image

8 March 2022 3:56 AM GMT

Commodity

കഫേ കോഫീ ഡേയും മാളവിക ഹെഗ്‌ഡെ എന്ന സൂപ്പര്‍ വുമണും

Thomas Cherian K

കഫേ കോഫീ ഡേയും മാളവിക ഹെഗ്‌ഡെ എന്ന സൂപ്പര്‍ വുമണും
X

Summary

ബെംഗലൂരു : ആഗോള ബിസിനസ് രംഗത്ത് ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ ബ്രാന്‍ഡാണ് കഫേ കോഫീ ഡേ. മാളവിക ഹെഗ്‌ഡെ എന്ന പെണ്‍കരുത്തിന്‍റെ തണലില്‍ കമ്പനി ജൈത്രയാത്ര തുടരുമ്പോള്‍ നാമേവരും ഒന്നോര്‍ക്കണം, കത്തിയെരിയാമായിരുന്ന അവസ്ഥയില്‍ നിന്നുമാണ് കമ്പനി ഈ നിലയില്‍ എത്തിയത്. അതും മനക്കരുത്ത് എന്ന ഒറ്റ കൈമുതല്‍ കൊണ്ട്. ഭര്‍ത്താവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയെങ്കിലും അധികം വൈകാതെ മാളവിക ഒരു ദൃഢനിശ്ചയമെടുത്തു. ഭര്‍ത്താവിന് സാധിക്കാതിരുന്നത് തനിക്ക് നേടണം. എത്ര തിരിച്ചടി നേരിട്ടും കമ്പനികളുടെ […]


ബെംഗലൂരു : ആഗോള ബിസിനസ് രംഗത്ത് ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ ബ്രാന്‍ഡാണ് കഫേ കോഫീ ഡേ. മാളവിക ഹെഗ്‌ഡെ എന്ന പെണ്‍കരുത്തിന്‍റെ തണലില്‍ കമ്പനി ജൈത്രയാത്ര തുടരുമ്പോള്‍ നാമേവരും ഒന്നോര്‍ക്കണം, കത്തിയെരിയാമായിരുന്ന അവസ്ഥയില്‍ നിന്നുമാണ് കമ്പനി ഈ നിലയില്‍ എത്തിയത്. അതും മനക്കരുത്ത് എന്ന ഒറ്റ കൈമുതല്‍ കൊണ്ട്.

ഭര്‍ത്താവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയെങ്കിലും അധികം വൈകാതെ മാളവിക ഒരു ദൃഢനിശ്ചയമെടുത്തു. ഭര്‍ത്താവിന് സാധിക്കാതിരുന്നത് തനിക്ക് നേടണം. എത്ര തിരിച്ചടി നേരിട്ടും കമ്പനികളുടെ കടങ്ങള്‍ വീട്ടി കഫേ കോഫീഡേ എന്ന പേര് നിലനിര്‍ത്തണം.

2019 ജൂലൈ 31ന് ഭര്‍ത്താവും കഫേ കോഫീ ഡേ സ്ഥാപകനുമായ വി.ജി സിദ്ധാര്‍ത്ഥ നേത്രാവതി പുഴയില്‍ ചാടി മരിക്കുമ്പോള്‍ കമ്പനിയുടെ മേല്‍ 7200 കോടിയുടെ ബാധ്യതയാണുണ്ടായിരുന്നത്. മറ്റ് ആസ്തികള്‍ വിറ്റ് കടം കുറയ്ക്കാനുള്ള നീക്കങ്ങള്‍ ഫലം കാണാതിരുന്ന അവസ്ഥയില്‍ ഒരു പക്ഷേ മരണം മാത്രമായിരുന്നിരിക്കാം അദ്ദേഹത്തിന് മുന്‍പിലുണ്ടായിരുന്നത്. ഭര്‍ത്താവിന്‍റെ മരണത്തില്‍ തകര്‍ന്നു പോയെങ്കിലും അത് തന്‍റെ കമ്പനിയിലും പ്രതിഫലിക്കരുതെന്ന വാശി മാളവികയുടെ ഉള്ളിലുണ്ടായിരുന്ന ബിസിനസ് വുമണിന്‍റെ കരുത്ത് ഇരട്ടിയാക്കി.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മകളായി 1969ലാണ് മാളവിക ജനിക്കുന്നത്. 1991ലായിരുന്നു വി.ജി സിദ്ധാര്‍ത്ഥയുമായുള്ള വിവാഹം.

കഫേ കോഫീ ഡേ നാള്‍വഴികള്‍

ഏകദേശം 350 ഏക്കര്‍ കാപ്പിത്തോട്ടം സ്വന്തമായുള്ള കുടുംബത്തിലാണ് വി.ജി സിദ്ധാര്‍ത്ഥ ജനിച്ചത്. കുടുംബ ബിസിനസിലേക്ക് ചുടവുറപ്പിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും സ്വന്തം സംരംഭം എന്ന സ്വപ്‌നമാണ് സിദ്ധാര്‍ത്ഥയുടെ ഉള്ളിലുണ്ടായിരുന്നത്. അച്ഛന്‍ അതിനായി അഞ്ച് ലക്ഷം രൂപ നല്‍കിയെങ്കിലും സിദ്ധാര്‍ത്ഥ തിടുക്കപ്പെട്ട് ബിസിനസ് ആരംഭിച്ചില്ല. കുറച്ച് തുക കൊണ്ട് ഭൂമി വാങ്ങി. ബാക്കി തുക ബാങ്കിലിട്ടു. പിന്നെ മുംബൈയിലേക്ക് വണ്ടി കയറി. ബിസിനസിന്‍റെ ബാലപാഠങ്ങള്‍ മനസിലാക്കിയ സിദ്ധാര്‍ത്ഥ ബെംഗലൂരുവില്‍ തിരികെയെത്തി സ്വന്തം കമ്പനി ആരംഭിച്ചു.

അങ്ങനെ 1996ല്‍ സിദ്ധാര്‍ത്ഥയുടെ സ്വപ്‌ന ബ്രാന്‍ഡായ കഫേ കോഫീ ഡേ പിറവിയെടുത്തു. കോഫീ ബിസിനസിന് ബ്രാന്‍ഡഡ് മുഖം നല്‍കിയപ്പോള്‍ കഫേ കോഫീ ഡേയെ (സിസിഡി) രാജ്യം നെഞ്ചിലേറ്റി. 2011 ആയപ്പോഴേക്കും രാജ്യമൊട്ടാകെ 1000 ഔട്ട്‌ലെറ്റുകളുമായി സിസിഡി രാജ്യത്ത് ചുവടുറപ്പിച്ചു.

തകര്‍ച്ചയുടെ ആരംഭം…

സന്തോഷത്തിന്‍റെ നാളുകള്‍ അനുഭവിക്കാന്‍ വി.ജി സിദ്ധാര്‍ത്ഥയ്ക്ക് അധികം സാധിച്ചില്ല. പ്രതീക്ഷിച്ച ലാഭം നേടാനാവാതെ പല ഔട്ട്‌ലെറ്റുകളും പൂട്ടിപ്പോയി. കടമെടുത്ത് വീണ്ടും ആരംഭിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. നിക്ഷേപകരുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം കടുത്തു. സ്റ്റാര്‍ബക്‌സിനോടും, ബാരിസ്റ്റയോടും, കൊക്കകോളയുടെ കോസ്റ്റ കോഫീയോടുമുള്‍പ്പടെ മത്സരിച്ചു നിന്ന സിസിഡി എന്ന ബ്രാന്‍ഡിന്‍റെ ശോഭ മങ്ങുവാന്‍ തുടങ്ങി.

കരകയറാന്‍ സിദ്ധാര്‍ത്ഥ നടത്തിയ പല ശ്രമങ്ങളും ഫലം കണ്ടില്ല. കടം എന്നത് മൂക്കറ്റം ഉയര്‍ന്നതോടെ ജീവനക്കാര്‍ക്ക് ഒരു കത്തെഴുതി വെച്ച് വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തു. ' ജീവിതത്തിലും ജോലിയിലും ഞാന്‍ തോറ്റിരിക്കുന്നു' എന്നായിരുന്നു കത്തിലെ വരികള്‍. സ്ഥാപകന്‍റെ മരണത്തോടെ 7200 കോടി രൂപ എന്ന ബാധ്യത സിസിഡിയെ വിഴുങ്ങും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഭര്‍ത്താവിന്‍റെ മരണവും, ശതകോടികളുടെ കടവും തളര്‍ത്തിയിരുന്ന സമയത്ത് കഫേ കോഫീ ഡേയുടെ സാരഥ്യം ഏറ്റെടുക്കാന്‍ മാളവിക തയാറായി.

തകര്‍ച്ചയില്‍ തളരാത്ത പെണ്‍കരുത്ത്

കോടികളുടെ കടത്തില്‍ മുങ്ങി കമ്പനി നില്‍ക്കുമ്പോള്‍ മാളവികയുടെ മനസില്‍ ഒന്നുമാത്രമാണുണ്ടായിരുന്നത്. താന്‍ തളര്‍ന്നാല്‍ ഭര്‍ത്താവിന്‍റെ സ്വപ്‌നങ്ങള്‍ കൂടിയാകും തളരുക. അത് പാടില്ല എത്ര കഷ്ടപ്പെട്ടും കടങ്ങള്‍ വീട്ടണം. പിന്നീട് ബിസിനസ് ലോകം കണ്ടത് മാളവിക എന്ന ധീരവനിതയുടെ വിജയക്കുതിപ്പായിരുന്നു. തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മാളവിക വിജയം കണ്ടു. പ്രയോജനമില്ലാത്ത ഔട്ട്‌ലെറ്റുകള്‍ പൂട്ടി. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിന് പരമാവധി ശ്രമിച്ചു. സിസിഡി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നത് വഴി കൂടുതല്‍ തുക സമാഹരിച്ചു.

കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഔട്ട്‌ലെറ്റുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വില്‍പന ഉറപ്പാക്കി. ഇന്ത്യന്‍ ജനത സിസിഡിയെ മുന്‍പുള്ളതിനേക്കാള്‍ സ്‌നേഹിച്ച് തുടങ്ങി. 2019 മാര്‍ച്ചില്‍ 7,200 കോടി രൂപയായിരുന്ന കടം 2020 മാര്‍ച്ചില്‍ 3,100 കോടിയായി കുറഞ്ഞു. 2021 മാര്‍ച്ച് 31 ആയപ്പോള്‍ ഇത് 1,731 കോടിയിലേക്ക് താഴ്ന്നു. ഇപ്പോഴും കടത്തിന്‍റെ അളവ് കുറഞ്ഞു വരുകയാണ്. യുഎസ് ഉള്‍പ്പടെ 572 ലൊക്കേഷനുകളിലായി സിസിഡി ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. വിവിധയിടങ്ങളില്‍ 36,000 കോഫീ വെന്‍ഡിംഗ് മെഷീനുകള്‍ സിസിഡിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലെ കണക്കുകള്‍ നോക്കിയാല്‍ സിസിഡിയുടെ ഓഹരി മൂല്യത്തിലും ഉയര്‍ച്ച നേടിയിരുന്നു. എല്ലാത്തിനും മൂലധമായി നിന്നത് മാളവികയുടെ 'മനക്കരുത്തും ഇച്ഛാശക്തിയും' മാത്രം.