image

5 March 2022 8:00 AM GMT

Banking

കമ്പനികളുടെ പിന്മാറ്റം: റഷ്യയില്‍ പാഴാകുന്നത് ശതകോടികള്‍

കമ്പനികളുടെ പിന്മാറ്റം: റഷ്യയില്‍ പാഴാകുന്നത് ശതകോടികള്‍
X

Summary

മോസ്‌കോ :  ശതകോടികളുടെ നഷ്ടം നേരിടുമ്പോഴും യുക്രൈയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള എതിര്‍പ്പ് വ്യക്തമാക്കുകയാണ് ആഗോള കമ്പനികള്‍. ഏകദേശം 11,000 കോടി ഡോളറിന്റെ നിക്ഷേപമാണ് റഷ്യയില്‍ വിവിധ കമ്പനികള്‍ നടത്തിയിരുന്നത്. 6000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഓഹരി, കടപത്രം എന്നിവയുടെ രൂപത്തിലുള്ളത്. നോര്‍വേയുടെ ലോകത്തെ ഏറ്റവും വലിയ വെല്‍ത്ത് ഫണ്ട് റഷ്യയിലുള്ള 300 കോടി ഡോളറിന്റെ ആസ്തകള്‍ എഴുതി തള്ളിയിരുന്നുവെന്നും ഇതിനോടകം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ടെക് വമ്പനായ ആപ്പിള്‍ മുതല്‍ മാധ്യമ ഭീമനായ  ബിബിസി […]


മോസ്‌കോ : ശതകോടികളുടെ നഷ്ടം നേരിടുമ്പോഴും യുക്രൈയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള എതിര്‍പ്പ് വ്യക്തമാക്കുകയാണ് ആഗോള കമ്പനികള്‍. ഏകദേശം 11,000 കോടി ഡോളറിന്റെ നിക്ഷേപമാണ് റഷ്യയില്‍ വിവിധ കമ്പനികള്‍ നടത്തിയിരുന്നത്. 6000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഓഹരി, കടപത്രം എന്നിവയുടെ രൂപത്തിലുള്ളത്. നോര്‍വേയുടെ ലോകത്തെ ഏറ്റവും വലിയ വെല്‍ത്ത് ഫണ്ട് റഷ്യയിലുള്ള 300 കോടി ഡോളറിന്റെ ആസ്തകള്‍ എഴുതി തള്ളിയിരുന്നുവെന്നും ഇതിനോടകം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ടെക് വമ്പനായ ആപ്പിള്‍ മുതല്‍ മാധ്യമ ഭീമനായ ബിബിസി വരെയുള്ള സ്ഥാപനങ്ങള്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ പരമാവധി അവസാനിപ്പിച്ച് റഷ്യയോടുള്ള എതിര്‍പ്പ് വ്യക്തമാക്കി കഴിഞ്ഞു. ഇതു വരെ 36 റഷ്യന്‍ ഓഹരികളുടെ ഇടപാടുകളാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അവസാനിപ്പിച്ചത്. ഇതിനിടെ ജീവനക്കാരെ പിരിച്ച് വിട്ട ശേഷം കമ്പനികള്‍ ഉല്‍പാദനം അവസാനിപ്പിച്ച് മടങ്ങുകയോ അല്ലെങ്കില്‍ രാജ്യത്തുള്ള പങ്കാളികള്‍ക്ക് കമ്പനി വിട്ടു കൊടുക്കുകയോ ചെയ്യണമെന്ന റഷ്യയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ ആഗോള തലത്തിലുള്ള നിക്ഷേപകര്‍ വെട്ടിലായിരിക്കുകയാണ്. നിലവിലെ അവസ്ഥ കണക്കാക്കിയാല്‍ ശതകോടികളുടെ നിക്ഷേപമാണ് വെള്ളത്തിലാകുന്നത്.

ടെക്ക് ഭീമന്മാരുടെ പിന്മാറ്റം : പിന്നാലെ മാധ്യമങ്ങളും

ആപ്പിള്‍, വിസ, മാസ്റ്റര്‍ കാര്‍ഡ്, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, എക്‌സോണ്‍ മൊബീല്‍ എന്നീ ടെക്ക് കമ്പനികള്‍ റഷ്യയോടുള്ള എതിര്‍ത്ത് വ്യക്തമാക്കി കഴിഞ്ഞു. ഈ പട്ടികയില്‍ ഏതാനും കമ്പനികള്‍ പൂര്‍ണമായും ചിലത് ഭാഗകമായും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന ആളുകളോടൊപ്പമാണ് കമ്പനി നില്‍ക്കുന്നതെന്നും റഷ്യയിലെ വില്‍പന പൂര്‍ണമായും നിര്‍ത്തുന്നുവെന്നും ആപ്പിള്‍ അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല ആപ്പ് സ്റ്റോറില്‍ നിന്നും ആര്‍ ടി ന്യൂസ്, സ്പുട്‌നിക്ക് ന്യൂസ് എന്നീ വാര്‍ത്താ കമ്പനികളുടെ ആപ്പുകളും നീക്കി. ആപ്പിളിന്റെ സര്‍വീസുകളും നിര്‍ത്തലാക്കിയെന്നാണ് സൂചന.

തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ വിലക്കുമെന്ന് വിസയും മാസ്റ്റര്‍ കാര്‍ഡും അറിയിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത പ്രദേശത്തെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനികള്‍ അറിയിച്ചു. യുനിസെഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫണ്ടിലേക്ക് രണ്ടു മില്യണ്‍ ഡോളറാണ് ഇരു കമ്പനികളും സംഭാവന ചെയ്തത്. റഷ്യന്‍ മാധ്യമങ്ങളില്‍ നിന്നുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ശുപാര്‍ശ ചെയ്യില്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യന്‍ മാധ്യമങ്ങളില്‍ നിന്നുള്ള പോസ്റ്റുകള്‍ ലേബല്‍ ചെയ്യുമെന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. റഷ്യ ടുഡേ, സ്ഫുട്‌നിക്ക് ന്യൂസ് ഉള്‍പ്പടെയുള്ള ചാനലുകളെ യൂട്യൂബ് മരവിപ്പിച്ചു. നിലവില്‍ രാജ്യത്തുള്ള സംയുക്ത സംരംഭങ്ങളില്‍ നിന്നും എക്‌സോണ്‍ മൊബീല്‍ പിന്‍വാങ്ങി. റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചുവെന്ന് ബിബിസി വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയില്‍ സിനിമാ റിലീസ് താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് വാള്‍ട്ട് ഡിസ്‌നിയും വാര്‍ണര്‍ ബ്രദേഴ്‌സും അറിയിച്ചിരുന്നു.

വാഹന കമ്പനികളും റിവേഴ്‌സ് ഗിയറില്‍

ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ്, വോക്‌സ് വാഗണ്‍ എജി , ടൊയോട്ട എന്നീ കമ്പനികളില്‍ മിക്കതും റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. റഷ്യയിലെ സോളേഴ്‌സ് ഒജെഎസ്‌സി കമ്പനിയുമായി നടത്തിയിരുന്ന സംയുക്ത സംരംഭത്തില്‍ നിന്നും ഫോര്‍ഡ് പിന്മാറി. വോക്‌സ് വാഗണ്‍ എജി പ്രവര്‍ത്തനം നിര്‍ത്തലാക്കിയതോടെ സ്‌കോഡ, ഓഡി, പോര്‍ഷെ, ബെന്റ്‌ലി എന്നീ ബ്രാന്‍ഡുകള്‍ക്കും തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2,16,000 വാഹനങ്ങളാണ് വോക്‌സ് വാഗണ്‍ എജി റഷ്യയില്‍ വിറ്റത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ ഇത്തരത്തില്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും. എയര്‍ലൈന്‍ കമ്പനിയായ ബോയിംഗ് റഷ്യയിലെ മെയിന്റനന്‍സ് സേവനങ്ങള്‍ അവസാനിപ്പിച്ചുവെന്ന് അറിയിച്ചിട്ടുണ്ട്. ജര്‍മ്മന്‍ സ്‌പോര്‍ട്ട്‌സ് റീട്ടെയില്‍ കമ്പനിയായ അഡിഡാസ് റഷ്യന്‍ ഫുട്‌ബോള്‍ യുണിയനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. റഷ്യയിലെ ഡീലര്‍മാര്‍ക്ക് പ്രോഡക്ടുകള്‍ വിതരണം ചെയ്യില്ലെന്നും ഓണ്‍ലൈന്‍ വില്‍പന ഉള്‍പ്പടെ നിര്‍ത്തിയെന്നും നൈക്ക് കമ്പനി അറിയിച്ചു.

എണ്ണ-ഊര്‍ജ്ജ കമ്പനികളും പിന്നിലേക്ക്

ബ്രിട്ടീഷ് ഊര്‍ജ്ജ കമ്പനിയായ ബിപിയും റഷ്യയില്‍ നിന്നും പിന്മാറുകയാണ്. ഇതിന്റെ ഭാഗമായി റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിലെ 20 ശതമാനം ഓഹരികളാണ് ബിപി വിറ്റത്. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗാസ്‌പ്രോമുമായി നടത്തി വന്നിരുന്ന എല്ലാ പങ്കാളിത്തവും അവസാനിപ്പിക്കുകയാണെന്ന് ബ്രിട്ടീഷ് എണ്ണ കമ്പനിയായ ഷെല്‍ അറിയിച്ചു. യുദ്ധത്തില്‍ നിന്നും പിന്മാറാന്‍ റഷ്യ തയാറാകാത്ത സാഹചര്യം തുടര്‍ന്നാല്‍ ആഗോളതലത്തിലെ ഒട്ടു മിക്ക കമ്പനികളും ഇത്തരത്തില്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിച്ചേക്കും.