image

26 Jan 2022 9:19 PM GMT

Stock Market Updates

ഫെഡറല്‍ റിസര്‍വ് തീരുമാനം വിപണിയെ തളര്‍ത്തിയേക്കാം

MyFin Desk

ഫെഡറല്‍ റിസര്‍വ് തീരുമാനം വിപണിയെ തളര്‍ത്തിയേക്കാം
X

Summary

ഇന്ത്യന്‍ വിപണി ഇന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനത്തിനോട് പ്രതികരിക്കാനിടയുണ്ട്. വിപണിയിലെ അനിശ്ചിതത്വം തുടരാനാണ് സാധ്യത, പ്രത്യേകിച്ചും ഈ മാസത്തെ ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍ കോണ്‍ട്രാക്ടുകള്‍ അവസാനിക്കാന്‍ പോകുന്ന സാഹചര്യത്തില്‍. ഇന്നലെ വൈകുന്നേരം ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയത് അവര്‍ പലിശനിരക്ക് മാര്‍ച്ചില്‍ ഉയര്‍ത്താനിടയുണ്ടെന്നും, അവരുടെ ബോണ്ട് വാങ്ങല്‍ പ്രക്രിയ അവസാനിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്നുമാണ്. പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ രണ്ട് നടപടികളും സ്വീകരിക്കുന്നതെന്ന് ഫെഡ് ചീഫ് ജെറോമി പവല്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ അമേരിക്കന്‍ വിപണി […]


ഇന്ത്യന്‍ വിപണി ഇന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനത്തിനോട് പ്രതികരിക്കാനിടയുണ്ട്. വിപണിയിലെ അനിശ്ചിതത്വം തുടരാനാണ് സാധ്യത, പ്രത്യേകിച്ചും ഈ മാസത്തെ ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍ കോണ്‍ട്രാക്ടുകള്‍ അവസാനിക്കാന്‍ പോകുന്ന സാഹചര്യത്തില്‍.

ഇന്നലെ വൈകുന്നേരം ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയത് അവര്‍ പലിശനിരക്ക് മാര്‍ച്ചില്‍ ഉയര്‍ത്താനിടയുണ്ടെന്നും, അവരുടെ ബോണ്ട് വാങ്ങല്‍ പ്രക്രിയ അവസാനിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്നുമാണ്. പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ രണ്ട് നടപടികളും സ്വീകരിക്കുന്നതെന്ന് ഫെഡ് ചീഫ് ജെറോമി പവല്‍ വ്യക്തമാക്കി.

ഇതിനു പിന്നാലെ അമേരിക്കന്‍ വിപണി നഷ്ടത്തിലേക്ക് വീണിരുന്നു. ഡൗ ജോണ്‍സ് 0.38%, S&P 500 0.15%, നാസ്ഡാക് 0.02% നഷ്ടം രേഖപ്പെടുത്തി.

ഇന്നു രാവിലെ സിംഗപ്പൂര്‍ SGX നിഫ്റ്റിയും 120 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, 17,600-16,800 റേഞ്ചില്‍ വിപണി ഏറെക്കുറെ കണ്‍സോളിഡേറ്റ് ചെയ്യാനാണ് സാധ്യത. അതായത്, വിലയില്‍ മുന്നേറ്റമോ, തളര്‍ച്ചയോ കുറച്ചു സമയത്തേക്ക് പ്രതീക്ഷിക്കേണ്ടതില്ല. ഇന്നത്തെ വിപണിയുടെ നീക്കത്തെ ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍ മാസ കരാറുകള്‍ അവസാനിക്കുന്നതും, ഫെഡിന്റെ തീരുമാനവുമാവും സ്വാധീനിക്കാന്‍ സാധ്യതയുള്ളത്. അതിനാല്‍ ഇന്ന് സൂക്ഷ്മതയോടെ നില്‍ക്കുന്നതാണ് ഉത്തമം. നിഫ്റ്റി 16,832 ന് മുകളിലേക്ക് പോയാല്‍, 17,600 ലെവലിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. അവിടെ ലോങ് പൊസിഷന് സാധ്യതയുണ്ട്. എന്നാല്‍ വിപണി 16,800 ന് താഴെ പോയാല്‍ അത് 16,410 വരെ ചെന്നെത്തിയേക്കാം.

ഈ സാഹചര്യത്തില്‍, അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്, നഷ്ട സാധ്യതകള്‍ ഒഴിവാക്കുന്നതിന് മുന്‍ഗണന നല്‍കണം എന്നാണ്. ശ്രദ്ധാപൂര്‍വ്വമുള്ള ഇടപാടുകള്‍ക്കായിരിക്കണം ഊന്നല്‍ നല്‍കേണ്ടത്.

'നിഫ്റ്റിയെ സംബന്ധിച്ച് 17,300-17,330 ല്‍ പെട്ടെന്നു തന്നെ പ്രതിരോധം രൂപപ്പെടാന്‍ ഇടയുണ്ട്. ഇതിനു മുകളില്‍ 17,500 വരെ ഹ്രസ്വകാലത്തേക്ക് എത്തിച്ചേരുമെന്ന് കണക്കുകൂട്ടുന്നു. മറുവശത്ത്, 17,000 ലെവലില്‍ നിര്‍ണ്ണായകമായ പിന്തുണ ലഭിച്ചേക്കാം,' ഷേര്‍ഖാന്‍-ബി എന്‍ പി പാരിബയുടെ ടെക്‌നിക്കല്‍ റിസര്‍ച്ച് ഹെഡ് ഗൗരവ് രത്‌നപാര്‍ഘി പറഞ്ഞു.

ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായ അദാനി വില്‍മര്‍ 3,600 കോടി രൂപ സമാഹരിക്കാനായി ഇന്ന് ഐ പി ഒ വിപണിയിലെത്തും. ഇഷ്യൂ ജനുവരി 31 വരെ തുടരും. 218-230 ആണ് പ്രൈസ് ബാന്‍ഡ്. അദാനി ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിന്റെയും 50-50 സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍. കമ്പനി 940 കോടി രൂപ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ശനിയാഴ്ച സ്വരൂപിച്ചിരുന്നു.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4590 രൂപ (ജനുവരി 25).

ഒരു ഡോളറിന് 74.96 രൂപ (@ 8 am).

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 90.07 ഡോളര്‍.

ഒരു ബിറ്റ് കോയിന്‍ 29,07,410 രൂപ (@ 7.32 am, വസിര്‍ എക്‌സ്)