4 March 2022 8:00 PM GMT
Summary
ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലം ഈ വര്‍ഷത്തെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഗ്ലോബല്‍ ഡാറ്റ (GlobalData) 0.1 ശതമാനം വെട്ടിക്കുറച്ചു. യുദ്ധം രാജ്യത്തിന്റെ കയറ്റുമതിയെ ബാധിച്ചതും എണ്ണവില കുതിച്ചുയരുന്നതും കാരണം 2022 ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി പരിഷ്‌കരിച്ചതായി ഗ്ലോബല്‍ ഡാറ്റ അറിയിച്ചു. ഇന്ത്യന്‍ കയറ്റുമതി മേഖലയേയും യുദ്ധം പ്രതികൂലമായി ബാധിക്കും. എണ്ണവിലയിലെ കുതിച്ചചാട്ടം അസംസ്‌കൃത വസ്തുക്കളുടെ വിലയിലും വര്‍ധനവിന് കാരണമാകും, ലണ്ടന്‍ സ്ഥാനമായുള്ള ഡാറ്റാ അനലിറ്റിക്‌സ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനി […]
ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലം ഈ വര്‍ഷത്തെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഗ്ലോബല്‍ ഡാറ്റ (GlobalData) 0.1 ശതമാനം വെട്ടിക്കുറച്ചു.
യുദ്ധം രാജ്യത്തിന്റെ കയറ്റുമതിയെ ബാധിച്ചതും എണ്ണവില കുതിച്ചുയരുന്നതും കാരണം 2022 ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി പരിഷ്‌കരിച്ചതായി ഗ്ലോബല്‍ ഡാറ്റ അറിയിച്ചു.
ഇന്ത്യന്‍ കയറ്റുമതി മേഖലയേയും യുദ്ധം പ്രതികൂലമായി ബാധിക്കും. എണ്ണവിലയിലെ കുതിച്ചചാട്ടം അസംസ്‌കൃത വസ്തുക്കളുടെ വിലയിലും വര്‍ധനവിന് കാരണമാകും, ലണ്ടന്‍ സ്ഥാനമായുള്ള ഡാറ്റാ അനലിറ്റിക്‌സ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനി പറഞ്ഞു.
ഇത് ഉപഭോക്തൃ ഉത്പന്നങ്ങളെ കൂടുതല്‍ വില വര്‍ധനവ് സമ്മര്‍ദ്ദത്തിലേക്ക് നയിക്കും. ഈ പശ്ചാത്തലത്തിലാണ് ഗ്ലോബല്‍ ടാറ്റാ ഈ വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 0.1 ശതമാനം കുറച്ച് 7.8 ശതമാനമായി പരിഷ്‌കരിച്ചിരിക്കുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും അതേസമയം ചരക്ക് വില കുതിച്ചുയരുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഈ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ബാങ്കിംഗ് മേഖല സുസ്ഥിരമായി തുടരുമെന്നാണ് വിലയിരുത്തല്‍. 2020 ലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 2.2 ശതമാനത്തോളം വിഹിതം യുക്രെയ്‌നും റഷ്യയും ചേര്‍ന്നുള്ളതാണ്.
ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ധാതു ഇന്ധനങ്ങളും (34 ശതമാനം), പ്രകൃതിദത്ത മുത്തുകളും അമൂല്യമായ കല്ലുകളും (14 ശതമാനം), രാസവളങ്ങള്‍ (10 ശതമാനം), പെട്രോളിയം എണ്ണകള്‍, ക്രൂഡ് (5.6 ശതമാനം), മൃഗങ്ങളുടെ അല്ലെങ്കില്‍ പച്ചക്കറി കൊഴുപ്പ്, എണ്ണകള്‍ (74.9 ശതമാനം), വളങ്ങള്‍ (11 ശതമാനം), അജൈവ രാസവസ്തുക്കള്‍ (3.5 ശതമാനം) എന്നിവയാണ്. ഈ ഇനങ്ങളുടെ വില ഹ്രസ്വകാലത്തേക്ക് കുതിച്ചുയരുമെന്ന് ഗ്ലോബല്‍ ഡാറ്റ പറയുന്നു.
യുറോപ്പിനെയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന കരിങ്കടല്‍ പാതയിലൂടെ കയറ്റുമതിയും ചരക്ക് നീക്കവും കാലതാമസം നേടിരുന്നതിനാല്‍ ഹ്രസ്വകാലത്തേക്ക് ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഉയര്‍ന്ന എണ്ണ, വാതക വിലകള്‍ അനുഭവപ്പെടാം.
ചുരുക്കത്തിൽ, ഇന്ധനത്തിന്റെയും ഭക്ഷ്യ എണ്ണയുടെയും വില വര്‍ധിക്കുന്നതിനാല്‍ പണപ്പെരുപ്പ നിരക്ക് ഇതിനോടകം തന്നെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്, ഗ്ലോബൽ ഡാറ്റ അനലിസ്റ്റ് ആയ ഗാർഗി റാവു പറഞ്ഞു.
യുദ്ധത്തിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തി 2021 ലെ 5.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ പണപ്പെരുപ്പ നിരക്ക് 2022ല്‍ 5.5 ശതമാനമായി ഉയരും.
"സാധനങ്ങളുടെ വിലക്കയറ്റം വ്യാപാരക്കമ്മി വര്‍ധിപ്പിക്കും. സാമ്പത്തിക സാഹചര്യങ്ങള്‍ കര്‍ശനമാക്കുകയും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും. നിക്ഷേപ അന്തരീക്ഷം മോശമായേക്കാം. ഓഹരി വിപണിയിലുണ്ടായ ആഘാതം മൂലധന വരവ് കുറയാന്‍ ഇടയാക്കും", റാവു പറഞ്ഞു.
റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള പുതിയ ഇടപാടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള ഇന്ത്യൻ ബാങ്കുകളുടെ തീരുമാനം ഏറ്റവുമധികം ബാധിച്ച മേഖലകളില്‍ ഒന്നാണ് ഇന്ത്യയിലെ ഡയമണ്ട് പോളിഷിംഗ് ബിസിനസ്സ്.
തുറമുഖങ്ങളിലെ വർധിച്ച തിരക്ക് കാര്‍ഷിക കയറ്റുമതിക്കാരെ ബാധിച്ചേക്കാം. പല പ്രതിരോധ പദ്ധതികളും റഷ്യയില്‍ കാലതാമസം നേരിടുകയും അതുവഴി ഇന്ത്യയിലെ പ്രതിരോധ നിര്‍മ്മാതാക്കളെ ബാധിക്കുകയും ചെയ്യുമെന്നും വിലയിരുത്തുന്നു.
എന്നിരുന്നാലും, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് റഷ്യയ്ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ഉപരോധം ഉള്ളതിനാല്‍, സാധ്യമായ പുതിയ കയറ്റുമതി അവസരങ്ങളില്‍ നിന്ന് ഇന്ത്യക്ക് നേട്ടങ്ങള്‍ കൊയ്യാനാകുമെന്നതാണ് പ്രധാന ഗുണ വശം. കൂടാതെ, സ്റ്റീല്‍, അലുമിനിയം നിര്‍മ്മാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിപണിയില്‍ നേട്ടമുണ്ടാക്കാം.
മൊത്തത്തില്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖല പ്രതിരോധശേഷിയുള്ളതായി തുടരുമെന്നാണ് ഗ്ലോബല്‍ ഡാറ്റ പറയുന്നത്.
എന്നിരുന്നാലും, പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ക്കിടയില്‍ പണമിടപാട് കര്‍ശനമാക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.