image

19 Feb 2022 5:04 AM GMT

Business

ഇന്ത്യ-യുഎഇ കരാർ: 5 വർഷത്തിൽ വ്യാപാരം $10,000 കോടിയാകുമെന്ന് പ്രതീക്ഷ

Agencies

ഇന്ത്യ-യുഎഇ കരാർ: 5 വർഷത്തിൽ വ്യാപാരം $10,000 കോടിയാകുമെന്ന് പ്രതീക്ഷ
X

Summary

ഡെല്‍ഹി:  ഇന്ത്യയും യുഎഇയും തമ്മില്‍ ഇന്നലെ ഒപ്പുവെച്ച സമഗ്ര വ്യാപാര പങ്കാളിത്ത കരാർ (കോമ്പ്രെഹെൻസീവ് ഇക്കണോമിക് പാർട്ണര്ഷിപ് എഗ്രിമെന്റ്; സിഇപിഎ) ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര മേഖലയിലും തൊഴില്‍ മേഖലയിലും പുത്തന്‍ ഊർജം പകരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. വരുന്ന അഞ്ചു വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം $10,000 കോടിയായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.  കരാര്‍ മെയ് മുതല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നും യുഎഇയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും കരാര്‍ […]


ഡെല്‍ഹി: ഇന്ത്യയും യുഎഇയും തമ്മില്‍ ഇന്നലെ ഒപ്പുവെച്ച സമഗ്ര വ്യാപാര പങ്കാളിത്ത കരാർ (കോമ്പ്രെഹെൻസീവ് ഇക്കണോമിക് പാർട്ണര്ഷിപ് എഗ്രിമെന്റ്; സിഇപിഎ) ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര മേഖലയിലും തൊഴില്‍ മേഖലയിലും പുത്തന്‍ ഊർജം പകരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍.

വരുന്ന അഞ്ചു വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം $10,000 കോടിയായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കരാര്‍ മെയ് മുതല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നും യുഎഇയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും കരാര്‍ പ്രയോജനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പങ്കെടുത്ത വെര്‍ച്വല്‍ ഉച്ചകോടിയില്‍ യുഎഇ ധനകാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയും കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലുമാണ് കരാറില്‍ ഒപ്പുവെച്ചത്.

എല്ലാ മേഖലയുമുള്ള സഹകരണം ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. ഇന്ത്യയും യുഎഇയുമായി ബന്ധപ്പെട്ട് കിടക്കുന്ന ബിസിനസുകള്‍ക്ക് വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനും തീരുവകളില്‍ ഇളവ് ലഭിക്കുന്നതിനും കരാര്‍ സഹായകരമാകും.

നിലവില്‍ $6000 കോടിയുടെ ഉഭയകക്ഷി വ്യാപാരം ഇരു രാജ്യങ്ങളും തമ്മിലുണ്ട്. ഇത് വരുന്ന അഞ്ച് വര്‍ഷം കൊണ്ട് 10,000 കോടി ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ പ്രഥമ ചുവടുവെപ്പു കൂടിയാണ് കരാര്‍.

2021 സെപ്റ്റംബറിലാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. ഡിസംബറോടെ 881 പേജുള്ള കരാര്‍ രേഖകളുടെ ചിട്ടപ്പെടുത്തല്‍ പൂര്‍ത്തിയായി.

സമഗ്രവും സന്തുലിതവുമായ വ്യാപാര കരാറാണിതെന്നും പ്രത്യേകിച്ചും ഇന്ത്യൻ ഫാര്‍മ മേഖലയ്ക്ക് യുഎഇയില്‍ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിന് ഇത് സഹായകമാവുമെന്നും ഗോയൽ പറഞ്ഞു. യുഎഇ മധ്യകിഴക്കൻ മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമുള്ള കവാദമാണെന്നും ഗോയല്‍ അഭിപ്രായപ്പെട്ടു.

10 ലക്ഷം തൊഴില്‍ അവസരങ്ങള്‍

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ പത്തു ലക്ഷം തൊഴില്‍ അവസരങ്ങളാണ് ഉണ്ടാകുക. ടെക്‌സ്‌ടൈല്‍സ്, കൈത്തറി, ജ്വല്ലറി- രത്‌ന വ്യാപാരം, ലെതര്‍, ചെരിപ്പ് നിര്‍മ്മാണം തുടങ്ങിയ മേഖലയിലാണ് അവസരങ്ങള്‍ ഉണ്ടാവുക. മാത്രമല്ല യുഎഇയിലേക്കുള്ള കയറ്റുമതിയ്ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യും.

മാത്രമല്ല യുറോപ്യന്‍ യൂണിയന്‍, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ അംഗീകരിച്ച ഇന്ത്യന്‍ നിര്‍മ്മിത മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് യുഎഇ വിപണിയിലേക്ക്് പ്രവേശിക്കാന്‍ സാധിക്കുന്നതിനൊപ്പം റെഗുലേറ്ററി അപ്രൂവലുകള്‍ക്കായുള്ള അപേക്ഷകള്‍ക്ക് 90 ദിവസത്തിനകം അംഗീകാരം ലഭിക്കുകയും ചെയ്യും.

ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് ഡ്യൂട്ടി ഇളവുകള്‍ നല്‍കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്് യുഎഇയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും ഇന്ത്യ ഡ്യൂട്ടി ഇളവുകള്‍ നല്‍കിയേക്കും. 200 ടണ്‍ വരെയുള്ള സ്വര്‍ണ ഇറക്കുമതിക്കാണ് ഇത് ബാധകമാവുക. രാജ്യത്തെ സേവന മേഖലയ്ക്കും കരാര്‍ ഗുണം ചെയ്യും.

2030 ആകുമ്പോള്‍ യുഎഇയുടെ ദേശീയ ജിഡിപിയില്‍ $8.9 ബില്യണ്‍ന്റെ അധിക വളര്‍ച്ച നേടാൻ കരാര്‍ സഹായിക്കുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി അഭിപ്രായപ്പെട്ടു.

2020-21 കാലയളവില്‍ $43.3 ബില്യണ്‍ന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്.

$16.7 ബില്യണ്‍ മൂല്യമുള്ള കയറ്റുമതിയും $26.7 ബില്യണ്‍ മൂല്യമുള്ള ഇറക്കുമതിയുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത്.