image

10 July 2023 6:00 AM

Latest News

തംപ്‌സ് അപ്പ് ഇമോജി അയച്ചു; കര്‍ഷകന് 50 ലക്ഷം രൂപ പിഴ

MyFin Desk

sent a thumps up emoji; Farmer fined Rs 50 lakh
X

Summary

  • ആളുകള്‍ പൊതുവായി ഇമോജികളെ ഉപയോഗിക്കാറുണ്ട്
  • തംപ്‌സ്-അപ്പ് ഇമോജി സാധുവും ഔദ്യോഗികവുമായ ഒപ്പായി തന്നെ കണക്കാക്കുമെന്നു കനേഡിയന്‍ കോടതി
  • സ്മാര്‍ട്ട്‌ഫോണിലൂടെയാണ്ഇന്ന് ആശയവിനിമയങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത്


സ്മാര്‍ട്ട്‌ഫോണിലൂടെയാണ് ഇന്ന് ആശയവിനിമയങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത്. കോള്‍ ചെയ്യുന്നതിനു പുറമെ വാട്‌സ് ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയും ആളുകള്‍ ആശയവിനിമയം നടത്തുന്നു.

സുഖ വിവരങ്ങള്‍ തിരക്കാനും, കരാര്‍ ഉറപ്പിക്കാനും, ചടങ്ങുകളിലേക്ക് ക്ഷണിക്കാനും, ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുമൊക്കെ ഇന്ന് സ്മാര്‍ട്ട്‌ഫോണിലൂടെ സാധിക്കും.

സന്ദേശങ്ങള്‍ എത്രയും ലഘുവാക്കാന്‍ സാധിക്കുമോ അത്രയും നല്ലതായിരിക്കുമെന്നതിനാല്‍ ആളുകള്‍ പലരും ഇമോജികളെ ഉപയോഗിക്കാറുണ്ട്.

ഇമോജികള്‍ പല തരത്തിലുള്ളവയുണ്ട്. നന്ദി അറിയിക്കാനും, സ്വാഗതം ചെയ്യാനുമൊക്കെ ആളുകള്‍ ഇമോജികളെയാണ് സാധാരണയായി ഉപയോഗിക്കുന്നത്. അതാകുമ്പോള്‍ ഒരൊറ്റ ക്ലിക്കിന് കാര്യം നടക്കും. വാക്കുകള്‍ ടൈപ്പ് ചെയ്ത് സമയം കളയേണ്ടിയും വരില്ല. എന്നാല്‍ ഓരോ ഇമോജികള്‍ക്കും ഓരോ അര്‍ഥമുണ്ടെന്ന കാര്യം ചിലര്‍ക്കും അറിയില്ല. അത് ചിലരെ വലിയ കുഴപ്പത്തിലും ചാടിക്കാറുണ്ട്.

കാനഡയില്‍ നടന്നൊരു സംഭവമാണ് ഇപ്പോള്‍ ഇമോജിക്ക് വലിയ അര്‍ഥതലങ്ങളുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തംപ്‌സ് അപ്പ് ഇമോജി അയച്ച കര്‍ഷകന് 50 ലക്ഷം രൂപ പിഴ ചുമത്തുകയുണ്ടായി. സംഭവം കാനഡയിലാണ്. കാനഡയിലെ സസ്‌കാച്ചെവാനില്‍, ധാന്യം വാങ്ങുന്ന കെന്റ് മൈക്കിള്‍ബറോ 2021 മാര്‍ച്ചില്‍ കര്‍ഷകനായ ക്രിസ് ആക്ടറിന് നവംബറില്‍ ക്രിസ്സിന്റെ വിളകള്‍ വാങ്ങാമെന്ന ഉറപ്പ് നല്‍കി കൊണ്ട് ഒരു സന്ദേശം അയച്ചു.

ഈ സന്ദേശത്തിന് തംപ്‌സ് അപ്പ് ഇമോജി നല്‍കിയാണ് ക്രിസ് മറുപടി നല്‍കിയത്.

എന്നാല്‍ നവംബര്‍ എത്തിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ വിളകളുടെ വില ഗണ്യമായി ഉയര്‍ന്നു. കരാര്‍പ്രകാരം ധാന്യം നല്‍കാനുമായില്ല.

തനിക്ക് കരാര്‍ ലഭിച്ചെന്നു സൂചിപ്പിക്കാന്‍ തംപ്‌സ് അപ്പ് ഇമോജി ഉപയോഗിച്ചതായി ക്രിസ് ആക്ടര്‍ സമ്മതിച്ചെങ്കിലും അത് ഒരിക്കലും കരാര്‍ ഉറപ്പിച്ചു കൊണ്ടുള്ള സന്ദേശമായിരുന്നില്ലെന്നാണ് ക്രിസ് പറയുന്നത്.

കരാറാകുമ്പോള്‍ നിബന്ധനകളുണ്ടാവും. അവയൊക്കെ രണ്ട് കൂട്ടരും സമ്മതിക്കുമ്പോഴാണല്ലോ കരാറായി രൂപപ്പെടുന്നത്. അതിനു മുന്‍പ് അതിനെ കരട് രൂപമെന്നാണ് (draft) വിളിക്കുന്നത്. ക്രിസ് പറഞ്ഞതും ഇതു തന്നെയാണ് താന്‍ ഇമോജി അയച്ചതിന് അര്‍ഥം കരാറിലെ വ്യവസ്ഥകളെല്ലാം സമ്മതിച്ചു എന്നല്ലെന്ന് അദ്ദേഹം പറഞ്ഞു

എന്നാല്‍ മറുവശത്ത് ധാന്യം വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയ മൈക്കിള്‍ പറയുന്നത് കരാറിന്റെ നിബന്ധനകള്‍ കര്‍ഷകനായ ക്രിസ് അംഗീകരിച്ചതായി സമ്മതിക്കുന്നതാണ് തംപ്‌സ് അപ്പ് ഇമോജി എന്നാണ്. മാത്രമല്ല, ക്രിസ്സുമായി ധാന്യം വാങ്ങുന്ന കാര്യം ഫോണില്‍ സംസാരിച്ചെന്നും കരാറിന്റെ കരട് രൂപം അയച്ചു കൊടുത്തെന്നുമാണ്.

സംഭവം കാനഡയിലെ കോടതിയിലേക്ക് വരെ എത്തി.

കോടതി നടപടികള്‍ക്ക് ശേഷം, തംപ്‌സ്-അപ്പ് ഇമോജി സാധുവും ഔദ്യോഗികവുമായ ഒപ്പായി തന്നെ കണക്കാക്കുമെന്നു ജഡ്ജി ഉത്തരവിട്ടു.

ഒരു കരാറില്‍ ഒപ്പുവയ്ക്കുന്നതിനുള്ള പാരമ്പര്യേതര മാര്‍ഗമാണ് (non-traditional means) ഇമോജി എന്നാണ് കോടതി നിരീക്ഷിച്ചത്.

തല്‍ഫലമായി, കരാര്‍ ലംഘിച്ചതിന് ഏകദേശം 50 ലക്ഷം രൂപയ്ക്ക് തുല്യമായ 82,000 കനേഡിയന്‍ ഡോളര്‍ കര്‍ഷകന് പിഴയായി ചുമത്തി. സംഭവം കാനഡയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ വലിയ പ്രാധാന്യം നേടിയിരിക്കുകയാണ്. ഭാവിയില്‍ ഇമോജികളിലൂടെ മാത്രമല്ല, ഓണ്‍ലൈനിലൂടെയുള്ള ഓരോ നീക്കങ്ങളും ചലനങ്ങളും ശ്രദ്ധിച്ചു വേണമെന്ന ബോധ്യം പലരിലും വളര്‍ത്തുമെന്നത് ഉറപ്പ്.

തംപ്സ്-അപ്പ് ഇമോജി സാധാരണയായി ഉപയോഗിക്കുന്നത് അംഗീകാരം പ്രകടിപ്പിക്കുന്നതിനോ 'ok ' എന്ന ധാരണ നല്‍കുന്നതിനോ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഡെയ്ലി മെയിലിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, തംബ്സ് ഡൗണ്‍ ഇമോജി വിയോജിപ്പിനെ സൂചിപ്പിക്കുന്നുണ്ടെന്നു പറയുന്നു. വിവിധ ഇമോജികള്‍ക്ക് വ്യത്യസ്ത അര്‍ത്ഥങ്ങള്‍ വഹിക്കാന്‍ കഴിയുന്നുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ക്രിസ്സിന്റെ അവസ്ഥ പലര്‍ക്കും സംഭവിച്ചേക്കാം.