image

3 Feb 2022 9:46 PM GMT

Market

ആഗോള സമ്മര്‍ദ്ദത്തില്‍ വിപണി ഉലയുന്നു

MyFin Desk

ആഗോള സമ്മര്‍ദ്ദത്തില്‍ വിപണി ഉലയുന്നു
X

Summary

ഇന്ത്യന്‍ വിപണിയില്‍ ഇന്നും ഏറ്റക്കുറച്ചിലുകളും, വില്‍പ്പനയും തുടരാനാണ് സാധ്യത. കാരണം ആഗോള സൂചനകള്‍ അത്ര നല്ലതല്ല. അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് കലാശിച്ചത്. യൂറോപ്യന്‍ വിപണികള്‍ അവിടുത്തെ കേന്ദ്ര ബാങ്കിന്റെ പണനയ തീരുമാനങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകളില്‍ ആടിയുലയുകയാണ്. ഇന്നലെ പുറത്തുവന്ന മെറ്റായുടെ (ഫേസ്ബുക്ക്) വരുമാനക്കണക്കുകള്‍ (earnings) വിപണിയെ നിരാശപ്പെടുത്തി. ഡൗ ജോണ്‍സ് 1.4%, S&P500 2.4%, നാസ്ഡാക് 3.74% നഷ്ടം രേഖപ്പെടുത്തി. സിംഗപ്പൂര്‍ SGX നിഫ്റ്റി ഇന്നു രാവിലെ നേരിയ ലാഭത്തിലാണ്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ വിപണിയില്‍ ചാഞ്ചാട്ടം […]


ഇന്ത്യന്‍ വിപണിയില്‍ ഇന്നും ഏറ്റക്കുറച്ചിലുകളും, വില്‍പ്പനയും തുടരാനാണ് സാധ്യത. കാരണം ആഗോള സൂചനകള്‍ അത്ര നല്ലതല്ല.

അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് കലാശിച്ചത്. യൂറോപ്യന്‍ വിപണികള്‍ അവിടുത്തെ കേന്ദ്ര ബാങ്കിന്റെ പണനയ തീരുമാനങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകളില്‍ ആടിയുലയുകയാണ്. ഇന്നലെ പുറത്തുവന്ന മെറ്റായുടെ (ഫേസ്ബുക്ക്) വരുമാനക്കണക്കുകള്‍ (earnings) വിപണിയെ നിരാശപ്പെടുത്തി. ഡൗ ജോണ്‍സ് 1.4%, S&P500 2.4%, നാസ്ഡാക് 3.74% നഷ്ടം രേഖപ്പെടുത്തി. സിംഗപ്പൂര്‍ SGX നിഫ്റ്റി ഇന്നു രാവിലെ നേരിയ ലാഭത്തിലാണ്.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ആഗോള വിപണികളുടെ തളര്‍ച്ചയും, കമ്പനികളുടെ വരുമാന പ്രഖ്യാപന കാലയളവും അനിശ്ചിതത്വത്തിന് ആക്കം കൂട്ടുന്നു. ഇന്ന് നിഫ്റ്റി 17,350 ല്‍ നിലനിന്നില്ലെങ്കില്‍ തിരിച്ചുകയറല്‍ പ്രയാസകരമാണ്. ലാഭമെടുപ്പ് തുടരുകയും ചെയ്യും. ഇടപാടുകാര്‍ നഷ്ടം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം കൂടാതെ, കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന മികച്ച ഓഹരികള്‍ ശേഖരിക്കുകയുമാവാം.

ഷെയര്‍ഖാന്‍-ബി എന്‍ പി പാരിബയുടെ ടെക്‌നിക്കല്‍ റിസര്‍ച്ച് ഹെഡ് ഗൗരവ് രത്‌നപാര്‍ഖി പറയുന്നു: “നിഫ്റ്റിക്ക് അതിന്റെ 20 ഡിസ്‌പ്ലേസ്ഡ് മൂവിങ് ആവറേജിന് മുകളിലേക്ക് പോകാന്‍ സാധിച്ചില്ല. മറുവശത്ത്, സൂചിക 17,674-17,622 നിലയിലേക്ക് വീഴുകയും ചെയ്തു. ഈ നിലയില്‍ ഇന്‍ട്രാ ഡേ വ്യാപാരത്തിന് പിന്തുണ ലഭിച്ചിരുന്നു എങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നു. അതിന്റെ ഫലമായി സൂചിക വീണ്ടും താഴേക്ക് പോയി. കൂടാതെ, സൂചിക ഇപ്പോള്‍ താഴേക്കുള്ള ബ്രേക്കൗട്ടിന്റെ വക്കിലാണ്. ഈ നിരീക്ഷണങ്ങളെല്ലാം അര്‍ത്ഥമാക്കുന്നത് സൂചിക വീണ്ടും ഹ്രസ്വകാല കണ്‍സോളിഡേഷന്‍ ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നാണ്. താഴേക്ക് പോയാല്‍ 17,200 ഒരു നിര്‍ണ്ണായക പിന്തുണയായി പ്രവര്‍ത്തിച്ചേക്കാം. 17,800 വളരെ ശക്തമായ ഹ്രസ്വകാല തടസ്സമായും നിലനിന്നേക്കാം.”

ഐ പി ഒ
കല്‍ക്കത്ത ആസ്ഥാനമായുള്ള വേദാന്ത് ഫാഷന്‍സിന്റെ ഐ പി ഒ ഇന്നാരംഭിക്കുന്നു. പ്രമുഖ എത്‌നിക് ബ്രാന്‍ഡായ മാന്യവര്‍ ഇവരുടേതാണ്. 3,149 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു. പ്രൈസ് ബാന്‍ഡ് 824-866 ആണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,510 (ഫെബ്രുവരി 3). ഒരു ഡോളറിന്റെ വില 74.87 രൂപ (ഫെബ്രുവരി 4). ബ്രെന്റ് ക്രൂഡ് ബാരലിന് 1.64 ഡോളര്‍ വര്‍ധിച്ച് 91.11 ഡോളറിലെത്തി. ഒരു ബിറ്റ് കോയിന്റെ വില 29,57,358 രൂപ (@ 7.40 am, വസിര്‍ എക്‌സ്).