23 Jun 2023 9:39 AM
Summary
- നാല് ദിവസം ശ്വസിക്കാനുള്ള വായു ടൈറ്റനിലുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്
- അപകടത്തില്‍പ്പെട്ട ടൈറ്റന്‍ യാത്ര നടത്തും മുന്‍പ് ഏതെങ്കിലും സര്‍ക്കാര്‍ വിഭാഗത്തിന്റെ അനുമതി നേടിയിരുന്നില്ല
- ദുരന്തത്തെ കുറിച്ച് ഏത് ഏജന്‍സിയായിരിക്കും അന്വേഷിക്കുക എന്നത് ഇതുവരെ തീരുമാനമായിട്ടില്ല
അപ്രത്യക്ഷമായ ഉടന്‍ തന്നെ ടൈറ്റന്‍ സമുദ്രപേടകം പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. 111 വര്‍ഷങ്ങള്‍ക്കു മുമ്പ് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അഞ്ചു പേരുമായി ജൂണ്‍ 19 ഞായറാഴ്ചയാണ് ടൈറ്റന്‍ പേടകം യാത്ര തിരിച്ചത്. എന്നാല്‍ മാതൃ പേടകമായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ആശയവിനിമയം ടൈറ്റന് നഷ്ടപ്പെട്ടു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തേക്ക് ലക്ഷ്യമാക്കി നീങ്ങി ഒന്നേ മുക്കാല്‍ മണിക്കൂറിനകം പേടകത്തില്‍നിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അധികം താമസിയാതെ തന്നെ ടൈറ്റന്‍ പൊട്ടിത്തെറിച്ചിട്ടുണ്ടാകാമെന്നാണ് ഇപ്പോള്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.യുഎസ് നാവികസേനയുടെ അണ്ടര്‍വാട്ടര്‍ സൗണ്ട് മോണിറ്ററിംഗ് ഉപകരണത്തില്‍ സൗണ്ട് വ്യക്തമായെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു.
സമുദ്രത്തിന്റെ അടിത്തട്ടിലുള്ള അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സേന ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണസംവിധാനത്തിലാണു ശബ്ദം രേഖപ്പെടുത്തിയത്.
ടൈറ്റന് ആശയവിനിമയം നഷ്ടപ്പെടുമ്പോള്‍ ഉണ്ടായിരുന്ന പരിസരത്തുനിന്നാണ് ശബ്ദം വന്നിരിക്കുന്നതെന്ന് അണ്ടര്‍വാട്ടര്‍ സൗണ്ട് മോണിറ്ററിംഗ് ഉപകരണം രേഖപ്പെടുത്തി.
ടൈറ്റന്‍ സമുദ്രപേടകത്തിലെ അഞ്ചു പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡും പേടകത്തിന്റെ ഉടമസ്ഥരുമായ ഓഷ്യന്‍ഗേറ്റ് കമ്പനിയും അറിയിച്ചിരുന്നു. 22 അടി നീളമുള്ളതായിരുന്നു പൊട്ടിത്തെറിച്ച സമുദ്രപേടകം ടൈറ്റന്‍. ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍ എന്ന കമ്പനിയുടെ സിഇഒ സ്റ്റോക്ക്ടണ്‍ റഷും മരിച്ച അഞ്ച് പേരില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടീഷ് വംശജനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്ഥാനി വ്യവസായി ഷഹ്‌സാദ ദാവൂദ്, മകന്‍ സുലെമാന്‍, ഫ്രഞ്ച് വംശജനും ടൈറ്റാനിക് എക്‌സ്‌പെര്‍ട്ടുമായ പോള്‍ ഹെന്റി എന്നിവരായിരുന്നു മറ്റ് നാല് യാത്രക്കാര്‍.
നാല് ദിവസം ശ്വസിക്കാനുള്ള വായു ടൈറ്റനിലുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. കവചം ടൈറ്റാനിയവും, കോംപോസിറ്റ് കാര്‍ബണ്‍ ഫൈബര്‍ സ്‌ട്രെക്ച്ചറുമായിരുന്നു (composite carbon fibre structure) ടൈറ്റന്റേത്. വിഖ്യാത സംവിധായകനും ടൈറ്റാനിക് എന്ന പ്രശസ്ത ഹോളിവുഡ് സിനിമ ചിത്രീകരിക്കുകയും ചെയ്ത ജെയിംസ് കാമറൂണ്‍ പറയുന്നത് ടൈറ്റന്‍ അപകടത്തില്‍പ്പെടാനുണ്ടായ പ്രധാന കാരണം അതിന്റെ ഡിസൈനിലുണ്ടായ പിഴവ് തന്നെയാണെന്നാണ്.
ഇനി അന്വേഷിക്കുന്നത് അപകട കാരണം
കവചം (tail cone), ലാന്‍ഡിംഗ് ഫ്രെയിം എന്നിവ ഉള്‍പ്പെടെ ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവശിഷ്ടം വടക്കന്‍ അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തി. ഹോറിസന്‍ ആര്‍ട്ടിക് എന്ന കപ്പലിലെ ആളില്ലാ ചെറു സമുദ്രവാഹനമാണ് ഇവ കണ്ടെത്തിയത്. 111 വര്‍ഷങ്ങള്‍ക്കു മുന്‍പ് ടൈറ്റാനിക് മുങ്ങിയ സ്ഥലത്തുനിന്നും 1600 അടി അകലെ നിന്നാണ് ഇപ്പോള്‍ ടൈറ്റന്‍ എന്ന സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇനി അന്വേഷിക്കുക അപകടത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങളായിരിക്കും.
മര്‍ദ്ദം കൂടിയത് കൊണ്ടാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നു പറയുന്നുണ്ടെങ്കിലും വിശദമായ അന്വേഷണത്തിനായിരിക്കും ഇനി ശ്രമിക്കുക. ഇതിന്റെ ഭാഗമായി അപകടത്തില്‍പ്പെട്ട ടൈറ്റന്റെ ഓരോ അവശിഷ്ടവും ശേഖരിക്കും.
ടൈറ്റന്റെ കാര്‍ബണ്‍ ഫൈബര്‍ സ്‌ട്രെക്ച്ചര്‍ ബ്രേക്ക് ആകാന്‍ കാരണമെന്തായിരുന്നെന്ന് ആദ്യം കണ്ടെത്തും. ഇത് കണ്ടെത്തിയാല്‍ ദുരന്തത്തിലേക്ക് നയിച്ചതിന്റെ കാരണവും മനസ്സിലാക്കാന്‍ സഹായകരമാകും.
ടൈറ്റന്റെ ദുരന്തകാരണം അതിന്റെ സ്‌ട്രെക്ചറായിരുന്നോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. അതായിരുന്നെങ്കില്‍ ടൈറ്റന്‍ വലിയ മര്‍ദ്ദത്തിന് വിധേയമായി കാണുമെന്നാണ് അനുമാനം. ഉയര്‍ന്ന മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പേടകം പൊട്ടിത്തെറിച്ചതെന്ന് പറയപ്പെടുന്നുമുണ്ട്.
ദുരന്തത്തെ കുറിച്ച് ഏത് ഏജന്‍സിയായിരിക്കും അന്വേഷിക്കുക എന്നത് ഇതുവരെ തീരുമാനമായിട്ടില്ല.
സുരക്ഷാ വീഴ്ച
അപകടത്തില്‍പ്പെട്ട ടൈറ്റന്‍ യാത്ര നടത്തും മുന്‍പ് ഏതെങ്കിലും സര്‍ക്കാര്‍ വിഭാഗത്തിന്റെ അനുമതി നേടിയിരുന്നില്ല. ടൈറ്റന്റെ സുരക്ഷ സംബന്ധിച്ച് ഒരു ഏജന്‍സി പോലും പരിശോധിക്കുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഈ പേടകത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന ഡേവിഡ് ലോക്‌റിഡ്ജ് എന്ന മുന്‍ ഓഷ്യന്‍ഗേറ്റ് ഉദ്യോഗസ്ഥന് അതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുകയും ചെയ്തു. ടൈറ്റന്‍ എന്ന സമുദ്ര പേടകം നിര്‍മിച്ച ഓഷ്യന്‍ഗേറ്റിലെ മുന്‍ ഓപ്പറേഷന്‍സ് ഡയറക്ടറാണ് ഡേവിഡ് ലോക്‌റിഡ്ജ്.
യാത്രയ്ക്ക് ഒരാളില്‍നിന്ന് ഈടാക്കിയത് 2,50,000 ഡോളര്‍
ടൈറ്റന്‍ സമുദ്ര പേടകത്തില്‍ ആകെ അഞ്ച് പേരാണ് യാത്ര ചെയ്തത്. ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍ എന്ന കമ്പനിയാണ് യാത്രയ്ക്കുള്ള പേടകം തയാറാക്കിയത്. ഇവര്‍ ഒരു യാത്രക്കാരനില്‍ നിന്ന് ഈടാക്കിയത് 2,50,000 യുഎസ് ഡോളറാണ്. ഇത് 20,506,873 രൂപ (രണ്ട് കോടി)വരും.
സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് 12,500 അടിയോളം വരുന്ന ആഴങ്ങളിലേക്കാണ് ടൈറ്റന്‍ സമുദ്രപേടകം യാത്ര ചെയ്തത്.
പ്രവര്‍ത്തിപ്പിച്ചത് വീഡിയോ ഗെയിം കണ്‍ട്രോളറില്‍
ടൈറ്റന്‍ F710 എന്ന ഒരു വീഡിയോ ഗെയിം കണ്‍ട്രോളര്‍ കൊണ്ടാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഗെയിമിംഗ് കണ്‍സോളുകളിലേക്കും പേഴ്‌സണല്‍ കമ്പ്യൂട്ടറിലേക്കും വയര്‍ലെസ് ആയി ബന്ധിപ്പിക്കുന്നതാണ് F710 എന്ന ഒരു വീഡിയോ ഗെയിം കണ്‍ട്രോളര്‍.
കൊല്ലപ്പെട്ടവരില്‍ 19-കാരനും
ടൈറ്റന്‍ പേടകത്തില്‍ ആകെ അഞ്ച് പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ പാകിസ്ഥാന്‍ വംശജനായ 19-കാരനുമുണ്ടായിരുന്നു. പാകിസ്ഥാനിലെ സമ്പന്ന വ്യവസായിയായ ഷഹ്‌സാദ ദാവൂദിന്റെ മകന്‍ സുലെമാനായിരുന്നു ആ 19-കാരന്‍. ജൂണ്‍ 18 ഫാദേഴ്‌സ് ഡേയ്ക്ക് പിതാവിനൊപ്പം ടൈറ്റനില്‍ യാത്ര തിരിക്കും മുന്‍പ് സുലെമാന്‍ ധൈര്യക്കുറവ് അറിയിച്ചിരുന്നു.
ആഴിയുടെ ആഴങ്ങളിലേക്കുള്ള യാത്ര പക്ഷേ, അന്ത്യയാത്രയായിരിക്കുമെന്ന് സുലെമാന്‍ കരുതിക്കാണില്ല. 48-കാരനായ പിതാവ് ഷഹ്‌സാദ ദാവൂദിനൊപ്പമാണ് സുലെമാന്‍ യാത്ര ചെയ്തത്. ഇരുവരും അപകടത്തില്‍ കൊല്ലപ്പെട്ടു.
ടൈറ്റാനിക് വിദഗ്ധന്‍
മുന്‍ ഫ്രഞ്ച് നാവികസേനാ ഉദ്യോഗസ്ഥനായ പോള്‍-ഹെന്റി നര്‍ജിയോലെറ്റ് ടൈറ്റാനിക് വിദഗ്ധന്‍ എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹം ടൈറ്റന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ച് പേരില്‍ ഒരാളാണ്. പതിറ്റാണ്ടുകളായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടി ഒന്നിലധികം തവണ പര്യവേക്ഷണം നടത്തിയിട്ടുണ്ട്.
37 തവണ അദ്ദേഹം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഡൈവ് ചെയ്തിട്ടുണ്ട്. 5,000 ത്തോളം പുരാവസ്തുക്കള്‍ വീണ്ടെടുക്കാനും അദ്ദേഹത്തിന് മേല്‍നോട്ടത്തില്‍ സാധിച്ചിട്ടുണ്ട്.
ഓഷ്യന്‍ ഗേറ്റ് സിഇഒ
ഓഷ്യന്‍ ഗേറ്റ് സിഇഒയായ സ്റ്റോക്ക്ടണ്‍ റഷും കൊല്ലപ്പെട്ട അഞ്ച് യാത്രക്കാരില്‍ ഒരാളാണ്. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓഷ്യന്‍ഗേറ്റ്. 2009-ലാണ് ഓഷ്യന്‍ഗേറ്റ് സ്ഥാപിച്ചത്.
ബ്രിട്ടനിലെ ഏവിയേഷന്‍ ടൈക്കൂണ്‍
ടൈറ്റനിലെ അഞ്ച് യാത്രക്കാരില്‍ ഒരാള്‍ ബ്രിട്ടനിലെ ഏവിയേഷന്‍ ടൈക്കൂണ്‍ എന്ന് അറിയപ്പെടുന്നത് 58-കാരന്‍ ഹാമിഷ് ഹാര്‍ഡിംഗാണ്. സാഹസികയാത്രകളോട് എന്നും ഒരിഷ്ടം അദ്ദേഹം സൂക്ഷിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയിലൂടെ അദ്ദേഹം ബഹിരാകാശ യാത്രയും നടത്തി.