇന്ത്യൻ തപാൽ സർവ്വീസുമായി കൈകോർത്തതാണ് കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ആവശ്യക്കാരിലേക്കെത്തിക്കാനായി കുടുംബശ്രീ മിഷൻ കൈക്കൊണ്ട വലിയ തീരുമാനം. ഇത് പ്രാദേശിക മാർക്കറ്റിൽ നിന്ന് അന്തർസംസ്ഥാന മാർക്കറ്റിലേക്ക് കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങൾ എത്തിക്കാൻ കുടുംബശ്രീ യൂണിറ്റുകളെ സഹായിച്ചു. ഓർഡർ ലഭിച്ച് 48 മണിക്കൂറിനകം തന്നെ ഉത്പന്നം ഡെലിവെറി ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ ആവശ്യക്കാരനിലേക്ക് ഉത്പന്നം അതാത് സംരംഭകർ എത്തിച്ചുനൽകി.

ലോക്ഡൌൺ കാലത്ത് മാത്രം കുടുംബശ്രീയുടെ ആയിരക്കണക്കിന് ഉത്പന്നങ്ങൾ ആണ് കേരളത്തിന് അകത്തും പുറത്തുമായി വിറ്റഴിച്ചത്. 2020 ൽ മൊത്തം കുടുംബശ്രീയുത്പന്നങ്ങൾക്ക് ലഭിച്ചത് 7952 ഓർഡറുകളാണ്. വിറ്റുവരവാകട്ടെ 14,37,417 രൂപയുടേതും. അതായത് മുൻ വർഷത്തേക്കാൾ ഇരുപത് മടങ്ങിലേറെ. വരുമാനമാകട്ടെ 15 ഇരട്ടിയിലേറെയും. 2020 ൽ ഇ കൊമേഴ്സ് രംഗത്ത് കൈവരിച്ച മികച്ച നേട്ടത്തിൻറെ അടിസ്ഥാനത്തിൽ കൂടുതൽ ആസൂത്രണത്തോടെയാണ് 2021 ലെ ഓണക്കാലത്തെ കുടുംബശ്രീ വരവേറ്റത്. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വലിയ മാർക്കറ്റ് വിവിധ എക്സിബിഷനുകളിലൂടെ ലഭിച്ചിരുന്ന ഓണക്കാലം ഓൺലൈനിലൂടെയും നേടിയെടുക്കാനായി ഓണം ഉത്സവ് എന്നപേരിലാണ് ബ്രാൻറ് ചെയ്തത്.

കൃത്യമായ മാർക്കറ്റിങ് സ്ട്രാറ്റജി തയ്യാറാക്കി നടത്തിയ ഓണം ഉത്സവ് വൻ ഹിറ്റായിതീർന്നു. ഓണക്കാലത്ത് ഓൺലൈനിലൂടെ മാത്രം വിറ്റഴിച്ച കുടുംബശ്രീക്ക് ലഭിച്ചത് 45730 ഓർഡറുകളാണ്. വരുമാനമാകട്ടെ 65,28,197 രൂപയുടേത്. കുടുംബശ്രീയുടെ പോർട്ടലിൽ വന്ന ഓർഡറുകൾ വികേന്ദ്രീകരണ സമ്പ്രദായത്തിൽ ഊന്നിയുള്ള വിതരണമായിരുന്നു ഒരുക്കിയത്. കേന്ദ്രീകൃത വെയർഹൌസിൽ നിന്ന് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് പകരം ഓർഡർ ലഭിക്കുന്ന മുറയ്ക്ക് ആ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളുടെ വെയർഹൌസുകളിൽ നിന്ന് ചെയ്യുന്ന സപ്ലൈചെയിൻ സംവിധാനമായിരുന്നു ഒരുക്കിയത്. ഇവയുടെ ഓർഡറുകൾ കൈകാര്യം ചെയ്യുന്നതും പെയ്മെൻറ് വാങ്ങുന്നതുമുൾപ്പടെയുള്ള ബാക്ക് എൻറ് സേവനങ്ങൾ മിഷൻറെ നേതൃത്വത്തിലും നൽകിയതോടെ കാര്യങ്ങൾ സുഗമമായി നീങ്ങി.

കുടുംബശ്രീയുടെ ഭക്ഷ്യഉത്പന്നങ്ങൾക്കായിരുന്നു ആവശ്യക്കാരേറെയും. വിറ്റഴിക്കപ്പെട്ട ഉത്പന്നത്തിൻറെ 58.8 ശതമാനവും അച്ചാർ, പലഹാരങ്ങൾ, മളക് പൊടി, മഞ്ഞൾ പൊടി തുടങ്ങിയ ഭക്ഷ്യയുത്പന്നങ്ങളായിരുന്നു. ഭക്ഷ്യയുത്പന്നങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് സോപ്പ്, എണ്ണ, തുടങ്ങിയ സൌന്ദര്യവർദ്ധക ഉത്പന്നങ്ങൾ ആണ്. 28 ശതമാനം. ഗാർഹികഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, കരകൌശല വസ്തുക്കൾ എന്നിവയ്ക്കും കഴിഞ്ഞ ഓണക്കാലത്ത് ഓൺലൈനിൽ കുടുംബശ്രീക്ക് ആവശ്യക്കാർ ഏറെയായിരുന്നു. തൃശ്ശൂർ ജില്ലായിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കപ്പെട്ടത്. 5633 ഓർഡറുകളിലായി 8 ലക്ഷത്തോളം രൂപയ്ക്കുള്ള ഉത്പന്നങ്ങളാണ് തൃശ്ശൂരിൽ നിന്നുള്ള കുടംബശ്രീ സംരംഭകർ വിറ്റഴിച്ചത്. കുറവ് 402 ഓർഡറുകളിൽ നിന്നായി 58,829 രൂപയുടെ വിറ്റുവരവ് നടത്തിയ ആലപ്പുഴ ജില്ലയുമാണ്.

ഓണക്കാലത്തെ മികച്ച വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ പോർട്ടൽ വഴി റെക്കോർഡ് വിൽപ്പനയാണ് പോയവർഷം കുടുംബശ്രീ കൈവരിച്ചത്. 47,345 ഓർഡറുകളിലൂടെ 74,37,624 രൂപയുടെ വിൽപ്പനയാണ് വറുതിയുടെ കൊവിഡ് കാലത്ത് നമ്മുടെ വീട്ടമ്മമാർ സമ്പാദിച്ചത്. അതായത് മുൻ വർഷത്തേക്കാൾ അഞ്ച് ഇരട്ടിയിലേറെ വർദ്ധന.

കടകമ്പോളങ്ങൾ അടഞ്ഞുകിടന്ന, സാധനങ്ങൾ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടിയ കാലത്ത് കുടുംബശ്രീയുടെ ഉത്പന്നങ്ങൾക്കായി ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കസ്റ്റമേഴ്സിൻറെ എണ്ണം 32347 ആണ്. കുടുംബശ്രീയുടെ 357 ചെറുകിട നിർമാണയൂണിറ്റുകളിൽ നിന്നുള്ള 2017 ഉത്പന്നങ്ങളാണ് നിലവിൽ കുടുംബശ്രീ ബസാറിലൂടെ വാങ്ങാനാവുന്നത്. ഇതിൽ ഭക്ഷ്യവസ്തുക്കൾ മാത്രമല്ല, വിവിധ ടൈലറിങ് യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങളും സൌന്ദര്യവർദ്ധക ഉത്പന്നങ്ങളും ട്രൈബൽ ഉത്പന്നങ്ങളും കരകൌശലവസ്തുക്കളുമെല്ലാമുണ്ട്.

2019 മുതൽ 2021 അവസാനം വരെ മൊത്തം 55,685 ഓർഡറുകളാണ് പോർട്ടൽ വഴി വന്നത്. ഇതിലൂടെ നമ്മുടെ സ്ത്രീരത്നങ്ങൾ സമ്പാദിച്ചതാകട്ടെ 89,66,698 രൂപയും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൊത്തം 97 ശതമാനത്തിലേറെ വളർച്ചയാണ് വിൽപ്പനയടെ കാര്യത്തിൽ കുടുംബശ്രീ ഓൺലൈനിലൂടെ കൈവരിച്ചത്.

കൊവിഡ് കാലം എല്ലാവർക്കും പ്രതിസന്ധികളുടേതായിരുന്നു, നമ്മുടെ വീട്ടമ്മമാർക്കും. പക്ഷെ, പ്രതിസന്ധിയിൽ തളരാതെ, സാഹചര്യത്തിനൊത്ത് ഉയർന്ന് പുതിയകാലത്തിൻറെ വിൽപ്പനമാധ്യമത്തിലേക്ക് ചുവടെടുത്ത് വെച്ചതാണ് അവരുടെ വിജയരഹസ്യം.

(തുടരും)

ഒന്നാം ഭാഗം: കോവിഡ് പ്രതിസന്ധിയിലായ അംഗങ്ങളെ കൈപിടിച്ചുയർത്താൻ കുടുംബശ്രീ

https://www.myfinpoint.com/lead-story/2022/03/08/kudumbasree-in-a-mission-to-help-covid-affected-members/