image

6 March 2022 1:45 AM

Industries

വളര്‍ച്ച 'ഹൈ സ്പീഡില്‍': ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി ടെലികോം

MyFin Desk

വളര്‍ച്ച ഹൈ സ്പീഡില്‍: ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി ടെലികോം
X

Summary

കൊച്ചി: രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ 2025നകം ഒരു ലക്ഷം കോടി ഡോളറായി ഉയരുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ ഫലം കണ്ടേക്കും എന്ന സൂചനയാണ് ടെലികോം മേഖലയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ താരിഫ് നിരക്കിലും ഡാറ്റാ ഉപയോഗത്തിലും ഉണ്ടായ വളര്‍ച്ച കണക്കാക്കിയാല്‍ വരുന്ന സാമ്പത്തിക വര്‍ഷം ടെലികോം മേഖലയ്ക്ക് മികച്ച സാധ്യതയാണ് മുന്നിലുള്ളത്. രാജ്യത്തെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ ഏറ്റവുമധികം സംഭാവന നൽകുന്ന മേഖലയാണ് ടെലികോം. കോവിഡ് മഹാമാരി മറ്റ് മേഖലകളെ തളര്‍ത്തിയപ്പോഴും ടെലികോമിനെ അത് […]


കൊച്ചി: രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ 2025നകം ഒരു ലക്ഷം കോടി ഡോളറായി ഉയരുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ ഫലം കണ്ടേക്കും എന്ന സൂചനയാണ് ടെലികോം മേഖലയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ താരിഫ് നിരക്കിലും ഡാറ്റാ ഉപയോഗത്തിലും ഉണ്ടായ വളര്‍ച്ച കണക്കാക്കിയാല്‍ വരുന്ന സാമ്പത്തിക വര്‍ഷം ടെലികോം മേഖലയ്ക്ക് മികച്ച സാധ്യതയാണ് മുന്നിലുള്ളത്. രാജ്യത്തെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ ഏറ്റവുമധികം സംഭാവന നൽകുന്ന മേഖലയാണ് ടെലികോം.

കോവിഡ് മഹാമാരി മറ്റ് മേഖലകളെ തളര്‍ത്തിയപ്പോഴും ടെലികോമിനെ അത് ബാധിച്ചില്ല എന്ന് മാത്രമല്ല വളര്‍ച്ചയുടെ വേഗത കൂടുകയും ചെയ്തു. ഡാറ്റാ താരിഫ് ഉള്‍പ്പടെ വര്‍ധിപ്പിച്ചിട്ടും ഉപയോക്താക്കളുടെ എണ്ണത്തെ അത് ബാധിച്ചിരുന്നില്ല.

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ വയര്‍ലെസ് ഡാറ്റാ ഉപയോഗത്തില്‍ 37 ശതമാനം വര്‍ധനയാണുണ്ടായത്. താരിഫ് പ്ലാനുകളില്‍ 20 മുതല്‍ 22 ശതമാനം വരെ വര്‍ധനയുണ്ടായിട്ടും ടെലികോം മേഖലയെ അത് പ്രതിസന്ധിയിലാക്കിയില്ല. എന്നാല്‍ രാജ്യത്തെ 44 ശതമാനം ടെലികോം ഉപയോക്താക്കളും ഗ്രാമീണ മേഖലയിലാണെന്നതാണ് മറ്റൊരു സുപ്രധാന കാര്യം.

താരിഫ് ഇനിയും ക്രമാതീതമായി വര്‍ധിപ്പിച്ചാല്‍ ഗ്രാമീണ മേഖലയിലെ ഡിജിറ്റല്‍ വളര്‍ച്ചയെ ഒരുപക്ഷേ അത് ബാധിച്ചേക്കും.

ടെലികോം മേഖലയ്ക്ക് വേണ്ടി പ്രഖ്യാപിച്ചിരുന്ന റിലീഫ് പാക്കേജിന്റെ ഭാഗമായി 9,200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി തിരികെ നല്‍കിയതും കമ്പനികള്‍ അനുഭവിച്ചിരുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ തോത് കുറച്ചു. എയര്‍ടെല്‍ (4000 കോടി), വോഡാഫോണ്‍-ഐഡിയ (2500 കോടി), റിലയന്‍സ് ജിയോ (2700 കോടി) എന്നീ കമ്പനികള്‍ക്കാണ് നീക്കം ഗുണകരമായത്. ഓരോ സ്ഥലത്തും സര്‍വീസ് നല്‍കുന്നതിനുള്ള ബാങ്ക് ഗ്യാരണ്ടി തുക 44 കോടിയില്‍ നിന്നും 8.8 കോടിയായി കുറച്ചതും കമ്പനികള്‍ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് അവസരമൊരുക്കി.

ഡിജിറ്റല്‍ വളര്‍ച്ചയില്‍ ഇതുവരെ…

കേന്ദ്ര ടെലികോം മന്ത്രാലയം ഇക്കഴിഞ്ഞ ഡിസംബറില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 1.18 ബില്യണ്‍ (118 കോടി) ടെലികോം ഉപയോക്താക്കളാണ് (വയര്‍ലെസ്, വയേര്‍ഡ് കണക്ഷനുകള്‍ എല്ലാം ചേര്‍ത്ത്) രാജ്യത്തുള്ളത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 834.29 മില്യണായി ഉയര്‍ന്നു (2021 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം).

ഒരു ശരാശരി ഉപയോക്താവ് പ്രതിമാസം ഏകദേശം 14 ജിബി ഡാറ്റ വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 2014ല്‍ ഇത് വെറും 66 എംബി ആയിരുന്നുവെന്ന് ഓര്‍ക്കണം.

2014 മുതല്‍ 2021 വരെ രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ 231 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 607 മില്യണിലധികം 4ജി സ്മാര്‍ട്ട് ഫോണുകള്‍ രാജ്യത്തിപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ടെലികോം മേഖലയില്‍ നിലവില്‍ മൊത്തം 40 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്.

ഭാവി പ്രതീക്ഷ

2025-നകം ഒരു ലക്ഷം കോടി ഡോളറായി രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ മാറും എന്ന പ്രതീക്ഷയിലാണ് കേന്ദ്രം. മാത്രമല്ല 2025 ആകുമ്പോള്‍ 90 കോടി സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വളര്‍ച്ചയും ടെലികോം മേഖലയ്ക്ക് ഊര്‍ജ്ജം പകരുകയാണ്.

2026നകം മൊത്തം 126 ബില്യണ്‍ ഡോളറിലേക്ക് രാജ്യത്തെ ഫോണ്‍ നിര്‍മ്മാണ മേഖലയെ മാറ്റുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു ലക്ഷ്യം. രാജ്യത്തെ 5ജി ലേലത്തിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ ഒട്ടേറെ ഉപയോക്താക്കള്‍ ഇതിലേക്ക് ചുവടുവെക്കും.

2026-നകം 5ജി വരിക്കാരുടെ എണ്ണം 35 കോടിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ തന്നെ രാജ്യത്ത് 5ജി സേവനം ലഭിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുകയും അത് വലിയ തോതില്‍ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ പ്രതീക്ഷിക്കുന്നതിലും അധികം ആളുകള്‍ 5ജിയിലേക്ക് മാറും.

ടെലികോം-നെറ്റ്‌വര്‍ക്കിംഗ് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) വഴി അനുവദിച്ച 12,195 കോടിയുടെ പാക്കേജും ടെലികോം മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും. ഐഒടി, നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), റോബോട്ടിക്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നീ മേഖലയില്‍ 2025നകം 2.2 കോടി ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.