6 July 2023 6:18 AM
Summary
- 46 വന്ദേഭാരത് സര്‍വീസുകളില്‍ കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലാണു ഏറ്റവുമധികം യാത്രക്കാരുള്ളത്
- ചില ഹ്രസ്വദൂര സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കും
- യാത്രക്കാര്‍ കുറവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നിരക്ക് കുറയ്ക്കാന്‍ പദ്ധതിയിടുന്നത്
യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വന്ദേഭാരത് ചില ഹ്രസ്വദൂര സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കും. ഇക്കാര്യം ഇന്ത്യന്‍ റെയില്‍വേ അവലോകനം ചെയ്യുകയാണ്.
ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പ്പൂര്‍, നാഗ്പൂര്‍-ബിലാസ്പൂര്‍ റൂട്ടുകളില്‍ യാത്രക്കാര്‍ കുറവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നത്.
ഭോപ്പാല്‍-ജബല്‍പൂര്‍ വന്ദേഭാരത് സര്‍വീസില്‍ 29 ശതമാനം യാത്രക്കാരാണുള്ളത്. ഇന്‍ഡോര്‍-ഭോപ്പാല്‍ വന്ദേഭാരത് എക്സ്പ്രസിന് 21 ശതമാനം ആളുകളും. യാത്രയ്ക്ക് എസി ചെയര്‍ കാര്‍ ടിക്കറ്റിന് 950 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റിന് 1,525 രൂപയുമാണ് നിരക്ക്.
നാഗ്പൂര്‍-ബിലാസ്പൂരാണ് റെയില്‍വേ പരിഗണിക്കുന്ന മറ്റൊരു റൂട്ട്. ഈ റൂട്ടില്‍ ശരാശരി 55 ശതമാനം യാത്രക്കാരുണ്ട്. ഏകദേശം 5 മണിക്കൂര്‍ 30 മിനിറ്റാണ് യാത്രാ ദൈര്‍ഘ്യം. ഈ റൂട്ടില്‍ നിരക്ക് കുറച്ചാല്‍ കൂടുതല്‍ യാത്രക്കാരുണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്.
നാഗ്പൂര്‍-ബിലാസ്പൂര്‍ വന്ദേഭാരത് എക്സ്പ്രസ് എക്സിക്യൂട്ടീവ് ക്ലാസിന് 2,045 രൂപയും ചെയര്‍ കാറിന് 1,075 രൂപയുമാണ് നിരക്ക്. യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ ഈ ട്രെയിനിന് പകരം മെയ് മാസത്തില്‍ തേജസ് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചിരുന്നു.
രാജ്യത്തെ 46 വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസുകളില്‍ കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലാണു ഏറ്റവുമധികം യാത്രക്കാരുള്ളത്. 183 ശതമാനം. തൊട്ടുപിറകിലായി തിരുവനന്തപുരം-കാസര്‍കോട് (176 ശതമാനം), ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസ് (134 ശതമാനം) എന്നിവയുമുണ്ട്.