image

8 Sept 2023 10:48 AM IST

Latest News

പുതുപ്പള്ളിയില്‍ പുതുചരിത്രം; ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്ന് ചാണ്ടി ഉമ്മന്‍

MyFin Desk

puthupally by election | chandy oommen
X

Summary

2011-ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മന്‍ മറികടന്നത്


പുതുപ്പള്ളിയിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ബഹുദൂരം മുന്നില്‍.

ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 37000-ത്തോളം വോട്ടിന്റെ ലീഡാണു ചാണ്ടി ഉമ്മന്‍ നേടിയത്. 2011-ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മന്‍ മറികടന്നത്.

ബസേലിയസ് കോളേജിലാണു വോട്ടെണ്ണല്‍. ആകെ 2456 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന്‍ 1000 വോട്ടിന്റെ ലീഡ് നേടിയിരുന്നു.

പുതുപ്പള്ളി ഉള്‍പ്പെടെ ഇന്ത്യയില്‍ ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് സെപ്റ്റംബര്‍ 5-ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍.

പുതുപ്പള്ളിക്കൊപ്പം ജാര്‍ഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍, ഉത്തര്‍പ്രദേശിലെ ഖോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍, ബംഗാളിലെ ധൂപ്ഗുരി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലാണു ഉപതെരഞ്ഞെടുപ്പ് നടന്നത്.

ധൂപ്ഗുരി (പശ്ചിമബംഗാള്‍), പുതുപ്പള്ളി (കേരളം), ഭാഗേശ്വര്‍ (ഉത്തരാഖണ്ഡ്), ധുമ്രി (ജാര്‍ഖണ്ഡ്), ബോക്‌സാനഗര്‍ (ത്രിപുര) എന്നിവിടങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്നാണു വോട്ടെടുപ്പ് നടന്നത്.

ഖോസി (ഉത്തര്‍പ്രദേശ്), ധന്‍പൂര്‍ (ത്രിപുര) മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഖോസി മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ ദാരാ സിംഗായിരുന്നു എംഎല്‍എ. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഖോസിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സുധാകര്‍ സിംഗ് ബിജെപി സ്ഥാനാര്‍ഥി ദാരാ സിംഗ് ചൗഹാനു മേല്‍ 1,372 വോട്ടിന്റെ ലീഡ് നേടിയതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നേറുന്നതായും റിപ്പോര്‍ട്ടുണ്ട്. ത്രിപുരയിലെ ബോക്‌സാനഗറില്‍ തഫ്ജല്‍ ഹൊസൈന്‍ (ബിജെപി), ഉത്തരാഖണ്ഡിലെ ഭാഗേശ്വറില്‍ പാര്‍വതി ദാസ് (ബിജെപി), ജാര്‍ഖണ്ഡിലെ ധുമ്രിയില്‍ യശോദ ദേവി (എജെഎസ്‌യു), പശ്ചിമ ബംഗാളിലെ ധൂപ്ഗുരിയില്‍ ബിന്ദു ദേബ്‌നാഥ് (ബിജെപി) എന്നിവര്‍ ലീഡ് ചെയ്യുന്നു.

ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്കെതിരെ മത്സരിക്കുന്ന ഐ.എന്‍.ഡി.ഐ.എ എന്നറിയപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിന് ഈ ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്, പ്രത്യേകിച്ചും ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകളുടെയും 2024-ല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും വെളിച്ചത്തില്‍.