Summary
ഡെല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) ഉണ്ടാകില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്‍ഐസി ഐപിഒ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവെക്കുമെന്ന് വിപണിയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമാണ്. അതിനാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഒയിലേക്ക് പണമിറക്കാനുള്ള ആത്മവിശ്വാസം നിക്ഷേപകര്‍ക്കില്ല. ഐപിഒയിലൂടെ 78000 കോടിയുടെ ഓഹരികള്‍ (ആകെ ഓഹരിയുടെ 5 ശതമാനം) വിറ്റഴിക്കുകയായിരുന്നു എല്‍ഐസിയുടെ ലക്ഷ്യം. നടപ്പ് സാമ്പത്തിക […]
ഡെല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) ഉണ്ടാകില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്‍ഐസി ഐപിഒ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവെക്കുമെന്ന് വിപണിയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമാണ്. അതിനാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഒയിലേക്ക് പണമിറക്കാനുള്ള ആത്മവിശ്വാസം നിക്ഷേപകര്‍ക്കില്ല.
ഐപിഒയിലൂടെ 78000 കോടിയുടെ ഓഹരികള്‍ (ആകെ ഓഹരിയുടെ 5 ശതമാനം) വിറ്റഴിക്കുകയായിരുന്നു എല്‍ഐസിയുടെ ലക്ഷ്യം. നടപ്പ് സാമ്പത്തിക വര്‍ഷം 60,000 കോടി രൂപ ഐപിഓ വഴി സമാഹരിക്കുക എന്ന ആദ്യ ചുവടുവെപ്പിലേക്ക് കടക്കും മുന്‍പേ റഷ്യ-യുക്രൈന്‍ സംഘര്‍ഷം വിപണിയെ അസ്ഥിരപ്പെടുത്തി. ഈ സാഹചര്യം കണക്കാക്കിയാല്‍ ഐപിഒ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് മാറ്റിവെക്കുവാനാണ് സാധ്യതയെന്ന് ആഷികാ ഗ്രൂപ്പിന്റെ റീട്ടെയില്‍ ഇക്വിറ്റി റിസര്‍ച്ച് തലവന്‍ അരിജിത്ത് മലാക്കര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ഓഹരികള്‍ പോലെ റിസ്‌ക് കൂടിയ മേഖലയില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ സുരക്ഷിതം ഡോളറിലേക്കുള്ള ചുവടുമാറ്റമാണെന്ന് അപ്പ്‌സൈഡ് എഐ കമ്പനിയുടെ സഹസ്ഥാപകനായ അത്താനു അഗര്‍വാള്‍ അഭിപ്രായപ്പെടുന്നു. 2021ല്‍ പേടിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഐപിഓ ആണ് ഇന്ത്യയില്‍ ഇതു വരെ നടത്തിയതില്‍ ഏറ്റവും വലുത്. 18,300 കോടി രൂപയാണ് ഇതുവഴി സമാഹരിച്ചത്. കോള്‍ ഇന്ത്യ (15,500 കോടി), റിലയന്‍സ് പവര്‍ (11,700 കോടി) എന്നീ കമ്പനികളുടെ ഐപിഒ ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന പൂര്‍ത്തിയായാല്‍ പേടിഎം ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.