image

12 July 2023 11:55 AM IST

Latest News

മഴ തിമിര്‍ത്ത് പെയ്തിട്ടും 12 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും മഴയുടെ കുറവ്

MyFin Desk

despite torrential rains 12 indian states are still deficient in rainfall
X

Summary

  • ബിഹാര്‍ (-33%), ജാര്‍ഖണ്ഡ് (-43%), ഒഡീഷ (-26%) എന്നിവയാണ് മഴക്കുറവുള്ള സംസ്ഥാനങ്ങള്‍
  • മണ്‍സൂണ്‍ ആരംഭിച്ച് ആദ്യ 35 ദിവസങ്ങളില്‍ സാധാരണ മഴയുടെ മൂന്നിലൊന്നില്‍ താഴെ മാത്രമാണ് ലഭിച്ചത്
  • മഴക്കുറവ് വന്നതോടെ തെലങ്കാന, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും കൃഷിയിറക്കാന്‍ വൈകുകയാണ്


പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ കലി തുള്ളി പെയ്തു. എന്നാല്‍ 12 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂലൈയില്‍ മഴയുടെ കുറവ് അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ കനത്ത നാശമാണു വിതച്ചത്. ഇതിനുപുറമെ മനുഷ്യജീവനുകളെയും മഴ കവര്‍ന്നു.

എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, കേരള, തെലങ്കാന, ജാര്‍ഖണ്ഡ്, ബിഹാര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, ത്രിപുര, മിസോറം, മേഘാലയ എന്നിവ മഴക്കുറവും നേരിടുകയാണ്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ജൂണ്‍ 1 ന് മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചത് മുതല്‍, തമിഴ്നാട് ഒഴികെയുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ വര്‍ഷം പ്രതീക്ഷിച്ചതിലും കുറവ് മഴ ലഭിച്ചിട്ടുണ്ട്.

ജുലൈ ആദ്യവാരം കനത്ത മഴ കേരളത്തിലും കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും ലഭിച്ചിരുന്നു. അപ്പോഴും കര്‍ണാടകയുടെ തീരപ്രദേശമല്ലാത്ത സ്ഥലങ്ങളില്‍ മഴ ലഭിച്ചിരുന്നില്ല. മഴക്കുറവ് വന്നതോടെ തെലങ്കാന, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും കൃഷിയിറക്കാന്‍ വൈകുകയാണ്.

തെലങ്കാന സ്റ്റേറ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് പ്ലാനിംഗ് സൊസൈറ്റി (TSDPS) പറയുന്നത്, ജൂണ്‍ 1 മുതല്‍ ജുലൈ 11 വരെ തെലങ്കാന സംസ്ഥാനത്ത് 197.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 150.4 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചതെന്നാണ്.

കഴിഞ്ഞ വര്‍ഷം തെലങ്കാനയ്ക്ക് 395.6 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു.

ബെംഗളുരുവിന്റെ സുപ്രധാന ജലസ്രോതസ്സായ കര്‍ണാടകയിലെ കൃഷ്ണരാജസാഗര്‍ (കെആര്‍എസ്) അണക്കെട്ട് ഏതാണ്ട് വറ്റിവരണ്ടിരിക്കുകയാണ്. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 124.8 അടിയില്‍ നിന്ന് 30 അടിയില്‍ താഴെയെത്തി. ഹൈദരാബാദ്, കര്‍ണാടക എന്നിവയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തുംഗഭദ്ര ഡാമില്‍ ഇപ്പോള്‍ 4.1 ടിഎംസി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ 43.9 ടിഎംസിയില്‍ നിന്നുള്ള ഗണ്യമായ കുറവാണ് ഇത് സൂചിപ്പിക്കുന്നത്.

മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ച് ആദ്യ 35 ദിവസങ്ങളില്‍ കാവേരിയിലും കര്‍ണാടകയിലെ തുംഗഭദ്രയിലും സാധാരണ മഴയുടെ മൂന്നിലൊന്നില്‍ താഴെ മാത്രമാണ് ലഭിച്ചതെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ സെല്‍ അറിയിച്ചു.

ഈ വര്‍ഷം വേണ്ടത്ര മഴ ലഭിക്കാത്ത മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണു കേരളം.

വടക്കന്‍ കേരളത്തിലെ ചില ഭാഗങ്ങള്‍ ഒഴികെ, മറ്റ് മിക്ക പ്രദേശങ്ങളിലും മഴ വളരെ കുറവാണ് പെയ്തിരിക്കുന്നത്. കേരളത്തില്‍ ഈ വര്‍ഷം 31 ശതമാനം മഴക്കുറവും ആന്ധ്രാപ്രദേശില്‍ 19 ശതമാനം കുറവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിഴക്കന്‍ സംസ്ഥാനങ്ങളായ ബിഹാര്‍ (-33%), ജാര്‍ഖണ്ഡ് (-43%), ഒഡീഷ (-26%) എന്നിവയാണ് മഴക്കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

അസം ഒഴികെയുള്ള എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കുറവാണെങ്കിലും ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ശരാശരി മഴ രാജ്യത്തിന്റെ ശരാശരിയേക്കാള്‍ കൂടുതലാണ്.

ഉദാഹരണത്തിന്, അരുണാചല്‍ പ്രദേശില്‍ ഈ മണ്‍സൂണ്‍ സീസണില്‍ 484 മില്ലിമീറ്റര്‍ മഴ ലഭിച്ചു, ഇത് സാധാരണയേക്കാള്‍ 28% കുറവാണ്.

വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് (western disturbance) എന്ന കാലാവസ്ഥാ പ്രതിഭാസമാണു ഉത്തരേന്ത്യയിലെ കനത്ത മഴയ്ക്ക് കാരണം.

ഉത്തരേന്ത്യയുടെ കാലാവസ്ഥയില്‍ ഇവയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. ഒരു കൊടുങ്കാറ്റോ, ന്യൂനമര്‍ദമോ ഒക്കെയാണ് വെസ്‌റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് എ്ന്നു ചുരുക്കിപ്പറയാം.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇത് ദക്ഷിണേന്ത്യയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഴ പുനരംരംഭിക്കാന്‍ കാരണമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.